- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ബിജു പ്രഭാകറിന് സമ്പൂർണ്ണ അധികാരം; പരിഷ്കരണങ്ങളിലൂടെ ആനവണ്ടിയെ രക്ഷിക്കാൻ സിഎംഡിക്ക് സർക്കാർ നൽകുന്ന സമാനതകളില്ലാത്ത പിന്തുണ; ഗതാഗത വകുപ്പിൽ ജ്യോതിലാൽ വഹിച്ചിരുന്ന ചുമതലകളും കെ എസ് ആർ ടി സിയുടെ അമരക്കാരന്; ഇനി ശമ്പളം മുടങ്ങാൻ ഇടയില്ല; കെ എസ് ആർ ടി സിയുടെ സെക്രട്ടറിയേറ്റിലെ 'പാര' മാറുമ്പോൾ
തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നന്നാക്കാനുള്ള സമ്പൂർണ്ണ അധികാരം ബിജു പ്രഭാകറിന് നൽകുകയാണ്. കെ എസ് ആർ ടി സിയിൽ കാര്യക്ഷ്മമായ ഇടപെടലിനുള്ള അധികാരം കൂടി ബിജു പ്രഭാകറിന് നൽകുകയാണ്. കെ എസ് ആർ ടി സി എംഡിയും ചെയർമാനുമായ ബിജുവിന് ഗതാഗത സെക്രട്ടറിയുടെ ചുമതല കൂടി കിട്ടുകയാണ്. ഇതോടെ സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കെ എസ് ആർ ടി സി ചെയർമാന് തന്നെ തീരുമാനം എടുക്കാം. ശമ്പള വൈകൽ അടക്കമുള്ള പ്രതിസന്ധികൾക്ക് തീരുമാനം അതിവേഗമുണ്ടാകും.
ഇത് ലക്ഷ്യമിട്ടുള്ള ഐഎഎസ് തല അഴിച്ചു പണിയാണ് കഴിഞ്ഞ ദിവസം നടന്നത്. പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് വനംവകുപ്പിന്റെ അധികചുമതല നൽകിക്കൊണ്ട് ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി നടന്നു. ധനവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിൻഹയ്ക്ക് നികുതി, എക്സൈസ്, പ്രിന്റിങ് സ്റ്റേഷനറി വകുപ്പുകൾകൂടി കൈമാറി. ആഭ്യന്തര സെക്രട്ടറി വി. വേണുവിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുകളുടെ ചുമതലകൂടി നൽകി. വേണുവിനോട് സർക്കാരിന് വിശ്വാസം കൂടുകയാണ്. ഭാവിയിലെ ചീഫ് സെക്രട്ടറി ആരെന്നത് കൂടി ഇതോടെ വ്യക്തമാകുകയാണ്. പത്രക്കാരുമായി നല്ല അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് വേണു. ഇതും നിർണ്ണായക നീക്കമാണ്.
പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻബില്ല കശുവണ്ടി കോർപ്പറേഷനും എ.പി.എം. മുഹമ്മദ് ഹനീഷ് കയർ ഇൻഡസ്ട്രീസും ഏറ്റെടുക്കും. ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജുവാണ് തുറമുഖ സെക്രട്ടറി. സ്ഥാനക്കയറ്റത്തോടെയാണ് നിയമനം. സൈനികക്ഷേമം, ദേവസ്വം വകുപ്പുകളുടെ ചുമതല അദ്ദേഹത്തിൽതന്നെ നിലനിർത്തി. ഇതിനൊപ്പമാണ് ഗതാഗതവകുപ്പിൽ കെ.ആർ. ജ്യോതിലാൽ വഹിച്ചിരുന്ന ചുമതലകൾ ബിജു പ്രഭാകറിന് കൈമാറിയത്. ഇത് കെ എസ് ആർ ടി സിക്ക് കരുത്തായി മാറും. മുമ്പ് കെ എസ് ആർ ടി സിയും ഗതാഗത സെക്രട്ടറിയും തമ്മിലെ ഭിന്നതകൾ വിലയ ചർച്ചയായിരുന്നു.
