തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ പരിഹാരം തേടി വകുപ്പു മന്ത്രിയും യൂണിയൻ നേതാക്കളും വീണ്ടും മുഖ്യമന്ത്രിക്ക് മുന്നിലേക്ക്. തിങ്കളാഴ്ച ഗതാഗത മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടി. സെപ്റ്റംബർ ഒന്നിന് മുമ്പ് രണ്ടുമാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് ചൊല്ലി ചർച്ച ചെയ്യാനാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്.

ശമ്പള വിതരണത്തിനായി 103 കോടി അനുവദിക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ സർക്കാർ നടപടിയെടുക്കാനും സാധ്യതയുണ്ട്. യൂണിയൻ നേതാക്കളുമായും മുഖ്യമന്ത്രി അതേദിവസം നേരിട്ട് ചർച്ച നടത്തിയേക്കും. അതേ സമയം, കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. നിയമ വശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇതിനായി സർക്കാർ അഞ്ച് ദിവസത്തിനകം 103 കോടി രൂപ നൽകണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിക്കും സർക്കാരിനും വലിയ ആശയക്കുഴപ്പമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കിയത്.

ഒരു മാസം ശമ്പളം നൽകാൻ മാത്രം വേണ്ടത് 80 കോടി രൂപയാണെന്നിരിക്കെ രണ്ട് മാസത്തെ ശമ്പളവും ബത്തയും നൽകാൻ പണം എങ്ങിനെ കണ്ടെത്തും എന്നുള്ളതാണ് പ്രശ്‌നം. ഡ്യൂട്ടി പരിഷ്‌കരണത്തിലും ട്രാൻസ്ഫർ പ്രൊട്ടക്ഷനിലും സർക്കാരിന് വഴങ്ങിയാൽ 250 കോടി രൂപയുടെ ഒരു പക്കേജ് ചർച്ചകളിലുണ്ട്. അങ്ങിനെ നൽകാൻ ഉദ്ദേശിക്കുന്ന പണത്തിലെ ആദ്യ ഗഡു സർക്കാരിൽ നിന്ന് വാങ്ങിയെടുക്കാനാണ് ആലോചന. എന്നാൽ യൂണിയനുകൾ ഡ്യൂട്ടി പരിഷ്‌കാരത്തിന് വഴങ്ങിയിട്ടില്ല.

ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നൽകുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. ഇതിനായി മുൻകൈ എടുക്കേണ്ടത് കെഎസ്ആർടിസി മാനേജ്‌മെന്റാണെന്നാണ് സർക്കാർ നിലപാട്. ഏതായാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിയമ സാധ്യതകൾ മനസ്സിലാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.

ദിവസവും 20 ലക്ഷം സാധാരണക്കാർ യാത്ര ചെയ്യുന്ന യാത്രാസംവിധാനമാണ്. വർഷങ്ങളുടെ നഷ്ടക്കണക്കുകളും പരാധീനതയും പറഞ്ഞ് നിരങ്ങിയും മുടന്തിയും ആ കെഎസ്ആർടിസി ഇങ്ങനെ കഷ്ടപ്പെടുമ്പോൾ നഷ്ടത്തിന്റെ കഥ പറഞ്ഞ് സർക്കാർ കെഎസ്ആർടിസിയെ കുറ്റപ്പെടുത്തുകയാണ് പതിവ്.

6000 ബസുണ്ടായിരുന്ന കെഎസ്ആർടിസി ഇപ്പോൾ 3200 - 3500 സർവീസിൽ ഒതുങ്ങി. ഗ്രാമങ്ങളിൽ നിന്ന് മെല്ലെ പിൻവാങ്ങുന്നു. പൊതുഗതാഗതത്തിൽ കൃത്യതയില്ലാതെ വരുമ്പോഴാണ് വായ്പയെടുത്തും ഒരു ബൈക്കു വാങ്ങി സഞ്ചരിക്കാം എന്ന് ജനം കരുതുന്നത്. നാട്ടിൽ വാഹനം പെരുകുന്നു, അന്തരീഷ മലിനീകരണത്തിന്റെ കാര്യവുമൊക്കെ കണക്കു പറഞ്ഞ് സർക്കാരിന് പരാതി പറയാൻ അതുമൊരു കാരണമാകും. എന്നാൽ യഥാർഥ കാരണത്തിലേക്ക് സർക്കാരുകൾ കടക്കുന്നില്ല.

പൊതുഗതാഗത സംവിധാനം സർക്കാർ നടത്തുന്നത് രാജ്യത്ത് എങ്ങും ലാഭത്തിലല്ല. ഭരിക്കുന്നവരെ കുറ്റപ്പെടുത്താൻ തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും പൊതുഗതാഗത സംവിധാനം മെച്ചമാണെന്ന് മേനി പറയാമെന്നു മാത്രം. പക്ഷേ അവിടെയുമൊക്കെ സർക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടാണ് പൊതുഗതാഗതം പ്രവർത്തിക്കുന്നത്.

തമിഴ്‌നാട്ടിൽ ഡീസൽ സബ്‌സിഡിക്ക് മാസം 100 കോടിയോളം തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷനു നൽകുന്നുണ്ടെന്നാണ് കണക്കുകൾ. 21,000 ബസുകളും തമിഴ്‌നാട്ടിൽ പൊതുഗതാഗതത്തിൽ സർക്കാർ സർവീസിനയ്ക്കുന്നു. കേരളത്തിൽ 6000 ബസുകൾ 6 വർഷം കൊണ്ട് 3200 ബസിലെത്തി. 25,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് 7000ത്തിലെത്തി. കൃത്യസമയം പാലിച്ച് നല്ല ബസുകൾ കിട്ടിയാൽ കെഎസ്ആർടിസിയിലേക്ക് മടങ്ങിവരാൻ ഈ യാത്രക്കാർ ഒരുക്കമാണ്.

അതേ സമയം കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുത്ത് ജീവനക്കാർക്ക് തൊഴിലും സാധാരണക്കാർക്ക് യാത്ര സൗകര്യവും ഉറപ്പുവരുത്തണമെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ പൊതുയാത്ര സംവിധാനമാണ് കെഎസ്ആർടിസി. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ജനകീയ പ്രസ്ഥാനം വലിയ പ്രതിസന്ധി നേരിടുകയാണെന്നും സിപിഐ പറഞ്ഞു.

ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ നൂറുകണക്കിന് പേർക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ടിക്കറ്റ് ഇതിര വരുമാനം ഉൾപ്പെടെ 250 കോടിയോളം രൂപ വരുമാനം ഉണ്ടെങ്കിലും ജീവനക്കാർക്ക് ശമ്പളം കിട്ടാത്ത സ്ഥിതിയും വിരമിച്ചവർക്ക് പെൻഷൻ കിട്ടാത്ത സാഹചര്യവും നിലനിൽക്കുന്നു. ഈ പ്രതിസന്ധിക്ക് കാരണം മാനേജ്മെന്റിന്റെ നിരുത്തരവാദത്വ സമീപനമാണെന്ന് ജീവനക്കാരിൽ ഭൂരിപക്ഷവും കരുതുന്നു.

കോവിഡിന് മുൻപ് 42000 ജീവനക്കാരെ വച്ച് 5500 ഷെഡ്യൂൾ വരെ ഓപ്പറേറ്റ് ചെയ്തിരുന്നു. 35 ലക്ഷത്തോളം ജനങ്ങൾ ഈ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ 3000 സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത് ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. അവർക്ക് ജോലി തിരികെ കിട്ടും എന്നു ഒരു ഉറപ്പും നിലവിലില്ലെന്നും സിപിഐ പറഞ്ഞു.

അതിടിനെ കെഎസ്ആർടിസി പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. സഹകരണ കൺസോർഷ്യത്തിന്റെ കാലാവധി നീട്ടിയാണ് പ്രതിസന്ധി പരിഹരിച്ചത്. ജൂൺ 30 ന് അവസാനിച്ച കരാർ അടുത്ത വർഷം ജൂൺ വരെ പുതുക്കി ഒപ്പിടാത്തതിനാൽ രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പലിശയെച്ചൊല്ലിയുള്ള തർക്കമായിരുന്നു കരാർ വൈകാൻ കാരണം. സഹകരണ കൺസോഷ്യത്തിന് നൽകുന്ന പലിശ 8% ആക്കി കുറച്ചു. സഹകരണ സംഘങ്ങൾ വഴി തിങ്കളാഴ്ച മുതൽ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സഹകരണ മന്ത്രി വിഎൻ വാസവൻ അറിയിച്ചു.