മലപ്പുറം : പഴയ ബസുകൾ പൊളിച്ചുനീക്കുന്നതിനു പകരം സ്ലീപ്പർ ബസുകളാക്കി സംസ്ഥാനത്തൊട്ടാകെ 6500 കിടക്കകളുള്ള താമസസൗകര്യമൊരുക്കാൻ കെഎസ്ആർടിസി. ഡിപ്പോയിൽ തന്നെ നിർത്തിയിട്ട് പ്രത്യേകം സജ്ജീകരിച്ച ബസുകളിലാണ് താമസസൗകര്യമൊരുക്കുക.കുറഞ്ഞ ചെലവിൽ താമസിക്കാമെന്നതാണു പ്രത്യേകത. പ്രാഥമികാവശ്യങ്ങൾക്കായി ഡിപ്പോയിൽ തന്നെ ശുചിമുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുമുണ്ട്.

നിലവിൽ പഴയ ബസുകൾ പൊളിച്ചുവിറ്റാൽ 75,000 മുതൽ 1.50 ലക്ഷം വരെ രൂപയാണു ലഭിക്കുന്നത്.ഇതിനു പകരം മൂന്നോ നാലോ ലക്ഷം രൂപ മുടക്കി ഇവ സ്ലീപ്പർ ബസുകളാക്കി മാറ്റിയാൽ 6 മാസം കൊണ്ട് മുടക്കുമുതൽ തിരിച്ചുലഭിക്കുമെന്നതാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ. ഇന്ധനമോ മറ്റു വലിയ ചെലവുകളോ ഇല്ലാത്തതിനാൽ വരുമാനവും കൂടും.

ചാലക്കുടി, കൽപറ്റ, മാനന്തവാടി, നിലമ്പൂർ തുടങ്ങിയ യൂണിറ്റുകളിൽ ഇത്തരം ബസുകളുടെ സാധ്യത പരിശോധിച്ചിട്ടുണ്ട്. സ്ലീപ്പർ ബസുകൾ ഒരുക്കാനുള്ള ചെലവ് സംസ്ഥാന ലത്തിൽ വഹിക്കും. മേൽനോട്ടവും നടത്തിപ്പും അതത് ഡിപ്പോകളുടെ ചുമതലയാണ്. വരുമാനവും ഡിപ്പോകളുടെ കണക്കിൽവരും.

മൂന്നാർ, ബത്തേരി എന്നിവിടങ്ങളിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കുന്നത്. നിലവിൽ മൂന്നാറിലും ബത്തേരിയിലുമായി 200 കിടക്കകളുള്ള ബസുകൾ മാത്രമാണുള്ളത്.കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം രണ്ടാം വർഷത്തിലേക്കു കടക്കുമ്പോൾ പ്രധാന പദ്ധതികളിലൊന്നു കൂടിയാണിത്.

കെഎസ്ആർടിസിയുമായി സഹകരിക്കാൻ തയാറുള്ള ഹോട്ടലുകളുടെ സംസ്ഥാനതലത്തിലുള്ള ശൃംഖല രൂപീകരിക്കുന്നതാണ് രണ്ടാം വർഷത്തിലെ മറ്റൊരു പദ്ധതി. ഭക്ഷണവും താമസവും അടക്കമുള്ളവ പ്രത്യേകം പരിഗണിക്കുന്നുണ്ട്.ഉല്ലാസയാത്രകൾക്കു മാത്രമല്ല, സാധാരണ യാത്രക്കാർക്കും പ്രയോജനപ്പെടുത്താനാണു പദ്ധതി. ഇതിനു പുറമേ സഹകരിക്കാൻ താൽപര്യമുള്ള ഹൗസ് ബോട്ടുകളെ ഉൾപ്പെടുത്തി 'കെഎസ്ആർടിസി ക്രൂയിസ് ലൈൻ' എന്ന പദ്ധതിയിലൂടെ ജലയാത്ര വിപുലമാക്കാനും പദ്ധതിയുണ്ട്.

കോട്ടയത്തെ കുമരകത്ത് ഇതിന്റെ പരീക്ഷണ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ നവംബർ ഒന്നിനാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന് ഒരു വർഷം തികയുന്നത്. കഴിഞ്ഞ മാസം വരെ 2600 ട്രിപ്പുകളിലായി 1.20 ലക്ഷം യാത്രക്കാരാണ് ഇതു പ്രയോജനപ്പെടുത്തിയത്. 8.5 കോടി രൂപയാണ് വരുമാനം. 10 കോടിയായിരുന്നു ടാർഗെറ്റ് എങ്കിലും വലിയ വിജയമായി പദ്ധതി മാറി.