- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ നൽകിയ 50 കോടി രൂപ വ്യാഴാഴ്ച രാത്രി അക്കൗണ്ടിലെത്തി; 35 കോടി രൂപ ഓവർഡ്രാഫ്റ്റും എടുത്തു; പെൻഷൻ നൽകിയ സഹകരണബാങ്കുകൾക്ക് 71 കോടി രൂപയും സർക്കാർ നൽകി; കടത്തിൽ നീങ്ങുന്ന കെ എസ് ആർ ടി സിയെ മുടിക്കാൻ വരുമാന ചോർച്ചയും; ടിക്കറ്റില്ലാ യാത്രക്കാർ പുതിയ വില്ലന്മാർ; ആനവണ്ടി കിതയ്ക്കുമ്പോൾ
തിരുവനന്തപുരം: ശമ്പളം കൊടുക്കാൻ വകയില്ലാത്ത കെ.എസ്.ആർ.ടി.സി.യിൽ ക്രമക്കേടുകൾക്ക് കുറവില്ല. ഇതു കാരണം മാസം 25 ലക്ഷം രൂപയുടെ വരുമാനച്ചോർച്ച ഉണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ. ടിക്കറ്റ് പരിശോധന കാര്യക്ഷമമല്ലാത്തതും സ്പെയർപാർട്സുകൾ പ്രാദേശികമായി വാങ്ങുന്നതുമാണ് നഷ്ടത്തിനിടയാക്കുന്നത്. ഇതിന് ഉടൻ പരിഹാരം കണ്ടെത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ.എസ്.ആർ.ടി.സി.യിൽ ശമ്പളവിതരണം തുടങ്ങിയിട്ടുണ്ട്. സർക്കാർ നൽകിയ 50 കോടി രൂപ വ്യാഴാഴ്ച രാത്രിയാണ് അക്കൗണ്ടിലെത്തിയത്. ഇതിനുപുറമേ 35 കോടി രൂപ ഓവർഡ്രാഫ്റ്റും എടുത്തിട്ടുണ്ട്. പെൻഷൻ നൽകിയ സഹകരണബാങ്കുകൾക്ക് 71 കോടി രൂപയും സർക്കാർ നൽകി. സഹകരണബാങ്കുകളുടെ കൺസോർഷ്യമാണ് പെൻഷൻ നൽകുന്നത്.
സർക്കാർ സഹായധനം വൈകിയതാണ് ശമ്പളവിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കിയതെന്ന് മാനേജ്മെന്റ് വിശദീകരിച്ചു. വരുമാനം ഉണ്ടായിട്ടും മാനേജ്മെന്റ് ശമ്പളവിതരണം വൈകിപ്പിച്ചെന്ന് തൊഴിലാളി സംഘടനകളും ആരോപിച്ചു. മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായുള്ള ധാരണപ്രകാരം എല്ലാമാസവും അഞ്ചിന് ശമ്പളം നൽകണം. ഇതാണ് അട്ടിമറിക്കപ്പെടുന്നത്. ഇതിനിടെയാണ് വരുമാന നഷ്ടവും വില്ലനായി എത്തുന്നത്.
തിരക്കുകാരണം ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്. ഇത് തടയാൻ ഫലപ്രദമായ മാർഗ്ഗമില്ല. പരിശോധനകൾ സജീവമാക്കുകയാണ് ഏക വഴി. ഇതിനൊപ്പം കരാർ ജീവനക്കാരുള്ള സ്വിഫ്റ്റിലടക്കം കണ്ടക്ടർമാരിൽ ഒരുവിഭാഗം നടത്തുന്ന ക്രമക്കേടുകളും നഷ്ടം കൂട്ടുന്നുവെന്നാണ് വിലയിരുത്തൽ. 4000 ബസുകളിലായി പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ളത് 200-ൽ താഴെ ഇൻസ്പെക്ടർമാരെയാണ്. 2000 ഓർഡിനറി ബസുകൾക്ക് ഒരു ദിവസം ശരാശരി 8-10 ട്രിപ്പുകളുണ്ടാകും.ട
2000 ലിമിറ്റഡ്, സൂപ്പർക്ലാസ് സർവീസുകൾകൂടി പരിഗണിക്കുമ്പോൾ ദിവസം 28,000-30,000 ട്രിപ്പുകൾ ഓടുന്നുണ്ട്. ഇവയിൽ പരിശോധന നടത്താൻ 150-175 ഇൻസ്പെക്ടർമാരാണുള്ളത്. പത്തു ശതമാനത്തിൽപോലും പരിശോധന നടക്കുന്നില്ല. 825 ഇൻസ്പെക്ടർമാരുണ്ടായിരുന്നത് പുനഃക്രമീകരണത്തിന്റെ ഭാഗമായി 650 ആക്കിയിരുന്നു. വിരമിച്ചവർക്ക് പകരം സ്ഥാനക്കയറ്റം നൽകാതായതോടെ അംഗസംഖ്യ 450 ആയി. ഇതെല്ലാം പരിശോധനയെ ബാധിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇൻസ്‌പെക്ടർമാരുടെ എണ്ണം കുറച്ചത്. ഇത് വരുമാന നഷ്ടമാകുന്നുവെന്നതാണ് വിലയിരുത്തൽ.
ജീവനക്കാർക്കെതിരായ അച്ചടക്കനപടികളിലെ അന്വേഷണം, യാത്രക്കാരുടെ പരാതി പരിഹരിക്കൽ, അപകടങ്ങളിലെ അന്വേഷണം, എന്നിവയെല്ലാം ഇൻസ്പെക്ടർമാരുടെ ചുമതലയാണ്. ശേഷിക്കുന്നവരെയാണ് സ്‌ക്വാഡിൽ നിയോഗിച്ചിട്ടുള്ളത്. കോവിഡ് ലോക്ഡൗണിനുശേഷം സ്‌ക്വാഡുകൾ നിർജീവമാണ്. ഇതോടെ ആർക്കും കെ എസ് ആർ ടി സിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യാമെന്ന അവസ്ഥയുണ്ടായി.
ഒരു ബസിൽനിന്നുള്ള ശരാശരി വരുമാനം 18,000 രൂപയാണ്. കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടാതെ യാത്രചെയ്യുന്നവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. പൊതുവേ നേട്ടമുണ്ടാക്കാറുള്ള ശബരിമല സർവീസുകളിലും കെ.എസ്.ആർ.ടി.സി.ക്ക് കൈപൊള്ളിയിരുന്നു. മണ്ഡലപൂജദിവസം തിരക്കുകാരണം പമ്പ-നിലയ്ക്കൽ റൂട്ടിൽ 30 ബസുകളിൽ ടിക്കറ്റെടുക്കാതെ യാത്രക്കാരെ കയറ്റിവിടേണ്ടിവന്നു.
കരാർ ജീവനക്കാരുള്ള സ്വിഫ്റ്റിൽ രണ്ടുദിവസം നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ക്രമക്കേടുകാട്ടിയ 31 പേരാണ് പിടിയിലായത്. ഇൻസ്പെക്ടർമാരില്ലാത്തതിനാൽ പിന്നീട് പരിശോധന ശക്തമാക്കാനുമായിട്ടില്ല. ഇവിടേയും ക്രമക്കേട് നടക്കുന്നുവെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