- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മന്ത്രി ഗണേശ് കുമാർ വകുപ്പിൽ നടത്തുന്ന പരിഷ്‌ക്കാരങ്ങൾ വിജയം കാണുന്നു. റൂട്ട് റാഷണലൈസേഷന്റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്. കൊല്ലം ജില്ലയിൽ 1,90,542 രൂപയും പത്തനംതിട്ട ജില്ലയിൽ 1,75,804 രൂപയുമാണ് റൂട്ട് റാഷണലൈസേഷനിലൂടെ ഒരു ദിവസം മാത്രം ലാഭിക്കാൻ കഴിഞ്ഞതെന്ന് കെഎസ്ആർടിസി അറിയിച്ചു.
യാത്രക്കാർ കുറവുള്ള സർവീസുകൾ ഒഴിവാക്കി തിരക്കേറിയ സമയത്ത് കൂടുതൽ സർവീസ് നടത്തിയാണ് റൂട്ട് റാഷണലൈസേഷൻ നടപ്പാക്കിയത്. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒരു ദിവസത്തെ ചെലവിൽ ലാഭിക്കാൻ കഴിഞ്ഞത് 3.66 ലക്ഷം രൂപയാണെന്ന് കെഎസ്ആർടിസി അവകാശപ്പെട്ടു.
ഗണേശ് കുമാർ ഗതാഗത വകുപ്പ് മന്ത്രിയായ ശേഷം തിരുവനന്തപുരം ജില്ലയിലാണ് ആദ്യമായി റൂട്ട് റാഷണലൈസേഷൻ നടപ്പാക്കിയത്. തിരുവനന്തപുരത്തെ 30 ദിവസത്തെ ലാഭം 98,94,930 ആണ്. അതേസമയം കൊല്ലത്തും പത്തനംതിട്ടയും ഒരു ദിവസത്തെ ചെലവിൽ ലാഭിച്ചത് 3,66,347 രൂപയാണ്. 12,796 കിലോമീറ്റർ ആണ് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മാത്രം ഡെഡ് കിലോമീറ്റർ ആയി കണ്ടെത്തിയത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കുന്നതിലൂടെ 3311.45 ലിറ്റർ ഡീസൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ലാഭിക്കാം.
കൂടാതെ ഒരു കിലോമീറ്ററിന് 4 രൂപ സ്‌പെയർപാർട്‌സിനും മെറ്റീരിയലുകൾക്കുമായി അനുബന്ധ ചെലവുകളുമുണ്ട്. അതിലൂടെ 51,182 രൂപ ലാഭിക്കാൻ കഴിയും. പ്രതിദിന ലാഭം 3,66,347 രൂപ എന്നത് ഒരു മാസത്തേക്ക് കണക്കാക്കിയാൽ ആകെ ലാഭം 1,09,90,410 രൂപയാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല എന്നീ നാല് ക്ലസ്റ്ററുകളിലായുള്ള 16 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി ചെയർമാൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും മന്ത്രി ചർച്ച നടത്തിയാണ് രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതെന്ന് കെഎസ്ആർടിസി അറിയിച്ചു. അതേസമയം ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിലും മലയോര, ആദിവാസി, തോട്ടം തൊഴിലാളി, തീരദേശ, കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്യുന്ന ഒരു സർവീസ് പോലും റദ്ദാക്കിയിട്ടില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ പൂർത്തിയാകുന്നതോടെ വലിയ ലാഭമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ.
അതിനിടെ ഒരു വശത്ത് പരിഷ്‌ക്കാരങ്ങൾ വരുത്തുമ്പോഴും ചില പുറംതള്ളൽ വിവാദമാകുന്നു. ആന്റണി രാജു ഗതാഗത മന്ത്രിയായി അധികാരത്തിലിരുന്ന സമയത്ത് നിയമിച്ച ഏഴ് കെഎസ്ആർടിസി ഉദ്യോഗസ്ഥരെ നോട്ടീസുപോലും നൽകാതെ പിരിച്ചുവിട്ടെന്ന് പരാതി. കഴിഞ്ഞ വ്യാഴാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുത്ത ദിവസം മുതൽ ജോലിക്ക് ഹാജരാകേണ്ടെന്ന് നിർദ്ദേശിച്ചിട്ടുള്ള ഇമെയിൽ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജോലിയിൽ നിന്ന് ഒഴിവാക്കുന്നതിന് മുൻപ് നോട്ടിസ് നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടെ മാനേജ്‌മെന്റ് പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മദ്ധ്യനിര മാനേജ്‌മെന്റ് ശക്തമാക്കണമെന്ന പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമിതരായവരെയാണ് സേവനത്തിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്. എച്ച്ആർ മാനേജർ ഷെജു, ഫിനാൻസ് ജനറൽ മാനേജർ ബീനാ ബീഗം, സിവിൽ വിഭാഗത്തിലെ രണ്ട് എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, അക്കൗണ്ട്‌സ് വിഭാഗത്തിലെ മൂന്ന് ട്രെയ്നി ഉദ്യോഗസ്ഥർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
അതേസമയം, ആന്റണി രാജു നടത്തിയ പ്രവർത്തനങ്ങൾക്ക് വിരുദ്ധമായാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന പ്രഖ്യാപനം നടത്തിയതോടെ ഗണേശിനെ സിപിഎം ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു.