- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളുരുവിലേക്കുള്ള യാത്രക്കിടെ മുത്തങ്ങയില്‍ വെച്ച് കുറുകേ ചാടിയ മാന്‍ ബസ്സിടിച്ചു ചത്തു; വനം വകുപ്പ് 'ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍' കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നായാട്ട് കുറ്റം ചുമത്തി കേസെടുത്തു; 24 ദിവസമായി ബസ് കസ്റ്റഡിയിലും; ഒടുവില്‍ സ്കാനിയക്ക് മോചനമായത് 13 ലക്ഷം കെട്ടിവെച്ചപ്പോള്‍
ഒടുവില്‍ സ്കാനിയക്ക് മോചനമായത് 13 ലക്ഷം കെട്ടിവെച്ചപ്പോള്‍
സുല്‍ത്താന്‍ബത്തേരി: സംസ്ഥാന സര്‍ക്കാറിനെതിരെ കടുത്ത ജനരോഷത്തിന് ഇടയാക്കിയ വകുപ്പ് ഏതാണെന്ന് ചോദിച്ചാല്‍ വനം വകുപ്പാണെന്ന് പറയേണ്ടി വരും. മലയോര ജനത ഒറ്റക്കെട്ടായി വനം വകുപ്പിനെതിരെ രംഗത്തുവന്ന അവസരങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഒടുവില്‍ റാപ്പര്‍ വേടന്റെ പുലിപ്പല്ലിന്റെ കാര്യത്തില്‍ പോലും കടുത്ത വിമര്‍ശനം വനംവകുപ്പ് നേരിടേണ്ടി വന്നു. കടുത്ത ജനരോഷത്തിന് ഇടയാക്കുന്ന കാര്യങ്ങളാണ് വനംവകുപ്പില്‍ നിന്നും ഉണ്ടാകുന്നത്.
സുല്‍ത്താന്‍ ബത്തേരി മുത്തങ്ങയില്‍ ബസ്സിടിച്ച മാന്‍ ചത്ത സംഭവത്തില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് കസ്റ്റഡിയിലെടുത്ത നടപടിയും കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത. ടുവില്‍ 13 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചതു കൊണ്ടാണ് ബസ് വിട്ടുനല്‍കിത്. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് 24 ദിവസമായ ദീര്‍ഘദൂര അന്തസ്സംസ്ഥാന ബസ് വിട്ടുനല്‍കാന്‍ ബത്തേരി ജെഎഫ്‌സിഎം കോടതിയാണ് ഉത്തരവിട്ടത്.
ചൊവ്വാഴ്ച ബസിന്റെ സാക്ഷ്യപ്പെടുത്തിയ ചിത്രങ്ങള്‍ സഹിതം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ ബസ് കെഎസ്ആര്‍ടിസിക്ക് കൊണ്ടുപോകാനാകും. ബസ് വിട്ടുകിട്ടുന്നതിലേക്കായി നിര്‍ദേശിച്ച 13 ലക്ഷം രൂപ കെഎസ്ആര്‍ടിസി കോടതിയില്‍ കെട്ടിവെച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിപ്പോയിലെ ബസിന്റെ രേഖകള്‍ മുഴുവനായി ഹാജരാക്കാനും വൈകിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസാണിത്. ഈ ബസ് കസ്റ്റഡിയിലായതോടെ മറ്റൊരു ബസ് ഈ സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഏപ്രില്‍ 19-ന് രാവിലെയാണ് മുത്തങ്ങക്കടുത്ത് എടത്തറയില്‍ റോഡ് മുറിച്ചുകടക്കുന്ന പുള്ളിമാനിനെ സ്‌കാനിയ ബസ്സിടിച്ചത്. ലോഫ്ളോര്‍ ബസായതിനാല്‍ മാന്‍ അടിയില്‍ക്കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴയ്ക്കുകയുംചെയ്തു. തുടര്‍ന്ന് വന്യജീവിസംരക്ഷണനിയമത്തില്‍ നായാട്ടിനുള്ള സെക്ഷന്‍ ഒന്‍പത് പ്രകാരം ഡ്രൈവറുടെ പേരില്‍ വനംവകുപ്പ് പൊന്‍കുഴി സെക്ഷന്‍ ഓഫീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത അപകടത്തിന്റെ പേരില്‍ വനം വകുപ്പ് നായാട്ടിനുള്ള സെക്ഷന്‍ ഉപയോഗിച്ചു കേസെടുത്ത നടപടിയാണ് വിമര്‍ശിക്കപ്പെടുന്നത്.
