- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റോഡിലെ 'ഷോയിൽ' കള്ളക്കളികൾ
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പൊലീസ് ക്ലീൻചിറ്റ് നൽകുന്നത് നിയോപദേശത്തിന്റെ അടിസ്ഥാനത്തിൽ. അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയിൽ ഡ്രൈവർ യദുവിനെതിരേ കേസെടുത്തെങ്കിലും മേയർക്കെതിരേ കേസെടുക്കേണ്ടെന്നാണ് പൊലീസ് നിലപാട്.
ആദ്യം കേസ് ഫയൽ ചെയ്തത് മേയറാണെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസെന്നുമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഇത് കളവാണെന്നതിന് പല തെളിവുകൾ പുറത്തു വന്നു. പൊലീസിന് നൽകിയ പരാതിയുടെ ഫോട്ടോ യദു മൊബൈലിൽ എടുത്തിരുന്നു. ഇതെല്ലാം കോടതിയെ അറിയിക്കാനാണ് നീക്കം. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെ.എസ്.ആർ.ടി.സി പരാതി നൽകിയിട്ടില്ല. ഇതോടെ ഈ വിഷയത്തിലും പൊലീസ് കേസെടുത്തിട്ടില്ല.
പൊലീസ് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് യദു പ്രതികരിച്ചു. തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എംഎൽഎ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 15 ഓളം യാത്രക്കാരെ വഴിയിലിറക്കിവിട്ടു. ഒരു സാധാരണക്കാരനായിരുന്നു ബസ് തടഞ്ഞതെങ്കിൽ കേസ് എന്താകുമായിരുന്നുവെന്നും യദു ചോദിച്ചു. അധികാര ദുർവിനിയോഗമാണ് അവർ നടത്തിയതെന്നും യദു വിമർശിച്ചു. മേയറുടെ പാർട്ടിയിൽ ഉൾപ്പെട്ട തന്റെ സുഹൃത്തുക്കൾ വിളിച്ച് സൂക്ഷിക്കണമെന്ന് പറഞ്ഞു. തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല. ഏതെങ്കിലും തരത്തിലുള്ള തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ പൊലീസിനെ വിളിച്ചറിയിക്കുകയല്ലേ ചെയ്യേണ്ടതെന്നും എന്നാൽ ഇവിടെ ഗുണ്ടായിസമാണുണ്ടായതെന്നും യദു പറഞ്ഞു.
മേയർ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമമായിരുന്നുവെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. മേയറുമായുള്ള പ്രശ്നത്തിൽ കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ജീവനക്കാരനായ യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ഇതിനെതിരേ തിങ്കളാഴ്ച ഒരുവിഭാഗം ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തുകുയും ചെയ്യുന്നുണ്ട്. അതിനിടെ ബസിനുള്ളിൽ സിസിടിവിയിലെ ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ പ്രത്യേകം കരുതൽ കെ എസ് ആർ ടി സി എടുത്തിട്ടുണ്ട്.
അതേസമയം, ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിച്ചു. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി മന്ത്രിക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടും കോടതിയുടെ ഇടപെടലും നിർണ്ണായകമാകും.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ പാളയത്തായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. മേയറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാർ റോഡിന് കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്കേറ്റത്തിലാവുകയുമായിരുന്നു. ആര്യാ രാജേന്ദ്രന്റെ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ യും വാഹനത്തിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്ത്രീകളോട് അപമര്യാദയായി പെരുമായിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ ബസ് തടഞ്ഞത്. നടുറോഡിൽ സീബ്രാലൈനിൽ മേയറും സംഘവും സഞ്ചരിച്ച ചുവപ്പ് കാർ ബസ്സിന് കുറുകെ നിർത്തിയായിരുന്നു വാക്കേറ്റം. യാത്രക്കാരെ വഴിയിലിറക്കിയതും ഡ്രൈവർക്കേതിരേയുള്ള ലഹരി ഉപയോഗമടക്കമുള്ള ആരോപണങ്ങൾ നിലനിൽക്കാതേയും വന്നതോടെ ആര്യാരാജേന്ദ്രനും പ്രതിരോധത്തിലായിയിരുന്നു.