ടോമിൻ തച്ചങ്കരി കെഎസ് ആർടിസിയിൽ ഉണ്ടായിരുന്നപ്പോൾ ജ്യോതിലാലുമായുള്ള ഭിന്നതകൾ വലിയ ചർച്ചയായിരുന്നു. ശമ്പളം മുടങ്ങുന്ന അവസ്ഥയിലേക്ക് അന്ന് കാര്യങ്ങളെത്താത്തത് തച്ചങ്കരിയുടെ മിടുക്കു കാരണമായിരുന്നു. ഈ ഭിന്നതയാണ് തൊഴിലാളി സംഘടനകൾ മുതലെടുത്തതും. തച്ചങ്കരിക്ക് പുറത്തു പോകേണ്ടി വന്നതും. എന്നാൽ നിലവിൽ ആ സാഹചര്യം സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എങ്ങനേയും കെ എസ് ആർ ടി സിയെ നന്നാക്കാനുള്ള ബിജു പ്രഭാകറിന്റെ ശ്രമത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തൊഴിലാളി സംഘടനകൾക്കും ഇത് ശക്തമായ സന്ദേശമായി മാറും.
ബിജു പ്രഭാകറിനൊപ്പമാണ് സർക്കാരെന്ന സന്ദേശമാണ് യൂണിയനുകൾക്ക് കിട്ടുന്നത്. സമരത്തിലൂടെ ബിജു പ്രഭാകറിനെ തളർത്താൻ പാടില്ലെന്ന നിലപാട് വിശദീകരണം കൂടിയാണ് ഇത്. സിപിഎം നിയന്ത്രണത്തിലുള്ള സിഐടിയു അടക്കം ബിജു പ്രഭാകറിനെതിരെ പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത്. സർക്കാരിൽ നിന്നും ഗ്രാന്റ് അതിവേഗം കെ എസ് ആർ ടി സിക്ക് കിട്ടാനുള്ള സാഹചര്യം ഇതുണ്ടാക്കും. സെക്രട്ടറിയേറ്റിലെ സെക്രട്ടറി പാരകൾ ഇക്കാര്യത്തിൽ ഉണ്ടാകില്ല. ഇതാണ് ബിജുവിന് പുതിയ പദവി നൽകുന്നതിലൂടെ സംഭവിക്കുന്നത്.
കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുമെന്ന് സിഎംഡി ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. യൂണിയനുകളുമായുള്ള ചർച്ചയിലാണ് അദ്ദേഹത്തിന്റെ ഉറപ്പ്. കെഎസ്ആർടിസിയിലെ ശമ്പളമുടക്കം അവസാനിപ്പിക്കുമെന്നും ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുൻപും ജൂലൈ മാസത്തിലെ ശമ്പളം ഓഗസ്റ്റ് പത്തിനു മുൻപും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണിലെ ശമ്പളത്തിനായി കെഎസ്ആർടിസിയിലെ 9,000 ജീവനക്കാരാണ് ഇനിയും കാത്തുനിൽക്കുന്നത്. മെക്കാനിക്, മിനിസ്റ്റീരിയൽ സ്റ്റാഫ്, സ്റ്റേഷൻ മാസ്റ്റർ, സെക്യൂരിറ്റി, ഇൻസ്‌പെക്ടർ, വെഹിക്കിൾ സൂപ്പർവൈസർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഈ 9,000 ജീവനക്കാരിൽ ഉൾപ്പെടും.
കെഎസ്ആർടിയെ തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിട്ടുപോയ യാത്രക്കാരെ തിരികെ എത്തിക്കും. 700 ഇലക്ട്രിക് ബസ്സുകൾ എത്തുന്നതോടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനയുണ്ടാകും. ഇന്ധനചെലവും ഗണ്യമായി കുറയും. ഇതിന്റെ ഗുണം ജീവനക്കാർക്ക് ലഭിക്കും.നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ബജറ്റ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ബിജു പ്രഭാകർ വിശദീകരിച്ചിരുന്നു. പ്രതിസന്ധി മറികടക്കാൻ കൂടുതൽ ധനസഹായം തേടി കെ എസ് ആർ ടി സി സർക്കാരിനെ സമീപിച്ചിട്ടുണ്ട് .
സർക്കാരിനോട് 123 കോടി രൂപ കെ എസ് ആർ ടി സി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനാണ് കൂടുതൽ തുക ചോദിച്ചതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കുന്നു. ബിജു പ്രഭാകർ സെക്രട്ടറിയാകുമ്പോൾ ഇതെല്ലാം അതിവേഗം കെ എസ് ആർ ടി സിക്ക് കിട്ടും.