- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്ക് സ്‌കൂളിൽ പരീക്ഷാഫീസ് കൊടുക്കേണ്ടേ; ഓണപ്പരിപാടിക്ക് സ്‌കൂളിലേക്ക് കൊടുക്കാൻ പണം വേണ്ടേ; ജീവനക്കാരുടെ വേദന മാറ്റാൻ കെ എസ് ആർ ടി സിയുടെ കൈയിൽ ഒന്നുമില്ല; അമ്പത് കോടി കൊണ്ട് ഒരു മാസ ശമ്പളം പോലും നൽകാനാകില്ല; ആനവണ്ടിക്കാർക്ക് ഓണം ദുരിതകാലം
കൊച്ചി: ''കുട്ടിക്ക് സ്‌കൂളിൽ പരീക്ഷാഫീസ് കൊടുക്കേണ്ടേ. ഓണപ്പരിപാടിക്ക് അവന് സ്‌കൂളിലേക്ക് കൊടുക്കാൻ പണം വേണ്ടേ. എല്ലാറ്റിനും പണം വേണം. പക്ഷേ, ശമ്പളമില്ലാതെ എങ്ങനെ കഴിയും.''കോട്ടയം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഉയർന്ന വേദനയാണ് ഇത്. ''എനിക്ക് ഓണക്കോടി വാങ്ങാൻ അച്ഛന് ശമ്പളം കിട്ടണം'' എന്ന ബോർഡുമായിനിന്ന കുഞ്ഞിന്റെ ദൃശ്യം എല്ലാവരിലും നൊമ്പരമുണ്ടാക്കി. ഈ കുടുംബങ്ങൾക്കൊപ്പം മറ്റുജീവനക്കാരും ഐക്യദാർഢ്യവുമായി അണിനിരന്നു. ഇത്തരം സമരങ്ങൾ ഇനി കേരളമാകെ ഉയരും.
ഓണത്തിന് കാണം വിറ്റ് പോലും ഉണ്ണാനാകാത്ത അവസ്ഥയിലാണ് കെ എസ് ആർ ടി സി. ജീവനക്കാർക്ക് ശമ്പളം നൽകാനായി 50 കോടി രൂപ കെ.എസ്.ആർ.ടി.സി.ക്ക് നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചെങ്കിലും ഇത് ഒന്നിനുമാകില്ല. എന്നാൽ, ഒരു മാസത്തെ ശമ്പളം നൽകാൻപോലും ഈ തുക പര്യാപ്തമല്ലെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. പ്രതിസന്ധിയുടെ ആഴമാണ് ഇത് തെളിയിക്കുന്നത്.
ജീവനക്കാരുടെ ജൂലായ്, ഓഗസ്റ്റ് മാസത്തിലെ ശമ്പളവും ഓണം ബോണസും വിതരണം ചെയ്യാൻ 103 കോടി രൂപ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഇതിനിടെയാണ് അമ്പത് കോടി നൽകാമെന്ന് പറഞ്ഞത്.
കൈവശം 15 കോടിരൂപ മാത്രമാണുള്ളതെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിച്ചു. ഈ തുക ഉപയോഗിച്ച് ജൂലായ്, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നിലൊന്ന് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ബാക്കിത്തുകയുടെ കാര്യത്തിൽ സിവിൽ സപ്ലൈസ് അടക്കമുള്ള പൊതുവിതരണശൃഖലയുടെ കൂപ്പണുകൾ വിതരണം ചെയ്യാനാകുമോ എന്ന സാധ്യതയും കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരുമായി ആലോചിച്ച് തീരുമാനം എടുക്കേണ്ടതുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു.
കൂപ്പൺ വിതരണംചെയ്യുക എന്ന നിർദ്ദേശത്തോട് ചില യൂണിയനുകൾ വിയോജിപ്പറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് ഉത്തരവിനായി മാറ്റി. കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരേ ജീവനക്കാരനായ ആർ ബാജിയടക്കമുള്ളവർ നൽകിയ ഹർജിയിലായിരുന്നു സർക്കാർ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ്.
എന്നാൽ, കെ.എസ്.ആർ.ടി.സി. ജീവനക്കാരും സർക്കാരും തമ്മിൽ തൊഴിലാളി-തൊഴിലുടമ ബന്ധമല്ലെന്നും ജീവനക്കാരെ നിയമിക്കുന്നത് കെ.എസ്.ആർ.ടി.സി.യാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ നൽകിയത് പരിഗണിച്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