- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സി ശ്രമിച്ചത് സ്വിഫ്റ്റ് ബസുകളുടെ ഇലക്ട്രോണിക് കൺട്രോൾ യൂണിൽ മാറ്റംവരുത്തി ചീറിപ്പായാൻ; സൂപ്പർക്ലാസ് ബസുകൾക്കെല്ലാം സമയം നിശ്ചയിച്ച് നൽകിയിട്ടുള്ളതു പ്രകാരം പറക്കുകയേ മാർഗമുള്ളൂ എന്നത് വസ്തുത; ഇത് ട്രെയിനുകളെ തോൽപ്പിച്ച് വരുമാനം കൂട്ടാനുള്ള നീക്കം; ഇനി ആനവണ്ടിക്കും പതിയെ പോകേണ്ടി വരും; വിവാദം പുതിയ തലങ്ങളിലേക്ക്
തിരുവനന്തപുരം: കേരളത്തിൽ കെ എസ് ആർ ടി സി ബസുകൾക്ക് ചീറിപായാനാകില്ല. അതിവേഗതയിൽ ഓടുന്ന കെ എസ് ആർ ടി സി ബസുകൾക്കും പിടിവീഴും. നിയമം അതേ പടി നടപ്പായാൽ കേരളത്തിലെ റോഡപകടവും കുറയും. ബസുകളുടെ മരണപ്പാച്ചിൽ വിവാദമാകുമ്പോൾ കെഎസ്ആർടിസി ബസുകൾക്ക് 110 കിലോമീറ്റർ വരെ വേഗത്തിൽ ചീറിപ്പായാനുള്ള പ്രത്യേക അനുമതി റദ്ദാക്കി കഴിഞ്ഞു. സ്വിഫ്റ്റിന്റെ ദീർഘദൂര ബസുകൾക്കാണ് 110 കിലോമീറ്റർ വേഗത്തിന് അനുമതി നൽകിയത്. ഇത് ഏറെ വിവാദമായിരുന്നു.
സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി നാലുവരി പാതകളിൽ 70 കിലോമീറ്ററും സംസ്ഥാന, ദേശീയ പാതകളിൽ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ വേഗതയിൽ മാത്രമേ ബസുകൾ ഇനി സഞ്ചരിക്കൂ. വരുമാന വർദ്ധനവിനാണ് സ്വിഫ്റ്റ് ബസുകൾക്ക് വേഗ കൂടുതലിന് അനുമതി നൽകിയത്. പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്ത് നിന്നു ട്രെയിൻ സർവീസിന് സമാന്തരമായി കൊച്ചിയിലേക്ക് സ്വിഫ്റ്റ് നടത്തുന്ന സർവീസുകളും അതിവേഗമാണ് നീങ്ങുന്നത്. യാത്രക്കാരെ ആകർഷിക്കാൻ വേണ്ടിയാണ് ഇത്. സൂപ്പർക്ലാസ് ബസുകൾക്കെല്ലാം സമയം നിശ്ചയിച്ച് നൽകിയിട്ടുള്ളതു പ്രകാരം പറക്കുകയേ മാർഗമുള്ളൂ എന്നാണ് ഡ്രൈവർമാരുടേയും അവസ്ഥ. നിയമം പാലിക്കണമെങ്കിൽ കെ എസ് ആർ ടി സിയുടെ അതിവേഗ സർവ്വീസുകളുടെ ഷെഡ്യൂൾ തന്നെ മാറ്റേണ്ടി വരും.
കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി ഇപ്പോൾ 110 കിലോമീറ്റർ ആണ്. ഇത് നിയമങ്ങൾക്ക് എതിരായതിനാൽ തീരുമാനം പുനഃപരിശോധിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എന്നാൽ സ്വിഫ്റ്റിന്റെ വോൾവോ ബസുകൾക്ക് കേരളത്തിനു പുറത്ത് 110 കിലോമീറ്റർ വേഗം ആവശ്യമെങ്കിൽ പരിഗണിക്കാമെന്നാണ് നിർദേശമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് വിശദീകരിച്ചു. അപ്പോഴും കേരളത്തിൽ ഇനി അതിവേഗതയിൽ ഓടിക്കാൻ ഡ്രൈവർമാരെ കെ എസ് ആർ ടി സി നിർബന്ധിക്കില്ല.
