- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ജീവനക്കാർക്കും യാത്രക്കാർക്കും ഇനി ആശ്വാസം! ശൗചാലയങ്ങൾ ഭിന്നശേഷി -സ്ത്രീസൗഹൃദമാക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി; പദ്ധതി മാർച്ച് 30 നുള്ളിൽ പൂർത്തിയാകും; ശൗചാലയങ്ങളുടെ മേൽനോട്ടത്തിനായി നിരീക്ഷണ സമിതിയും; പദ്ധതി ഒരുങ്ങുക 5 ലക്ഷം രൂപ ചെലവിൽ
തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ വനിതാ ജീവനക്കാരും യാത്രക്കാരുമുൾപ്പടെയുള്ളവരുടെ ദീർഘനാളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ ശൗചാലയങ്ങൾ ഭിന്നശേഷി-സ്ത്രീസൗഹൃദമാക്കാൻ നടപടി.പദ്ധതി മാർച്ച് 30-നുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന് പുറമെ ദീർഘദൂര ബസുകളിലെ ജീവനക്കാർക്ക് ശീതീകരിച്ച വിശ്രമകേന്ദ്രവുമൊരുക്കും. നിലവിലുള്ള ശൗചാലയങ്ങളുടെ മേൽനോട്ടത്തിനായി യൂണിറ്റ് ഓഫീസർ ചെയർമാനായി നിരീക്ഷണസമിതി ഉണ്ടാക്കി. സമിതിക്ക് അഞ്ചുലക്ഷം രൂപവരെ ചെലവിടാം.
സാനിറ്ററിപാഡുകൾ നശിപ്പിക്കുന്നതിനുള്ള ഇൻസിനറേറ്ററുകൾ സ്ഥാപിക്കും.എക്സോസ്റ്റ് ഫാനുകൾ, വെള്ളം, വെളിച്ചം എന്നിവയെല്ലാം സമിതി ഉറപ്പുവരുത്തും.ചുമതലയുള്ള ഉദ്യോഗസ്ഥർ വൃത്തിയും സുരക്ഷിതത്വവും ഉറപ്പാക്കും. വനിതാ ജീവനക്കാർക്ക് പ്രത്യേക ശൗചാലയമൊരുക്കും.പരാതികൾ നിശ്ചിതസമയത്തിനുള്ളിൽ പരിഹരിക്കാനും നിർദ്ദേശം നൽകി.
അതേസമയം കെ.എസ്.ആർ.ടി.സി. വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ആവശ്യത്തിന് ഇനി സ്വന്തം കാർ ഉപയോഗിക്കാം. ഔദ്യോഗിക വാഹനങ്ങൾ ഇല്ലാതായതോടെ ബസുകളിലെ പരിശോധന നിലച്ചിരുന്നു.ഇത് ക്രമക്കേടുകൾക്ക് ഇടയാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാനുള്ള അനുമതി. കിലോമീറ്ററിന് എട്ടുരൂപ നിരക്കിൽ യാത്രാബത്ത നൽകും. സാമ്പത്തിക ക്രമക്കേടുകളിൽ ക്രിമിനൽ കേസെടുക്കാനും നിർദ്ദേശംനൽകി.
മറുനാടന് മലയാളി ബ്യൂറോ