- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റിതരവരുമാനം വർധിപ്പിക്കുന്നതിന് 'യാത്രാ ഫ്യൂവൽസ്' പമ്പുകളുടെ എണ്ണം 40 ആക്കും; ഡിപ്പോകൾക്കുള്ളിലുള്ള പമ്പുകൾ പൊതുജനങ്ങൾക്കു കൂടി സൗകര്യപ്രദമാകും വിധം പുറത്തേക്കു മാറ്റും; റവന്യൂ വകുപ്പിന്റെ ഇടപെടലും അനുകൂലം; കെ എസ് ആർ ടി സി സംസ്ഥാനത്തെ ഏറ്റവും വലിയ പമ്പ് ശൃംഖലയാകും
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോൾ-ഡീസൽ പമ്പ് ശൃംഖലയുടെ ഉടമയാകും. കെ എസ് ആർ ടി സി നേരിട്ടു നടത്തുന്ന 'യാത്രാ ഫ്യൂവൽസ്' പമ്പുകളുടെ എണ്ണം 12-ൽനിന്ന് 40 ആക്കും. പൊതു ജനങ്ങൾക്കും പെട്രോളും ഡീസലും അടിക്കാൻ അവസരമൊരുക്കും. ഇതിലൂടെ വരുമാനം ഉണ്ടാക്കാനാണ് നീക്കം. ടിക്കറ്റിതരവരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പമ്പുകൾ തുടങ്ങുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 69-ഉം എച്ച്.പി.യുടെ നാലും ബി.പി.സി.എലിന്റെ ഒരു പമ്പുമാണ് കെ.എസ്.ആർ.ടി.സി.ക്കുള്ളത്. തിരുവനന്തപുരം സിറ്റി, കിളിമാനൂർ, ചടയമംഗലം, ചേർത്തല, മൂന്നാർ, ചാലക്കുടി, മൂവാറ്റുപുഴ, കോഴിക്കോട്, ഗുരുവായൂർ, തൃശ്ശൂർ, പറവൂർ, മാവേലിക്കര എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് ഇന്ധനംനൽകുന്ന 'യാത്രാ ഫ്യൂവൽസ്' ആരംഭിച്ചിട്ടുള്ളത്. 28 സ്ഥലങ്ങളിലെ പമ്പുകൾകൂടി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
ഡിപ്പോകൾക്കുള്ളിലുള്ള പമ്പുകൾ പൊതുജനങ്ങൾക്കുകൂടി സൗകര്യപ്രദമാകും വിധം പുറത്തേക്കുമാറ്റും. ഭൂവുടമസ്ഥാവകാശ രേഖകൾ ഇല്ലാത്തതിന്റെപേരിൽ റവന്യൂവകുപ്പ് ഉന്നയിച്ച തർക്കം സർക്കാർ ഇടപെട്ട് പിൻവലിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവൻ വെച്ചത്. പമ്പുകൾ പുറത്തേക്കുമാറ്റാൻ ശ്രമിച്ചപ്പോഴാണ് റവന്യൂവകുപ്പിന്റെ സമ്മതം ആവശ്യമായി വന്നത്. കളക്ടറുടെ നിരാക്ഷേപപത്രം ഉണ്ടെങ്കിലേ അനുമതി ലഭിക്കുകയുള്ളൂ. നിലവിൽ പല ഡിപ്പോകളും പമ്പുകളും പ്രവർത്തിക്കുന്ന ഭൂമിയുടെ കൈവശാവകാശം മാത്രമാണ് കോർപ്പറേഷനുള്ളത്. സർക്കാർ പാട്ടഭൂമിയും പുറമ്പോക്കുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചെങ്കിലും പമ്പ് നടത്തിപ്പ് കെ.എസ്.ആർ.ടി.സി.യുടെ കൈവശം നിലനിർത്തണമെന്നതടക്കമുള്ള വ്യവസ്ഥകൾ റവന്യൂവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കെ എസ് ആർ ടി സിക്ക് മാത്രമേ പമ്പ് നടത്താനാകൂ. പുറത്താർക്കും നടത്തിപ്പുകാരായി വരാൻ കഴിയില്ല. ഇതും ഫലത്തിൽ രാഷ്ട്രീയ അട്ടിമറികളിലൂടെ മറ്റുള്ളവർക്ക് പമ്പ് കിട്ടുന്നതിനെ തടയും.
വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽവില കൂട്ടിയതിനാൽ ഇവിടെനിന്നാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി. ബസുകളും ഇന്ധനം നിറയ്ക്കുന്നത്. അധികമുള്ള ജീവനക്കാരെയാണ് ഇവിടങ്ങളിൽ നിയോഗിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