തിരുവനന്തപുരം: കെ എസ് ആർ ടി സി അടിമുടി മാറും. തിരുവനന്തപുരം മണ്ണന്തല- തിരുമല പാതയിൽ കെ.എസ്.ആർ.ടി.സി.യുടെ ചെറുബസുകൾ ഫീഡർസർവീസായി ഓടുന്നതുണ്ട്. ഇവയിൽ യാത്രചെയ്യാൻ ട്രാവൽ കാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതി സംസ്ഥാനവ്യാപകമാക്കും. ഇതിനൊപ്പം ചെറുറോഡുകളിൽനിന്ന് പ്രധാന പാതകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഓട്ടോറിക്ഷകളും കെ എസ് ആർ ടി സി ഓടിക്കും.

ആവശ്യമെങ്കിൽ ഇതിന് വേണ്ടി മിനിവാനുകൾവരെ (സമാന്തരവാഹനങ്ങൾ) വിന്യസിക്കും. ഇവയ്ക്ക് പെർമിറ്റ് നൽകും. പ്രധാന റോഡുകളിലൂടെ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസുകൾക്ക് യാത്രക്കാരെ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയുമാണ് ലക്ഷ്യം. ബസുകൾ കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഇടറോഡുകളിൽ യോജ്യമായ വാഹനങ്ങൾക്കാണ് അനുമതി. ഇതിലൂടെ കെ എസ് ആർ ടി സിയിൽ കൂടുതൽ യാത്രക്കാരെ എത്തിക്കുകയാണ് ലക്ഷ്യം. വൈവിധ്യ വൽകരണത്തിലൂടെ ലാഭമുണ്ടാക്കാനും ശ്രമിക്കും. കോവിഡ് ലോക്ഡൗണിനുശേഷം പ്രതിസന്ധി നേരിടുന്ന ടാക്‌സിമേഖലയ്ക്ക് ഇത് ആശ്വാസമാവും.

ഓട്ടോറിക്ഷകൾമുതൽ 18 സീറ്റുവരെയുള്ള വാഹനങ്ങൾക്ക് അംഗീകാരം ലഭിക്കും. കെ.എസ്.ആർ.ടി.സി.ക്ക് കുത്തകയുള്ള ദേശസാത്കൃത റൂട്ടുകളിലേക്കുള്ള ചെറുപാതകളിൽ അംഗീകൃത സമാന്തരവാഹനങ്ങളുണ്ടാകും. ഇതിനായി പ്രത്യേക വിജ്ഞാപനം ഇറക്കും. നിലവിൽ പ്രധാന പാതകളിൽ അനധികൃതമായി ഓടുന്ന സമാന്തരവാഹനങ്ങൾക്ക് ചെറുറോഡുകളിൽ അവസരം നൽകും. മത്സരം ഒഴിവാക്കാൻ പെർമിറ്റ് വ്യവസ്ഥയുണ്ടാകും.

യാത്രയുടെ ആരംഭംമുതൽ അവസാനംവരെ പൊതുഗതാഗതസംവിധാനത്തെ ഏകോപിപ്പിക്കാനാണ് കെ എസ് ആർ ടി സിയുടെ നീക്കം. ഗതാഗത വകുപ്പിന്റെ പിന്തുണയോടെയാണ് എല്ലാം നടപ്പാക്കുന്നത്. വീട്ടുപടിക്കൽനിന്നും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ചെറുവാഹനങ്ങൾ ലഭിക്കും. ഭാവിയിൽ ഒറ്റടിക്കറ്റിൽ ഒന്നിലധികം യാത്രാസംവിധാനങ്ങൾ ഉപയോഗിക്കാനുമാകും. ഇതോടെ പൊതു ഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ പേരെത്തും.

പൊതുഗതാഗതസംവിധാനത്തിന്റെ ഭാഗമാകുന്ന ചെറുവാഹനങ്ങളെയും കെ.എസ്.ആർ.ടി.സി.യുടെ കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവരും. ഉദാഹരണത്തിന് കെ.എസ്.ആർ.ടി.സി.യുടെ ഓൺലൈനിൽ ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് വീടിന് തൊട്ടടുത്തുനിന്നുള്ള പൊതുഗതാഗതസംവിധാനം (ചെറുവാഹനങ്ങൾ) ഉപയോഗിക്കാനാകുന്ന സ്ഥിതി വരും. ഇതിലൂടെ അമിത യാത്രാക്കൂലിയും ഒഴിവാക്കാനാകും.