സംഭവത്തില്‍ കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വാഹനം വിട്ടുനല്‍കിയശേഷം കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. തുടര്‍ന്ന് കോടതി ഡ്രൈവറെ വിളിച്ചുവരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. മൂന്നാഴ്ചയിലേറെയായി ബസ് ബത്തേരിയില്‍ വനംവകുപ്പിന്റെ ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസ് വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ബസിന്റെ മുന്‍ ബംപറിലും ടയറുകള്‍ക്കും കേടുപാടുണ്ട്. ഇത്രയും ദിവസമായി ഓടാത്തതിനാല്‍ കേടുപാടുകള്‍ തീര്‍ത്ത് വിശദമായ പരിശോധനയ്ക്ക് ശേഷമേ ബസ് നിരത്തിലിറക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. സമയക്രമം നോക്കി ബെംഗളൂരുവിലേക്കോ തിരുവനന്തപുരത്തേക്കോ സര്‍വീസായാണ് അയക്കുക.
അതേസമയം സംഭവത്തില്‍ വനംവകുപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്. ട്രെയിന്‍ ഇടിച്ചു കാട്ടാനകള്‍ ചരിഞ്ഞ സംഭവങ്ങള്‍ വരെ നിരവധി ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ എത്ര ട്രെയിനുകള്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന ചോദ്യം അടക്കം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഒന്നുകില്‍ നിയമം പരിഷ്‌ക്കരിക്കുക, അല്ലെങ്കില്‍ മയത്തില്‍ നടപടികള്‍ സ്വീകരിക്കുക എന്നുമാണ് ഉയരുന്ന ആവശ്യം.
അതിനിടെ വനത്തിനുള്ളില്‍ വന്യജീവി സംഘര്‍ഷങ്ങളില്‍ മരണപ്പെട്ടാല്‍ പത്തുലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷവും വനം വന്യജീവി വകുപ്പില്‍ നിന്ന് ആറ് ലക്ഷം രൂപയുമാണ് ധനസഹായം അനുവദിക്കുക. മനുഷ്യ - വന്യജീവി സംഘര്‍ഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
മരണ കാരണമായ വന്യജീവി ആക്രമണം നടന്നത് വനത്തിനുള്ളില്‍ വച്ചാണോ വനത്തിന് പുറത്തുവച്ചാണോ എന്നത് കണക്കിലെടുക്കാതെ ദുരിതാശ്വാസ ധനസഹായം അനുവദിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും ഈ ദുരിതാശ്വാസ സഹായം നല്‍കും.
പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരണപ്പെട്ടാല്‍ എസ്ഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കും. നാല്‍പ്പതു മുതല്‍ അറുപതു ശതമാനംവരെയുള്ള അംഗവൈകല്യത്തിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 74,000 രൂപയും വനംവകുപ്പില്‍നിന്നുള്ള 1,26,000 രൂപയും ഉള്‍പ്പെടെ രണ്ടു ലക്ഷം രൂപ ലഭിക്കും. കൈ, കാല്‍, കണ്ണ് എന്നിവ നഷ്ടപ്പെട്ടാലും ഈ സഹായം ലഭിക്കും. 60 ശതമാനത്തിലുള്ള അംഗവൈകല്യത്തിന് 2.5 ലക്ഷം രൂപയാണ് സഹായം. ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് തുക അനുവദിക്കുക.
ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം വേണ്ടി വരുന്ന ഗുരുതരമായ പരിക്കേറ്റാല്‍ ഒരുലക്ഷം രൂപവരെ ധനസ?ഹായം നല്‍കും. ഒരാഴ്ചയില്‍ കുറവാണെങ്കില്‍ എസ്ഡിആര്‍എഫില്‍ നിന്ന് 5,400 രൂപ മുതല്‍ 10,000 രൂപവരെ ലഭിക്കും. വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 2500 രൂപ വീതം ലഭിക്കും.