ബസുകളുടെ പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്ററായി സർക്കാർ നിശ്ചയിച്ചിരിക്കെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകളുടെ വേഗം 110 കി.മീ. ആയി ഉയർത്തിയത് വലിയ വിവാദമായിരുന്നു. ഗതാഗതസെക്രട്ടറികൂടിയായ കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകറിന്റെ അധ്യക്ഷതയിൽ ജൂലായ് 12-നുനടന്ന യോഗത്തിലാണ് നിയമവിരുദ്ധ തീരുമാനമെടുത്തത്. ബസുകളുടെ ഇലക്ട്രോണിക് കൺട്രോൾ യൂണിൽ (ഇ.സി.എം.) മാറ്റംവരുത്തി വേഗം കൂട്ടാനായിരുന്നു തീരുമാനം.
പരമാവധി വേഗം മണിക്കൂറിൽ 70 കി.മീ. ആയി നിശ്ചയിച്ചാണ് വാഹനക്കമ്പനികൾ ബസുകൾ നൽകിയത്. ഉയർത്തണമെങ്കിൽ നിയമാനുസൃതം കത്തുനൽകേണ്ടിയിരുന്നു. ഇതേത്തുടർന്നാണ് സ്വിഫ്റ്റ് ഭരണസമിതി തീരുമാനമെടുത്തത്. അന്തഃസംസ്ഥാന പാതകളിൽ ഓടുന്ന ബസുകളുടെ വേഗംകൂട്ടാനായിരുന്നു തീരുമാനം. സംസ്ഥാനത്തിന് പുറത്തുള്ള എക്സ്പ്രസ് ഹൈവേകളിൽ 100 കി.മീ.നുമുകളിൽ വേഗം അനുവദിച്ചിട്ടുണ്ട്. സ്വകാര്യബസുകാരും ഈ ആവശ്യം ഉന്നയിച്ചാണ് വേഗംകൂട്ടുന്നത്.
സംസ്ഥാനത്തെ റോഡുകളിൽ അനുവദനീയമായ ഏറ്റവും ഉയർന്ന വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. നാലുവരിപ്പാതകളിൽ കാറുകൾക്കും പൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലൈറ്റ് മോട്ടർ വാഹനങ്ങൾക്കും (എൽഎംവി) മാത്രമാണ് ഏറ്റവും ഉയർന്ന വേഗത്തിൽ സഞ്ചരിക്കാൻ നിയമപരമായി അനുമതിയുള്ളത്. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടം നടന്ന പാലക്കാട് വടക്കഞ്ചേരിയിൽ ആവശ്യത്തിനു വീതിയില്ലെങ്കിലും സാങ്കേതികമായി റോഡ് നാലുവരിപ്പാതയാണ്.
അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന് അവിടെ മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗമേ പാടുള്ളൂ. ബസ് സഞ്ചരിച്ചതാകട്ടെ, മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിൽ. ഇതാണ് അപകടത്തിന് പ്രധാന കാരണം. 2014 ൽ ആണ് സംസ്ഥാനത്തെ വിവിധ റോഡുകളിൽ വാഹനങ്ങൾക്കുള്ള വേഗപരിധി നിശ്ചയിച്ച് അവസാനമായി സർക്കാർ ഉത്തരവിറങ്ങിയത്.സ്‌കൂൾ പരിസരങ്ങളിൽ എല്ലാ വാഹനങ്ങൾക്കും 30 കിലോമീറ്ററോ അതിൽ താഴെയോ ആണ് വേഗപരിധി.
അതിനിടെ റോഡ് സുരക്ഷ സംബന്ധിച്ചു കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അപകട മരണങ്ങളുടെ എണ്ണം 13.7% കുറഞ്ഞെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത് ഹൈക്കോടതിയിൽ വിശദീകരിച്ചു. അമിത വേഗത്തിന്റെ പേരിൽ 96 ഡ്രൈവർമാർക്കെതിരെ വെള്ളിയാഴ്ച തന്നെ നടപടിയെടുത്തു. കേരളത്തിൽ പരമാവധി വേഗം 70 കിലോമീറ്ററാണെങ്കിലും തമിഴ്‌നാട്ടിൽ 100 കിലോമീറ്ററാണ്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകുന്നു. 1.67 കോടി വാഹനങ്ങളാണ് കേരളത്തിലുള്ളത്. എന്നാൽ, മോട്ടർ വാഹന ഉദ്യോഗസ്ഥരുടെ എണ്ണം 368 മാത്രമാണ്.
