തിരുവനന്തപുരം: പ്രൈവറ്റ് ബസുകളെ പോലെ ആകാൻ കെ എസ് ആർ ടി സിയും. ഇനി വിദ്യാർത്ഥികൾക്ക് കെ എസ് ആർ ടി സി ബസിലും പ്രവേശന നിയന്ത്രണമുണ്ടാകും. വിദ്യാർത്ഥി യാത്രക്കൂലി ഇളവ് അനിയന്ത്രിതമായി വർധിച്ചതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി. നിയന്ത്രണമേർപ്പെടുത്തുന്നു. വരുമാനം കുറയുന്നത് കണക്കിലെടുത്ത് ഒരു ബസിന് പരമാവധി 25 വിദ്യാർത്ഥികൾ എന്ന കണക്കിലേ ഇളവനുവദിക്കുകയുള്ളൂ. നിലവിലെ സാമ്പത്തികസ്ഥിതിയിൽ ഇതിൽക്കൂടുതൽ സൗജന്യം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോർപ്പറേഷൻ.

കണ്ണൂരിൽ കഴിഞ്ഞ ദിവസം മഴയത്തു പോലും വിദ്യാർത്ഥികളെ പ്രൈവറ്റ് ബസിൽ കയറ്റാത്തത് വലിയ ചർച്ചയായിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികളെ വാഹനം ഇടിച്ചു കൊല്ലാനും ആഹ്വാനം ചെയ്തു. ഇതെല്ലാം കേരളത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സ്ഥിര ഏർപ്പാടാണ്. നികുതിയും ഡീസൽ വില കൂടുന്നതും കാരണം വിദ്യാർത്ഥികളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാർ പലപ്പോഴും ചർച്ചയായി. ഇവിടെ വിദ്യാർത്ഥികൾക്ക് ആശ്വാസമായത് കെ എസ് ആർ ടി സിയാണ്. അവരും ഇപ്പോൾ സ്വകാര്യ ബസുകളെ പോലെ ചന്തിക്കുന്നു. വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് അഞ്ചൽ-കൊട്ടിയം റൂട്ടിൽ യാത്രാസൗജന്യം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറങ്ങി.

പുതിയ രീതിയിലാണ് കെ എസ് ആർ ടി സിയിലെ തീരുമാനം. എല്ലാ കുട്ടികൾക്കും കൺസെഷൻ ടിക്കറ്റ് അനുവദിക്കില്ല. ആകെയുള്ള ബസുകളും സീറ്റുകളും എണ്ണി തിട്ടപ്പെടുത്തി. അതിന്റെ 25 ശതമാനം കുട്ടികൾക്ക് മാത്രം കൺസെഷൻ നൽകും. ഓരോ റൂട്ടിലുമുള്ള ബസുകൾ കണക്കിലെടുത്താകും യാത്ര ഇളവിനുള്ള കാർഡുകൾ അനുവദിക്കുക. ആദ്യം അപേക്ഷിക്കുന്നവർക്കാകും മുൻഗണന. കാർഡ് വിതരണത്തിൽമാത്രമാണ് നിയന്ത്രണമുള്ളത്. ബസിൽ 25-ലധികം വിദ്യാർത്ഥികളെ കയറാനനുവദിക്കും. നിയന്ത്രണം നടപ്പാകുമ്പോൾ കെ.എസ്.ആർ.ടി.സി. ബസുകൾ കുറവുള്ള റൂട്ടുകളിൽ അർഹരായ വിദ്യാർത്ഥികളിൽ കുറേപേർക്ക് യാത്രാസൗജന്യം കിട്ടാതെ വരും.

സ്വകാര്യബസുകൾകൂടിയുള്ളതിനാൽ ഇവർക്ക് യാത്രാസൗകര്യം കുറയില്ലെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്. പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി.യിൽ യാത്ര സൗജന്യമാണ്. സ്വകാര്യബസുകളിൽ നിശ്ചിതതുക നൽകേണ്ടതുണ്ട്. പ്ലസ് ടുവരെയുള്ള കുട്ടികൾക്ക് സൗജന്യം നൽകുന്നത് സർക്കാർ തീരുമാന പ്രകാരമാണ്. ഇതെല്ലാം പരിഗണിച്ചാണ് കോടികളുടെ സഹായം എല്ലാ മാസവും സർക്കാർ കെഎസ് ആർടിസിക്ക് നൽകുന്നത്. ഇതിനൊപ്പം സ്വകാര്യ ബസുകളെ പോലെ നികുതിയും അടയ്‌ക്കേണ്ട. പൊതു ഗതാഗതത്തിലെ ഇളവുകൾ കണക്കിലെടുത്താണ് നികുതി ഇളവ് ഉൾപ്പെടെ നൽകുന്നത്.

സ്വകാര്യബസുകളുമായി മത്സരിച്ചോടുന്ന റൂട്ടുകളിൽ, യാത്ര പൂർണമായും സൗജന്യമായ കെ.എസ്.ആർ.ടി.സി. ബസുകളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു. വിദ്യാർത്ഥികളെ കെ.എസ്.ആർ.ടി.സി. ബസുകളിൽ പോകാൻ സ്വകാര്യബസുകാർ പ്രേരിപ്പിക്കുകയും ചെയ്തു. ഇതുകാരണം മറ്റുയാത്രക്കാർ സ്വകാര്യബസുകളിലേക്ക് മാറി. ചില ട്രിപ്പുകളിൽ വരുമാനം പൂർണമായും ഇല്ലാത്ത അവസ്ഥയാണ്. ഇങ്ങനെ നഷ്ടം കടുത്തസാഹചര്യത്തിലാണ് പകുതിസീറ്റുകൾമാത്രം വിദ്യാർത്ഥികൾക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. ആർ.ടി.സി. നിയമപ്രകാരം യാത്രാസൗജന്യങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം മാനേജ്മെന്റിനുമുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അവകാശപ്പെടുന്നു.

നിലവിൽ സർക്കാർനിർദ്ദേശപ്രകാരമാണ് സൗജന്യം അനുവദിച്ചിട്ടുള്ളത്. ഇത് പുനഃപരിശോധിക്കണമെന്ന് പലതവണ കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ടിട്ടുണ്ട്. നിർധനകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുമാത്രമായി സൗജന്യം നിയന്ത്രിക്കണമെന്ന നിർദ്ദേശമാണ് ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഉമ്മൻ ചാണ്ടിസർക്കാരിന്റെ അവസാനകാലത്താണ് പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. കാർഡിനുള്ള തുകമാത്രമാണ് വാങ്ങുന്നത്. അഞ്ചരലക്ഷം കൺസെഷൻ കാർഡുകൾ നൽകിയിട്ടുണ്ട്.