കണ്ണൂര്‍ :പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സര്‍വീസിന്റെ ഭാഗമായി വിനോദസഞ്ചാരികളുമായി പോയ കെഎസ്ആര്‍ടിസി ബസ് അടിമാലിയില്‍ അപകടത്തില്‍പെട്ട് 16 പേര്‍ക്ക് പരുക്കേറ്റു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തമൊഴിവായത്. ബസിന്റെ ബ്രേക്കു നഷ്ടപ്പെട്ടതിനാല്‍ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. കുട്ടികളടക്കം 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒന്‍പതോടെ പനംകൂട്ടി കൈത്തറിക്കു സമീപം വനമേഖലയിലാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടി സി ബജറ്റ് ടൂറിസം ബസില്‍ 45 യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഘം പയ്യന്നൂരില്‍നിന്ന് പുറപ്പെട്ടത്. തേക്കടി, ഇടുക്കി എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം തിരികെ പയ്യന്നൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.

റോഡിന്റെ ഒരുവശം മണ്‍തിട്ടയും മറുവശം പുഴയുമാണ്. ബ്രേക്കു നഷ്ടപ്പെട്ടെന്ന് മനസ്സിലായ ഡ്രൈവര്‍ വിനോദ് ആത്മവിശ്വാസം കൈവിടാതെ മണ്‍തിട്ടയില്‍ ഇടിപ്പിച്ച് ബസ് നിര്‍ത്തുകയായിരുന്നു. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

മറ്റൊരു ഡ്രൈവര്‍ സജിത്തിനും പരിക്കുണ്ട്. അപകടത്തേ തുടര്‍ന്ന് എറണാകുളം-ഇടുക്കി സംസ്ഥാനപാതയില്‍ ഗതാഗത തടസ്സം ഉണ്ടായി. വെള്ളത്തൂവല്‍ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ആരുടെയും പരുക്ക് സാരമുള്ളതല്ല.