നിയമനടപടികൾ സ്വീകരിച്ചിട്ടും എന്തുകൊണ്ടാണു ഡ്രൈവർമാരുടെ കൂസലില്ലായ്മ തുടരുന്നതെന്നു കോടതി ചോദിച്ചു. പരമാവധി 5000 രൂപ പിഴ ഈടാക്കാനും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും മാത്രമാണ് അധികാരമെന്നു കമ്മിഷണർ അറിയിച്ചു. സ്‌കൂളുകളിൽ റോഡ് ട്രാഫിക് സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും ബോധവൽക്കരണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതി സർക്കാരിന്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും അറിയിച്ചു.
റോഡ് സുരക്ഷാ കമ്മിഷണർ കൂടിയായ ട്രാൻസ്‌പോർട്ട് കമ്മിഷണർ ബന്ധപ്പെട്ട വകുപ്പുകൾ നേരിടുന്ന പ്രശ്‌നങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, ഒഴികഴിവു കൊണ്ട് റോഡുകളിലെ മരണങ്ങൾ നീതികരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. നിയമലംഘനങ്ങൾക്കെതിരെ ദിനംപ്രതി വൻതോതിൽ നടപടിയെടുക്കുന്നുണ്ടെന്നു കമ്മിഷണർ അറിയിച്ചെങ്കിലും അടിത്തട്ടിൽ പ്രകടമായ നടപടികൾ ഉണ്ടാകുന്നില്ലെന്നു കോടതി വിലയിരുത്തി. പ്രത്യാഘാതങ്ങൾ നിസ്സാരമാണെന്നു മനസ്സിലാക്കി കുറ്റം ചെയ്തവർ വീണ്ടും അതു തന്നെ ചെയ്യുകയാണ്.
ഓവർ ടേക്കിങ്ങിൽ ഉൾപ്പെടെ ബസുകൾ കൊച്ചിയിൽ നടത്തുന്ന നിയമലംഘനങ്ങൾ കോടതി ചൂണ്ടിക്കാട്ടി. പൊലീസുകാരുടെ കൺമുന്നിലാണ് ഇതു സംഭവിക്കുന്നത്. നഗരത്തിൽ ബസുകളുടെ മത്സരമാണ് കാണുന്നത്. ഇത് നിയന്ത്രിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. തൃശൂർകുന്നംകുളം, പാലക്കാട്-ഷൊർണൂർ റോഡുകളിലെ മരണപ്പാച്ചിൽ സംബന്ധിച്ചും കോടതി പരാമർശിച്ചു. നിയമലംഘനങ്ങൾ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കാൻ സംസ്ഥാനത്താകെ ഒറ്റ ടോൾ ഫ്രീ നമ്പറും ഓൺലൈൻ ആപ്പും ആരംഭിക്കുന്ന കാര്യം കമ്മിഷണർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ബസുകളുടെ ഉടമസ്ഥർ പൊലീസുകാരും മറ്റുമാണെന്ന അടക്കം പറച്ചിൽ എല്ലായിടത്തുമുണ്ടെന്നു പറഞ്ഞ ഹൈക്കോടതി, ഉടമസ്ഥരെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസ് സംവിധാനമില്ലേയെന്നു ചോദിച്ചു. കൊച്ചിയിൽ ബസുകളുണ്ടാക്കുന്ന അപകടങ്ങളും നിയമലംഘനങ്ങളും ചൂണ്ടിക്കാണിച്ച അഭിഭാഷകൻ പൊലീസുകാർ നടപടിയെടുക്കാത്തതു പരാമർശിച്ചപ്പോഴാണ് ഇക്കാര്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലാണു പല ബസുകളെന്നും ഇവയ്‌ക്കെതിരെ നടപടിയെടുക്കുന്നത് എങ്ങനെയെന്നു പൊലീസുകാർ തന്നെ പറയുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