- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂകാംബികയിലേക്കുള്ള സർവ്വീസ് ഒരിക്കൽ പോയത് ഗോവയ്ക്ക്; കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുള്ള കൊല്ലൂരിൽ നിന്നുള്ള ബസിലെ ഡീസൽ കാസർകോടെത്തിയപ്പോൾ തീർന്നു; യാത്രക്കാരുടെ വിശ്വാസം നേടേണ്ടവർ ചെയ്യുന്നതെല്ലാം തലതിരിഞ്ഞ കാര്യങ്ങൾ; കെ എസ് ആർ ടി സിയുടെ ഗതികേടിന് മറ്റൊരു കഥ കൂടി
കാസർകോട്: യാത്രക്കാരുടെ വിശ്വാസം നേടി എടുത്താലേ കെ എസ് ആർ ടി സിക്ക് മുമ്പോട്ട് പോകാൻ കഴിയൂ. സ്വിഫ്റ്റ് ബസ് വന്ന ശേഷം കൊല്ലൂരിലേക്ക് പോകേണ്ട ബസ് വഴിമാറി ഗോവ റൂട്ടിലേക്ക് കടന്നത് വിവാദമായിരുന്നു. ഇപ്പോൾ കെഎസ്ആർടിസി തിരുവനന്തപുരം-കൊല്ലൂർ സർവീസ് ഡീസൽ കിട്ടാതെ കുടുങ്ങിയ വാർത്തയും വരുന്നു. എങ്ങനേയും കെ എസ് ആർ ടി സിയെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് ഇതിന് കാരണം.
ഇന്നലെ പുലർച്ചെയാണു ബസ് കാസർകോടെത്തിയത്. 2 മണിക്കൂറോളം ബസ് നിർത്തിയിടേണ്ടി വന്നു. സ്വകാര്യ പമ്പിൽ നിന്ന് ഡീസൽ അടിക്കാൻ അനുവാദമുണ്ടെങ്കിലും സീറ്റുകൾ മിക്കവയും മുൻകൂർ ബുക്കിങ് ചെയ്യുന്നതിനാൽ കണ്ടക്ടറുടെ കൈവശം പണമുണ്ടായിരുന്നില്ല. ജീവനക്കാരുടെ കയ്യിൽ ആവശ്യത്തിനു പണം നൽകാത്തതാണ് പ്രശ്‌നത്തിനു കാരണമെന്ന് വിമർശനമുണ്ട്.
പുലർച്ചെ 3.15ന് കാസർകോട് എത്തേണ്ട ബസ് ഇന്നലെ 5.30നാണെത്തിയത്. മുൻപ് കാസർകോട് ഡിപ്പോയിൽ നിന്നാണു ഡീസലടിച്ചിരുന്നത്. ഡീസൽ പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ പമ്പുകളിലേക്ക് അത് മാറിയിരുന്നു. 2 മണിക്കൂറോളം വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് കെഎസ്ആർടിസി അധികൃതർ ഇടപെട്ട് കാസർകോട് ഡിപ്പോയിൽ നിന്ന് പണം നൽകുകയായിരുന്നു.
രാവിലെ 7.30നാണു ബസ് പിന്നീട് പുറപ്പെട്ടത്.20,000 രൂപയാണു കാസർകോട് ഡിപ്പോയിൽ നിന്നു തിരുവനന്തപുരത്തെ ബസിനു നൽകിയത്. ഡീസൽ ക്ഷാമമുള്ള സാഹചര്യത്തിൽ കണ്ടക്ടറുടെ കയ്യിൽ മതിയായ തുകയുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് മാതൃ ഡിപ്പോയുടെ ചുമതലയാണ്. മുൻപൊരിക്കലും തിരുവനന്തപുരത്തെ കെഎസ്ആർടിസി പണമില്ലാതെ കാസർകോടെത്തിയിരുന്നു. ഇത് സ്ഥിരം സംഭവമാണ്.
ദീർഘദൂര ബസുകളിൽ കെ എസ് ആർ ടി സി സിഎംഡിയായ ബിജു പ്രഭാകർ നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടു വന്നിരുന്നു. ഇതൊന്നും ചിലർക്ക് പിടിച്ചിരുന്നില്ല. ഇതാണ് ഡീസൽ അടിക്കാനുള്ള പണം കണ്ടക്ടർക്ക് കിട്ടാത്തതിന് കാരണം. ഡീസൽ നേരിട്ട് വാങ്ങുമ്പോൾ കെ എസ് ആർ ടി സിക്ക് കൂടുതൽ തുക നൽകണം. അതുകൊണ്ടാണ് പമ്പിൽ നിന്ന് അടിക്കുന്നത്. മുമ്പ് ഡിപ്പോകളിൽ ഡീസലുണ്ടായിരുന്നു. അന്ന് കണ്ടക്ടർമാർക്ക് ഇത്തരം പ്രതിസന്ധി വരുമായിരുന്നില്ല.
എന്നാൽ സ്വകാര്യ പമ്പുകളിലേക്ക് ഡീസൽ അടി മാറിയപ്പോൾ അത് പലവിധ പ്രശ്‌നവുമാകുന്നു. ദീർഘദൂര ബസുകളിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർ കുറവാണ്. എല്ലാവരും ടിക്കറ്റ് ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവരാകും. ഇതാണ് കൊല്ലൂർ ബസിലെ ഡീസൽ അടി വൈകാൻ കാരണം.
മറുനാടന് മലയാളി ബ്യൂറോ