- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ജസ്റ്റിസ് റിപ്പോർട്ട് ആവശ്യപ്പോൾ പട്ടികവർഗ്ഗ അതിക്രമം തടയൽ ചുമത്തി; സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്ന കൈയേറ്റ ബലപ്രയോഗവും വകുപ്പായി; അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ജാമ്യ ഉത്തരവ് കോടതി നൽകാൻ വിസമ്മതിച്ചിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളി; കാട്ടക്കടയിലെ കെ എസ് ആർ റ്റി സി ക്രൂരതയിൽ നീതി വൈകുമ്പോൾ
തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസിൽ സ്റ്റേഷൻ മാസ്റ്ററടക്കം 5 പ്രതികൾ മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻ കൂർ ജാമ്യ ഹർജിയിൽ സെപ്റ്റംബർ 28 ന് സർക്കാർ നിലപാടറിയിക്കാനും കാട്ടാക്കട ഡി വൈ എസ് പി റിപ്പോർട്ട് ഹാജരാക്കാനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണൻ ഉത്തരവിട്ടു. ജാമ്യഹർജിയിൽ വാദം കേട്ട് തീർപ്പു കൽപ്പിക്കുന്നതിനായി ആറാം അഡീ. ജില്ലാ സെഷൻസ് കോടതിക്ക് പ്രിൻസിപ്പൽ ജില്ലാ കോടതി മെയ്ഡ് ഓവർ ചെയ്തു.
സെപ്റ്റംബർ 23 നാണ് പ്രതികൾ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. ഇതു വരെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. അതേ സമയം മുൻകൂർ ജാമ്യ ഹർജിയിൽ പ്രതികളുടെ അറസ്റ്റ് വിലക്കിക്കൊണ്ടുള്ള ഇടക്കാല ജാമ്യ ഉത്തരവ് കോടതി നൽകാത്തതിനാൽ ഏതു നിമിഷവും പൊലീസിന് അറസ്റ്റ് ചെയ്യാമെന്നിരിക്കെ യൂണിയൻ നേതാക്കളായ പ്രതികളുടെ ഉന്നത സ്വാധീനത്താൽ പൊലീസ് അറസ്റ്റ് ചെയ്യാതെ നിഷ്‌ക്രിയത്വം പാലിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ ആദ്യം സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പിട്ടാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ കെ എസ് ആർറ്റിസി കേസ് ചുമതല വഹിക്കുന്ന ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പോൾ പട്ടികവർഗ്ഗ അതിക്രമം തടയൽ , സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്ന കൈയേറ്റ ബലപ്രയോഗം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കോടതിയിൽ പൊലീസ് അഡീ. റിപ്പോർട്ട് ഹാജരാക്കുകയായിരുന്നു.
സിഐടിയു ഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽ കുമാർ, ഐഎൻടിയുസി പ്രവർത്തകനും അസിസ്റ്റന്റ് സി.പിയുമായ മിലൻ ഡോറിച്ച് , മെക്കാനിക്ക് എസ്. അജികുമാർ എന്നീ 5 പ്രതികളാണ് മുൻകൂർ ജാമ്യം തേടിയത്. തങ്ങൾ നിരപരാധികളും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്തതുമാണ്. കോടതി നിഷ്‌ക്കർശിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാൻ തയ്യാറാണ്. അറസ്റ്റും റിമാന്റും തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. അതിനാൽ പൊലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം കൊടുക്കണമെന്നാണ് ഹർജിയിൽ പ്രതികളുടെ ആവശ്യം.
ജാമ്യമില്ലാ വകുപ്പ് ആയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 , പട്ടികവർഗ്ഗ ഗിരിജന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് തെരച്ചിൽ നടക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. മാധ്യമങ്ങളുടെയും ജനശ്രദ്ധയും തിരിച്ചു വിടാൻ പൊലീസ് ഒത്താശയോടെയാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതെന്നും ആരോപണമുണ്ട്.
അതേസമയം 4 പ്രതികളെ ആദ്യം സസ്‌പെന്റ് ചെയ്‌തെങ്കിലും ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജികുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടില്ല. ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി വിജിലൻസ് സംഘം അജികുമാറിന തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ നടപടി ഇല്ലാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി കെഎസ്ആർടിസി വിജിലൻസ് സംഘം വീട്ടിൽ ചെന്ന് മർദ്ദനമേറ്റ പ്രേമനന്റെയും മകളുടെയും ഒപ്പമുണ്ടായിരുന്ന മകളുടെ കൂട്ടുകാരിയുടെയും മൊഴി രേഖപ്പെടുത്തി. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്‌മെന്റിന്റെ ആലോചന.
സംഭവം ഹൈക്കോടതി പരിഗണിച്ചതോടെയാണ് കേസ് ഫയലിന് അനക്കം വെച്ചത്. മർദ്ദനത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടിക്ക് കൈമാറിയിട്ടുണ്ട്. . കാട്ടക്കട സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നാണ് എംഡിയുടെ റിപ്പോർട്ടിൽ പറയുന്നത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ:
മകൾ രേഷ്മയ്ക്കും മകളുടെ കൂട്ടുകാരിക്കുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജീവനക്കാർ ചേർന്ന് പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഇടിമുറിയായ ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മർദ്ദിച്ചത്.
അച്ഛനെ വെറുതേ വിടണമെന്ന് രേഷ്മയും സംഭവസ്ഥലത്തുണ്ടായിരുന്നവരും കരഞ്ഞപേക്ഷിച്ചിട്ടും കേൾക്കാതെയായിരുന്നു അതിക്രമം. തടയാനെത്തിയപ്പോൾ രേഷ്മയെ തള്ളിമാറ്റി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നൽകിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനനെ തടങ്കലിൽ നിന്ന് ജീവനക്കാർ മോചിപ്പിച്ചത്. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന് പരിക്കേറ്റു. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പരീക്ഷയെഴുതാൻ പോയ മകൾക്ക് സംഭവത്തിന്റെ മാനസിക വേദനയിൽ പരീക്ഷ നല്ലവണ്ണം എഴുതാൻ സാധിക്കാതെ പിതാവിനെ കാണാൻ ആശുപത്രിയിലെത്തുകയായിരുന്നു.
സംഭവത്തിൽ 4 ജീവനക്കാരായ സിഐടിയുഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ,സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽ കുമാർ, ഐഎൻടിയുസി പ്രവർത്തകനും അസിസ്റ്റന്റ് സി.പിയുമായ മിലൻ ഡോറിച്ച് എന്നിവരെ അന്വേഷണവിധേയരായി സസ്‌പെൻഡ് ചെയ്തു. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിർദ്ദേശം.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്