പാലക്കാട്: വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് അമിത വേഗതിലാണ് വന്നതെന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ. 'അവർ അത്രയും സ്പീഡിലാണ് വന്നത്. നിയന്ത്രിക്കാൻ കഴിയാത്ത സ്പീഡിലായിരുന്നു. അവർ ഞങ്ങളെ ഇടിച്ചിട്ട് ദൂരെപോയി കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ പറയുന്നു.കെ.എസ്.ആർ.ടി.സി ബസിന്റെ സൈഡിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത് അദ്ദേഹം പറഞ്ഞു.

അപകടശബ്ദം കേട്ട് വന്നവരൊക്കെ കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് കണ്ടത്. എല്ലാവരും അതിലെ ആളുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. മറ്റേ ബസ് മറിഞ്ഞ് കുഴിയിൽ കിടക്കുന്നത് ആരും കണ്ടില്ല. പിന്നീട് കുട്ടികളുടെ നിലവിളിയെല്ലാം കേട്ട് പോയി നോക്കുമ്പോഴാണ് അവിടെ ടൂറിസ്റ്റ് ബസ് മറിഞ്ഞുകിടക്കുന്നത് കണ്ടത്. ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു.

കെ.എസ്.ആർ.ടി.സി. ബസിന്റെ ജീവനക്കാരായി ഡ്രൈവർ സുമേഷും കണ്ടക്ടർ ജയകൃഷ്ണനുമായിരുന്നു ഉണ്ടായിരുന്നത്. വലതുഭാഗത്തുനിന്ന് പിന്നിൽ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ഇടിയുടെ ശക്തിയിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ ഒരുഭാഗം മുഴുവൻ ടൂറിസ്റ്റ് ബസിന്റെ ഉള്ളിലേക്ക് കയറിപ്പോയി. ബസിന്റെ വലതുഭാഗത്തിരുന്നവർക്കാണ് ഗുരുതരമായ പരിക്കേറ്റത്. കടന്നുപോയ കാറുകളൊന്നും നിർത്താതിരുന്നപ്പോൾ അതുവഴി വന്ന പിക്കപ്പ് വാനിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ ഒപ്പം കഠിനമായി പ്രയത്നിച്ചു.

രാത്രി ഒൻപതിനുശേഷം വിദ്യാർത്ഥികൾ ഉൾപ്പെട്ട വിനോദയാത്രാ സംഘം ബസ് നിർത്തി ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് വിദ്യാർത്ഥികൾ പലരും വീട്ടിലേക്ക് ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾക്കകം വാഹനം അപകടത്തിൽപ്പെട്ടെന്ന വിവരം അറിഞ്ഞതോടെ രക്ഷിതാക്കൾ പരിഭ്രാന്തരായി.

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരുടെ ഫോൺവാങ്ങി വീട്ടിലേക്ക് വിളിച്ചാണ് കാര്യമായ പരിക്കേൽക്കാത്ത വിദ്യാർത്ഥികൾ അപകടവിവരം അറിയിച്ചതെന്ന് രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ മിക്കവരും രാത്രിതന്നെ പാലക്കാടേക്ക് യാത്ര തിരിക്കുകയായിരുന്നു. കുട്ടികളുടെ ഫോട്ടോയുമായി ആശുപത്രിയിലെത്തി മക്കളെ തിരഞ്ഞ് നടക്കുന്ന രക്ഷിതാക്കളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. ഭക്ഷണം കഴിച്ചശേഷം ഉറക്കത്തിലായിരുന്നു അപകട സമയത്ത് വിദ്യാർത്ഥികൾ പലരുമെന്നാണ് സൂചന. അതിനാൽ എന്താണ് സംഭവിച്ചതെന്ന് കുട്ടികളിൽ പലർക്കും പറയാൻ കഴിയുന്നില്ല.

ബസിന് പിന്നിലിടിച്ച ടൂറിസ്റ്റ് ബസ് വളരെ ദൂരത്തേക്ക് തെറിച്ചുപോയാണ് മറിഞ്ഞതെന്ന് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാണ്. അതിനിടെ സിനിമയുടെ സി.ഡി മാറ്റാൻ ബസിന് മുന്നിലെത്തിയപ്പോൾ ബസ് അമിത വേഗത്തലായിരുന്നുവെന്ന് മനസിലായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്‌സാക്ഷി. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്‌സാക്ഷി പറയുന്നു. അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. അപകട സ്ഥലത്തേക്ക് ആംബുലൻസും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിൻ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയർത്തിയാണ് കുട്ടികളെ പുറത്തെടുത്തത്.

രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത് . മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആർടിസി യാത്രക്കാരും, ഒരാൾ അദ്ധ്യാപകനുമാണ്.

എൽന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു , അനൂപ് , രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിനോദയാത്രാ സംഘത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണു ആണ് മരിച്ച അദ്ധ്യാപകൻ. കെഎസ്ആർടിസിയുടെ പിന്നിലേക്ക് ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്. ടൂറിസ്റ്റ് ബസ് പൂർണമായി തകർന്ന നിലയിലാണ്. സീറ്റുകളും മറ്റും പുറത്ത് വന്ന നിലയിലാണുള്ളത്.