തിരുവല്ല: രണ്ടു മുറി വീട്ടിൽ രണ്ടു ഫാനും രണ്ട് എൽഇഡി ബൾബും പ്രവർത്തിപ്പിച്ചതിന് കെഎസ്ഇബി 17044 രൂപയുടെ ബിൽ നൽകുകയും ഇരട്ട മീറ്റർ ഡമ്മി പരീക്ഷണം നടത്തി കുഴപ്പം വീട്ടുകാരുടേതാണെന്ന് സ്ഥാപിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ തലയിൽ ഒടുവിൽ വെളിച്ചം വന്നു. കുഴപ്പം ആരുടേതാണെന്ന് പറയുന്നില്ലെങ്കിലും ലൈന്മാന്മാർ എത്തി സാധുകുടുംബത്തിന്റെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കൊടുത്തു. 17044 രൂപയുടെ ബിൽ പിൻവലിച്ചു. പകരം 186 രൂപയുടെ പുതിയ ബിൽ നൽകുകയും ചെയ്തു.ഇത് സെക്ഷൻ ഓഫീസിൽ എത്തി അടയ്ക്കാമെന്ന് വീട്ടുകാരൻ അറിയിച്ചെങ്കിലും വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ വരുമ്പോൾ നൽകിയാൽ മതിയെന്നൊരു സൗമനസ്യവും കാട്ടി. പക്ഷേ, എന്താണ് ശരിക്കും സംഭവിച്ചതെന്ന് പറയാൻ കെഎസ്ഇബി അധികൃതർ തയാറല്ല.

പെരിങ്ങര പഞ്ചായത്ത് 12-ാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ കെഎസ്ഇബി മണിപ്പുഴ സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിച്ച് നൽകിയത്. പ്രതിമാസം 500 രൂപയിൽ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് 17044 രൂപയുടെ ബില്ല് മൊബൈൽ മുഖേന ലഭിക്കുന്നത്. ഇതേ തുടർന്ന് വിജയൻ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ പരാതി നൽകി. അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നൽകാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

വീട് പരിശോധിച്ച ഇലക്ട്രീഷ്യൻ വയറിങ് തകരാറുകൾ ഇല്ലെന്ന് അറിയിച്ചു. തുടർന്ന് മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയൻ വീണ്ടും കെഎസ്ഇബി ഓഫീസിൽ എത്തി. രണ്ട് ദിവസങ്ങൾക്കകം കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി നിലവിലുള്ളതിന് പുറമേ മറ്റൊരു മീറ്റർ കൂടി സ്ഥാപിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ രണ്ട് ലൈന്മാന്മാർ എത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്.

ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളും 80 വയസോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവും വീട്ടിൽ ഉണ്ടെന്നും തന്റേതല്ലാത്ത കാരണത്താൽ ലഭിച്ച അമിത ബില്ലിന്റെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കരുതെന്നും ഉദ്യോഗസ്ഥരോട് വിജയൻ അപേക്ഷിച്ചിരുന്നു. എന്നാൽ ഇത് ചെവി ക്കൊള്ളാതെ ലൈൻ മാൻ കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. ഇതാണ് പുനഃസ്ഥാപിച്ചത്. വിജയന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ സംബന്ധിച്ച മഹസർ റിപ്പോർട്ട് തയാറാക്കി വൈദ്യുതി വകുപ്പിന് നൽകി അമിതമായി വന്ന ബിൽ തുക ക്യാൻസൽ ആക്കി നൽകുന്നതിന് ഉള്ള നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.

വയറിങ്ങിലും മീറ്ററിലും തകരാർ കാണാത്ത സ്ഥിതിക്ക് മീറ്റർ റീഡിങ്ങിൽ വന്ന പിഴവാകാം ഉയർന്ന ബിൽ തുക വരാൻ കാരണം. ഇത് കണ്ടു പിടിച്ച് തിരുത്തിയാണ് ബിൽ തുക കുറവ് ചെയ്തത് എന്നാണ് സൂചന.