പത്തനംതിട്ട: കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചറിൽ യാത്ര ചെയ്തിരുന്ന കോളജ് വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. ഇതു ചോദ്യം ചെയ്തപ്പോൾ പരസ്യമായി അപമാനിച്ചുവെന്ന് പെൺകുട്ടി കെഎസ്ആർടിസി കണ്ടക്ടർക്കെതിരേ നൽകിയ പരാതിയിൽ നടപടി എടുക്കാതെ പൊലീസും കെ എസ് ആർടിസി അധികൃതരും. ആനവണ്ടിയായ കെ എസ് ആർ ടി സിക്ക് തന്നെ അപമാനമാണ് ഈ സംഭവം.

പ്രക്കാനം സ്വദേശിനിക്കാണ് കെഎസ്ആർടിസി കണ്ടക്ടറിൽ നിന്ന് അപമാനം നേരിടേണ്ടി വന്നത്. കഴിഞ്ഞ 22 ന് കോട്ടയത്ത് നിന്ന് പുനലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇലന്തൂരിൽ വച്ചാണ് സംഭവം നടന്നത്. ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ നീതിയ്‌ക്കൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിയാണ്. യാത്രക്കാർക്കും മതിയായ പ്രാധാന്യം നൽകുമെന്ന് വിശദീകരിക്കുന്ന ഗതാഗത മന്ത്രി. ആ മന്ത്രിയുടെ ഇടപെടൽ ഈ പെൺകുട്ടിക്ക് നീതി കിട്ടാൻ അനിവാര്യതയാണ്.

കോട്ടയം സി.എം.എസ് കോളജിൽ എം.എസ്.സിക്ക് പഠിക്കുകയാണ് പരാതിക്കാരി. 22 ന് വൈകിട്ടാണ് പെൺകുട്ടി പത്തനംതിട്ട ഡിപ്പോയിലെ ബസിൽ കയറിയത്. കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിക്ക് ഇലന്തൂരിലാണ് ഇറങ്ങേണ്ടിയിരുന്നത്. തൊട്ടുമുൻപുള്ള സ്റ്റോപ്പായ നെല്ലിക്കാലായിൽ എത്തിയപ്പോൾ തന്നെ ഇലന്തൂരിൽ ഇറങ്ങേണ്ടവർ എഴുന്നേറ്റ് ഡോറിന് സമീപത്തേക്ക് നിൽക്കാൻ കണ്ടക്ടർ നിർദ്ദേശിച്ചിരുന്നു. ഇതിൻ പ്രകാരം വിദ്യാർത്ഥിനി മുന്നിലെ ഡോറിന് സമീപത്തേക്ക് മാറി നിന്നു. എന്നാൽ, ഇലന്തൂരിൽ എത്തിയപ്പോൾ ബസ് നിർത്താൻ കണ്ടക്ടർ കൂട്ടാക്കിയില്ല.

ആളിറങ്ങണം എന്ന് പറഞ്ഞപ്പോൾ തൊട്ടടുത്തു തന്നെ നിന്നിരുന്ന കണ്ടക്ടർ തട്ടിക്കയറിയെന്ന് പരാതിയിൽ പറയുന്നു. ഇപ്പോൾ നിർത്താൻ പറ്റില്ലെന്നും എന്താണെന്ന് വച്ചാൽ അങ്ങ് കാണിക്കാനും കണ്ടക്ടർ പറഞ്ഞുവത്രേ. കരഞ്ഞു പറഞ്ഞപ്പോൾ അരക്കിലോമീറ്ററോളം മാറ്റി വണ്ടി നിർത്തിയ ശേഷം ഇറങ്ങിപ്പോകാൻ ആക്രോശിച്ചു. ബസിൽ കയറിയപ്പോൾ മുതൽ മറ്റ് യാത്രക്കാരോടും ഇതേ രീതിയിൽ കണ്ടക്ടർ പെരുമാറുന്നത് കണ്ടുവെന്ന് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു.

പിറ്റേന്ന് തന്നെ യാത്രാടിക്കറ്റ് സഹിതം മന്ത്രിതലത്തിലും കെ.എസ്.ആർ.ടി.സി ഡിപ്പോയിലും പൊലീസിനും പരാതി നൽകി. പരാതി അന്വേഷിക്കാൻ എസ്‌പി ഓഫീസിൽ നിന്ന് വിളിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. കെ.എസ്.ആർ.ടി.സി മന്ത്രിക്കും വിജിലൻസ് വിഭാഗത്തിനുമൊക്കെ പരാതി അയച്ചെങ്കിലും യാതൊരു അന്വേഷണവും നടന്നിട്ടില്ല.