കൊല്ലം : കെ.എസ്.ആർ.ടി.സി പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. സ്‌ക്വാഡിന്റെ പരിശോധനയുണ്ടെന്ന് മനസ്സിലാക്കിയ മറ്റ് മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി. ഇതോടെ 13 സർവ്വീസുകൾ പത്തനാപുരത്ത് നിന്നും മുടങ്ങി. ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധനകൾ നടന്നത്.

ഇന്ന് പുലർച്ചെ മുതലാണ് സ്‌ക്വാഡ് ഡ്യൂട്ടിക്കായെത്തിയ ഡ്രൈവർമാരെ പരിശോധിച്ചത്. പരിശോധനയിൽ മദ്യപിച്ചു എന്ന് കണ്ടെത്തിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തോടെയാണ് വിവരമറിഞ്ഞ മറ്റു ഡ്രൈവർമാർ ഡ്യൂട്ടിയിൽ കയറാതിരുന്നത്. ഇതോടെ പല ദീർഘ ഹ്രസ്വ ദൂര സർവ്വീസുകൾ മുടങ്ങി. കസ്റ്റഡിയിലെടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഡ്യൂട്ടിയിലെത്താത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. ഗതാഗതമന്ത്രി കൂടിയായ ഗണേശ് കുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് പരിശോധന നടത്തിയത് എന്നാണ് സൂചന.

നേരത്തെ മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. 2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആർ.ടി.സി വിജിലന്റ്സ് സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിന്റെ ഭാഗമായായിരുന്നു നടപടി. അന്ന്
കെ.എസ്.ആർ.ടി.സിയുടെ 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർ, ഒരു സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരെ മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, 9 ബദൽ കണ്ടക്ടർ, ഒരു കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവകെയാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്.

60 യൂണിറ്റുകളിലായി കെ.എസ്.ആർ.ടി.സി.യിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരും കെ.എസ്.ആർ.ടി.സി.യിലെ ബദൽ ജീവനക്കാരും അടങ്ങുന്ന 26 പേരെ സർവീസിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഡ്യൂട്ടിക്കെത്തുന്നു വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. ഇതിന്റെ ചുവട് പിടിച്ചാണ് പ്രത്യേക പരിശോധന നടത്തിയത്.

ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറുതും വലുതുമായ തെറ്റുകുറ്റങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നു എന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നൽകിയിട്ടുള്ളത്. ഒരു ചെറിയ വിഭാഗം ജീവനക്കാർ ഇപ്പോഴും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് നിരുത്തരവാദപരമായ രീതി അനുവർത്തിച്ചു വരുന്നതായി കാണപ്പെടുന്നു. അത് ഒരുതരത്തിലും അനുവദിച്ചു നൽകുവാനാകില്ല. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ പൂർണ്ണമായും കെ.എസ്.ആർ.ടി.സി.യിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ഇതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രി ഗണേശ് കുമാറിന്റെ മണ്ഡലത്തിലെ ഡിപ്പോയിലും പരിശോധന നടത്തിയത്. നിരവധി പരാതികൾ മന്ത്രിക്ക് കിട്ടിയിരുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധനകൾ.