കരുനാഗപ്പള്ളി: കെഎസ്ആർടിസിയുടെ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ കാർഡ് വിതരണം ഓൺലൈൻ മുഖേനെ ആക്കിയതോടെ ആകെപ്പാടെ ആശയക്കുഴപ്പം. വളരെ കഷ്ടപ്പെട്ട് ഓൺലൈൻ ഫോമും ഫിൽ ചെയ്ത് അയച്ച് പണവും അടച്ച് കാർഡ് റെഡിയായി എന്ന് അറിയിപ്പും വന്നു. ബന്ധപ്പെട്ട ഡിപ്പോയിൽ ചെന്നപ്പോൾ അധികൃതർ കൈമലർത്തുകയാണെന്ന് അൻസാർ തേവലക്കര ഫേസ്‌ബുക്കിൽ കുറിച്ചു. തനിക്ക് നേരിട്ട അനുഭവം ആക്ഷേപ ഹാസ്യം കലർത്തിയാണ് അദ്ദേഹം എഫ്ബിയിൽ കുറിച്ചിട്ടുള്ളത്.

കെഎസ്ആർടിസി കൺസഷൻ ഒരു അപാരത!

വിദ്യാർത്ഥികൾക്കായുള്ള കെഎസ്ആർടിസി കൺസഷൻ ലളിതമാക്കുന്നതിനായി ഓൺലൈൻ വഴിയുള്ള അപേക്ഷയാണ് ഇത്തവണ കെഎസ്ആർടിസി സ്വീകരിച്ചത്. പണ്ടൊക്കെ വിദ്യാർത്ഥികൾ അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാക്ഷ്യപത്രവും ഫോട്ടോയും പൈസയുമായി കെഎസ്ആർടിസി ഡിപ്പോയിലെത്തി കൺസഷൻ കാർഡ് കൈപ്പറ്റുന്നതായിരുന്നു രീതി

ജനങ്ങളുടെ ഇത്രയും വലിയ ' ബുദ്ധിമുട്ട് ' ഒഴിവാക്കുന്നതിനാണ് ഇത്തവണ കൊട്ടിഘോഷിച്ചുകൊണ്ട് ഓൺലൈൻ വഴി പദ്ധതി നടപ്പിലാക്കിയത്. !

ദോഷം പറയരുതല്ലോ..

നല്ല സൂപ്പർ പദ്ധതിയാണ് കേട്ടോ..

വടക്കുംതല പനയന്നാർകാവ് എസ്വിപിഎംഎച്ച്എസിൽ പഠിക്കുന്ന മോൾക്ക് വേണ്ടി ഇത്തവണത്തെ ഓൺലൈൻ കൺസഷൻ വാങ്ങാൻ ഇറങ്ങിപ്പുറപ്പെട്ട മാതാവിന്റെയും പിതാവിന്റെയും ' ഗഥനകഥ ' ഇവിടെ വിസ്തരിക്കാം..

രംഗം 1

മൊബൈൽ ഫോൺ വഴി കെഎസ്ആർടിസി സൈറ്റിൽ കയറി കുട്ടിയുടെ ക്ലാസ് , സ്‌കൂൾ, റോൾ നമ്പർ, അഡ്രസ്സ് തുടങ്ങിയ വിശദ വിവരങ്ങൾക്ക് പുറമേ കുട്ടിയുടെ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ് തുടങ്ങിയവ സ്‌കാൻ ചെയ്ത് കയറ്റണം. ( കേവലം ഒരു കൺസഷന് വേണ്ടിയായതുകൊണ്ടായിരിക്കാം,ആധാരമോ മുന്നാധാരമോ അടിയാധാരമോ ചോദിച്ചില്ല, ഭാഗ്യം).

ഒരു വിധത്തിൽ ഇതെല്ലാം സ്‌കാൻ ചെയ്ത്, റീസൈസ് ചെയ്ത് അവസാനം ഒരു വിധം അപ്ലൈ ചെയ്തു

മണിക്കൂറുകൾക്ക് ശേഷം ദാ കിടക്കുന്നു കെഎസ്ആർടിസിയുടെ ഇമെയിൽ സന്ദേശം. ഞാൻ റീസൈസ് ചെയ്ത് കയറ്റിയ റേഷൻ കാർഡിന് ക്ലാരിറ്റി ഇല്ലത്രേ..

രംഗം 2

എങ്കിൽ അക്ഷയ വഴി അപേക്ഷിക്കാം എന്ന് കരുതി അവിടെ പോയി മണിക്കൂറുകളോളം വെയിറ്റ് ചെയ്ത ശേഷം അക്ഷയ ചേച്ചിയുടെ കയ്യിൽ കൊടുത്തു.പക്ഷേ ചേച്ചി ഇത് ആദ്യമായി കാണുന്ന ആളാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. മുക്കാൽ മണിക്കൂറോളം കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്ന് ചേച്ചി തത്ത പിത്ത കളിച്ചു.അവസാനം ചൂടായപ്പോൾ പറയുന്നു, ഞാൻ പുതിയതാണ് എനിക്ക് ഇത് ചെയ്യാൻ അറിയില്ലെന്ന്..

തുടർന്ന് ദേഷ്യം കടിച്ചമർത്തി അവിടെ നിന്നും ഇറങ്ങി തേവലക്കരയിലുള്ള അടുത്ത സുഹൃത്തിന്റെ കമ്പ്യൂട്ടർ സെന്ററിൽ ഇമെയിൽ വഴി രേഖകൾ അയച്ചു കൊടുത്തപ്പോൾ അവൻ ( ടമാലലൃ ഗവമി ) ഇതെല്ലാം ചെയ്തു തന്നു

രംഗം 3

കെഎസ്ആർടിസിയിൽ നിന്നും വീണ്ടും ഇമെയിൽ . നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു. മറ്റു നടപടികൾ പെന്റിങ്ങിലാണ്. ഇനി സ്‌കൂൾ അധികാരികൾ അപ്രൂവൽ ചെയ്യണമെന്ന്..

സ്‌കൂൾ അധികൃതർ അടുത്ത ദിവസം അപ്പ്രൂവൽ നൽകി. തുടർന്ന് കെഎസ്ആർടിസിയുടെ ഇമെയിൽ വീണ്ടുമെത്തി. നിങ്ങളുടെ കൺസഷന് വേണ്ടിയുള്ള അപേക്ഷ എല്ലാ രീതിയിലും സക്സസ് ആണ് , അതിന്റെ പെയ്മെന്റ് ഉടൻ കെഎസ്ആർടിസിക്ക് അടയ്ക്കണമെന്ന്..

രംഗം 4

അങ്ങനെ കെഎസ്ആർടിസി ആവശ്യപ്പെട്ട 110 രൂപ ഉടൻ തന്നെ അടച്ചു. വീണ്ടും കെഎസ്ആർടിസിയുടെ സന്തോഷം നിറഞ്ഞ സന്ദേശം എത്തി. നിങ്ങളുടെ അപേക്ഷ ഞങ്ങൾ സ്വീകരിച്ചു .നിങ്ങൾ എത്രയും വേഗം ഡിപ്പോയിൽ വന്ന് ഇവിടെ തയ്യാറായിരിക്കുന്ന കാർഡ് കൈപ്പറ്റണം എന്ന്

രംഗം 5

അതനുസരിച്ച് കഴിഞ്ഞ ദിവസം വീണ്ടും മഴയത്ത് 8 കിലോമീറ്റർ അപ്പുറമുള്ള കെഎസ്ആർടിസി ഡിപ്പോയിലേക്ക്.ഇതിനിടയിൽ വണ്ടി പഞ്ചറായി വഴിയിൽ കിടന്ന കാര്യം തൽക്കാലം പറയുന്നില്ല.

രംഗം 6

ദാ കിടക്കുന്നു അവിടെ ഇരിക്കുന്ന സാറന്മാരുടെ പുതിയ കൽപ്പന. അപ്ലോഡ് ചെയ്ത രേഖകളുടെ ഒറിജിനലും സ്‌കൂളിൽ നിന്നും അപ്രൂവൽ സർട്ടിഫിക്കറ്റും ഇവിടെ നേരിട്ട് ഹാജരാക്കിയാൽ മാത്രമേ കാർഡ് തരാൻ സാധിക്കൂ എന്ന്..

പണവും വാങ്ങി എല്ലാ വെരിഫിക്കേഷനും അപ്രൂവലും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം കാർഡ് കൈപ്പറ്റാൻ ഡിപ്പോയിലേക്ക് വരൂ എന്ന് ക്ഷണിച്ച നിങ്ങൾ എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല എന്ന ചോദ്യത്തിന് സാറന്മാരുടെ കയ്യിൽ ഉത്തരമില്ല

സമാന അവസ്ഥയിൽ എത്തിയ മറ്റു രക്ഷിതാക്കളുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം സാറന്മാർക്ക് ഇല്ല.ചോദ്യങ്ങളുടെ ശബ്ദം ഉയർന്നപ്പോൾ എവിടെയൊക്കെയോ ഫോൺ വിളിച്ചു ചോദിച്ചശേഷം അവസാനം ഒരു മറുപടി അഠഛ എന്ന തസ്തികയിലുള്ളയാൾ ഒപ്പിച്ചു പറഞ്ഞു.സ്‌കൂൾ അപ്രൂവൽ നേരിട്ട് കൊണ്ട് തരുന്നവർക്ക് മാത്രം കാർഡ് നൽകിയാൽ മതി എന്ന് മുകളിൽ നിന്നും ഇന്നലെ പുതിയ നിർദ്ദേശം വന്നത്രേ..

എങ്കിൽ എന്തുകൊണ്ട് അത് ഇമെയിൽ വഴിയോ ഫോൺ വഴിയോ രക്ഷിതാക്കളെ അറിയിച്ചില്ല എന്ന ചോദ്യത്തിന് പിന്നെയും മൗനം

രംഗം 7

ഉടൻതന്നെ കെഎസ്ആർടിസി കൺസഷൻ ഹെൽപ്പ് സെന്ററിലേക്ക് വിളിച്ചു. 10 മിനിറ്റോളം മനോഹരമായ മൂസിക്ക് കേൾപ്പിച്ച ശേഷം അപ്പുറത്ത് ആരോ ഒരാൾ ഫോൺ എടുത്തു. കാര്യം പറഞ്ഞപ്പോൾ ' അങ്ങനെ ഒരു നിർദ്ദേശം ഡിപ്പോകളിലേക്ക് നൽകിയിട്ടില്ല എന്നും പണം അടച്ച്, കാർഡ് കൈപ്പറ്റാൻ എത്തിയവർക്ക് അത് തടസ്സം കൂടാതെ കിട്ടേണ്ടതാണല്ലോ ' എന്ന മറുപടിയാണ് ലഭിച്ചത്.കരുനാഗപ്പള്ളി ഡിപ്പോയിൽ അന്വേഷിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു അയാൾ ഫോൺ വെച്ചു.

വീണ്ടും അരമണിക്കൂർ തിരിച്ചുവിളി പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ്.

നോ രക്ഷ..

രംഗം 8

വീണ്ടും ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു. വീണ്ടും 10 മിനിറ്റ് മൂസിക്ക് കേൾപ്പിച്ച ശേഷം വേറൊരാൾ ഫോൺ എടുക്കുന്നു.കാര്യം പറഞ്ഞപ്പോൾ അയാൾ പറയുന്നു നേരത്തെ ഫോൺ എടുത്തയാൾ പോയി. എങ്കിലും പ്രശ്നമെന്താണന്ന് അറിയാം. കാരണം കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും വേറെ ആരൊക്കെയോ ഇത്തരത്തിൽ പരാതി പറയാൻ വിളിച്ചിരുന്നത്രേ. ഇത് പ്രകാരം അന്വേഷിച്ചപ്പോൾ ഓപ്പറേഷൻ വിഭാഗത്തിൽ നിന്നും ഇങ്ങനെ ഒരു നിർദ്ദേശം കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് കൊടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് മറുപടി.എന്തുകൊണ്ടാണ് അപ്രൂവൽ നൽകി, പണം അടച്ച് നടപടികൾ പൂർത്തിയാക്കി കാർഡ് കൈപ്പറ്റാൻ എത്തിയപ്പോൾ മാത്രം ഇത് പറയുന്നത് എന്ന് ചോദിച്ചപ്പോൾ അവർക്കും മറുപടിയില്ല.

രംഗം 9

എന്നും എപ്പോഴും അവസാനം വ്യവസ്ഥിതിക്ക് മുന്നിൽ പരാജയപ്പെടുന്നതും മുട്ടുമടക്കുന്നതും സാധാരണക്കാരനായിരിക്കുമല്ലോ. മണിക്കൂറുകളോളം കെഎസ്ആർടിസി ഡിപ്പോയിൽ തർക്കിച്ചും മഴ നനഞ്ഞും കളഞ്ഞശേഷം കുട്ടിയുടെ മാതാവ് ഒരു പരാജിതയുടെ അപമാന ഭാരത്തോടെ വീട്ടിലേക്ക്.

സ്‌കൂൾ തുറന്ന് ഇതിനകം 20 ദിവസങ്ങൾ കഴിഞ്ഞു എങ്കിലും ഈ സമയം വരെയും കൺസഷൻ കാർഡ് ലഭിച്ചിട്ടില്ല

പണ്ട് സ്‌കൂളിലെ ഒരു സർട്ടിഫിക്കറ്റ് ഡിപ്പോയിൽ കൊടുത്താൽ കിട്ടുന്ന കൺസഷൻ ലളിതമാക്കാനായി കൊണ്ടുവന്ന പരിഷ്‌കാരം സൂപ്പറായിട്ടുണ്ട് കെഎസ്ആർടിസിക്കാരാ.ഇനിയും ഇങ്ങനെയുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന് കെഎസ്ആർടിസിയെ വളർത്തി വലുതാക്കണം കേട്ടോ..