- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്‌ഐഡിസി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ അന്വേഷണം തടയാൻ വേണ്ടി ഖജനാവിൽ നിന്നും ചെലവാക്കിയത് ലക്ഷങ്ങൾ. എക്‌സാലോജിക് - സിഎംആർഎൽ സാമ്പത്തിക ഇടപാടിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരെ 3 തവണ കോടതിയിൽ ഹാജരായതിനു കെഎസ്‌ഐഡിസി നൽകിയ വക്കീൽ ഫീസ് 82.5 ലക്ഷം രൂപയാണെന്നാണ് പുറത്തുവരുന്ന വിവരം.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോൾ, കോടതിയിൽ കേസു നടക്കുന്നുവെന്ന കാരണം പറഞ്ഞ് പല തവണ നിഷേധിച്ച വിവരമാണ്, അപ്പീൽ അപേക്ഷയിൽ കെഎസ്‌ഐഡിസി പുറത്തുവിട്ടത്. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥനാണു കേസിൽ കെഎസ്‌ഐഡിസിക്കു വേണ്ടി ഹാജരായത്. കേസിൽ കെഎസ്‌ഐഡിസിക്ക് അനുകൂലമായ കോടതിയുത്തരവുണ്ടായില്ല. ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപയാണ് വൈദ്യനാഥന്റെ ഫീസ്.
ഇത്രയും വലിയ തുക ചെലവാക്കിയതിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) തലപ്പത്ത് ഉദ്യോഗസ്ഥ തലത്തിലും ഭിന്നതയുണ്ടായിരുന്നു. ലക്ഷങ്ങൾ മുടക്കിയിട്ടും സ്‌റ്റേ ലഭിക്കാതിരുന്നതും വിമർശന വിധേയമായി. തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോർപ്പറേറ്റ് ഓഫീസിൽ എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ തിരക്കിട്ട് സമീപിച്ചത്.
നിരവധി സ്ഥാപനങ്ങളിൽ കെഎസ്‌ഐഡിസിക്ക് ഓഹരി നിക്ഷേപമുണ്ടെന്നും രേഖകൾ കൃത്യമാണെന്നും രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടിൽ നടക്കുന്ന അന്വേഷണത്തിൽ കെഎസ്‌ഐഡിസി ഇത്രയും തുക കോടതി ചെലവിനായി നൽകേണ്ടിയിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിമർശനം ഉന്നയിക്കുന്നത്. ഇതിൽ നിന്നും മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും പ്രത്യേക താൽപ്പര്യം തെളിയുന്നതായും വ്യക്തമായിരുന്നു.
എസ്എഫ്‌ഐഒ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലായിരുന്നു കെഎസ്‌ഐഡിസി. എന്നാൽ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട വിവാദമായതിനാൽ സർക്കാർ ഇടപെട്ടാണ് അന്വേഷണം സ്റ്റേ ചെയ്യുന്നതിനായി തിടുക്കത്തിൽ സുപ്രീംകോടതി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. സ്റ്റേ ആവശ്യം അംഗീകരിക്കാത്ത കോടതി, കെഎസ്‌ഐഡിസിക്ക് എന്തെങ്കിലും ഒളിക്കാനുണ്ടോ ഹൈക്കോടതി ചോദിക്കുകയും ചെയതിരുന്നു.
സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മാറ്റാൻ ശ്രമിക്കുന്ന പ്രഫഷനൽ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് ഇതു നാണക്കേടായെന്നാണ് സ്ഥാപനത്തിലെ സംസാരം. രേഖകൾ ആവശ്യപ്പെട്ട് എസ്എഫ്‌ഐഒയുടെ മെയിൽ ലഭിച്ച ഉടനെ കെഎസ്‌ഐഡിസി ഉദ്യോഗസ്ഥർ വ്യവസായ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിനെ വിവരം അറിയിച്ചു. ഉന്നത നിർദ്ദേശത്തെ തുടർന്നാണ് സുപ്രീംകോടതി അഭിഭാഷകനെ നിയോഗിക്കാൻ തീരുമാനിച്ചത്.
കെഎസ്‌ഐഡിസി വിവിധ കമ്പനികൾക്ക് ലോൺ നൽകുന്നുണ്ട്. കമ്പനികളുടെ ഓഹരികളിൽ നിക്ഷേപവും നടത്തുന്നുണ്ട്. ഓഹരി നിക്ഷേപത്തിലൂടെ വരുമാനവുമുണ്ട്. തൊണ്ണൂറുകളിലാണ് സിഎംആർഎലിൽ കെഎസ്‌ഐഡിസി നിക്ഷേപം നടത്തിയത്. സിഎംആർഎൽ ഡയറക്ടർ ബോർഡിൽ കെഎസ്‌ഐഡിസി പ്രതിനിധിയുണ്ട്. നിക്ഷേപമുള്ള മറ്റ് നിരവധി കമ്പനികളിലും കെഎസ്‌ഐഡിസിക്ക് ഡയറക്ടർമാരുണ്ട്. ലോൺ, നിക്ഷേപ രേഖകൾ കൃത്യമാണെന്നും ധൃതിപിടിച്ച് സുപ്രീംകോടതി അഭിഭാഷകനെ നിയോഗിച്ച് സ്ഥാപനത്തിന്റെ സൽപേര് കളയേണ്ടിയില്ലെന്നുമാണ് ഉയർന്ന വിമർശനം.