തിരുവനന്തപുരം: കെഎസ്ആർടിസിയിൽയിൽ നിർബന്ധിത പിരിച്ചുവിടലോ? ജീവവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി കൊണ്ടു വരികയാണ് മാനേജ്‌മെന്റ്. 50 വയസ്സ് കഴിഞ്ഞവർക്കും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയാറാക്കി. ഈ പട്ടികയിലുള്ളവർക്കെല്ലാം വിരമിക്കേണ്ടി വരും.

പദ്ധതി നടപ്പാക്കാൻ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവിൽ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാൻ ആയിരുന്നു ധനവകുപ്പ് നിർദ്ദേശം. നിലവിൽ 26,000ത്തോളം ജീവനക്കാരാണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കെ.എസ്.ആർ.ടി.യിൽ നിർബന്ധിത വി.ആർ.എസ്. പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാനേജ്മെന്റ്. നടപടികളെടുക്കുമ്പോൾ യൂണിയനുകൾ പ്രതികരിക്കുന്നില്ല.

കെ.എസ്.ആർ.ടി.സി.യിൽ ശമ്പള തുകയും പെൻഷൻ തുകയും നൽകുന്നത് വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യമുണ്ട്. ഈ അവസരത്തിലാണ് നിർബന്ധിത വി.ആർ.എസ്. എന്ന ആശയത്തെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നത്. ഇത്തരത്തിൽ വിരമിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകാനാണ് തീരുമാനം. ഈ ശുപാർശ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ ശമ്പളച്ചെലവ് പകുതിയായി കുറയുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്. 40 കോടി രൂപയോളം ഒരു മാസം ലാഭിക്കാനാകും. എന്നാൽ നടപടിയുമായി ബന്ധപ്പെട്ട് യൂണിയനുകളുടെ നിലപാട് നിർണ്ണായകമാകും.

പതിനഞ്ച് ലക്ഷം രൂപ കിട്ടിയാൽ അത് ജീവനക്കാരെ തൃപ്തിപ്പെടുത്തില്ല. പി എഫും മറ്റ് ആനുകൂല്യവും ഉടൻ കിട്ടുകയുമില്ല. അത് പെൻഷൻ പ്രായമാകുമ്പോൾ നൽകാമെന്നതാണ് കെ എസ് ആർ ടി സിയുടെ നിലപാട്. 1100 കോടി നൽകാനുള്ള പ്രാപ്തി സർക്കാരിനുമില്ല. ഖജനാവ് കാലിയാണ്. എന്നാൽ കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ കടുത്ത നിലപാട് വേണമെന്നതാണ് മാനേജ്‌മെന്റ് നിലപാട്.

സ്ഥിര ജീവനക്കാരെ പിരിച്ചു വിട്ട് ആവശ്യമെങ്കിൽ മാത്രം താൽകാലികക്കാരെ ജോലിക്ക് നിയോഗിക്കും. മിക്ക യൂണിയൻ നേതാക്കളും ഈ പദ്ധതിയുടെ ഭാഗമാകും. അതുകൊണ്ട് തന്നെ സംഘടനാ പ്രവർത്തനവും കുറയും. എന്നാൽ വി ആർ എസിലേക്ക് നിർബന്ധമായി കെ എസ് ആർ ടി സി കടന്നാൽ വിഷയം കോടതിക്ക് മുമ്പിലുമെത്തും. ഇതെല്ലാം മാനേജ്‌മെന്റും തിരിച്ചറിയുന്നുണ്ട്. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിൽ പദ്ധതിക്ക് പ്രശ്‌നമുണ്ടാകില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.

നേരത്തെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെഎസ്ആർടിസി വരുത്തിയ കുടിശിക 6 മാസത്തിനകം തീർക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.251 കോടി രൂപയാണ് 2014 മുതലുള്ള കുടിശിക.ദേശീയ പെൻഷൻ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.. ജീവനക്കാർ നൽകിയ ഹർജിയിൽ ആണ് നിർദ്ദേശം.9000 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക ആണ് വകമാറ്റിയത്.

സാമ്പത്തിക പ്രതിസന്ധി കാരണം ആണ് തുക അടക്കാൻ കഴിയാതിരുന്നത് എന്നായിരുന്നു കെഎസ്ആർടിസിയുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണം കോടതി തള്ളി. ജീവനക്കാരുമായ വിഷയങ്ങളിൽ ശക്തമായ നിലപാടാണ് കുറച്ചു കാലമായി കോടതി എടുക്കുന്നത്.