പത്തനംതിട്ട: കെഎസ്ആർടിസി പൊതുജനത്തെ അവർ പോലുമറിയാതെ കൊള്ളയടിക്കുന്നു. പത്തനംതിട്ടയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ച് കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്കും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ നിന്ന് യാത്ര ചെയ്തയാളിൽ നിന്ന് ഈടാക്കിയത് വ്യത്യസ്ത നിരക്ക്. തുടർന്ന് ഇതേപ്പറ്റി കെഎസആർടിസി ഡിടിഓഫീസിൽ വിളിച്ചു ചോദിച്ചപ്പോൾ ഉരുണ്ടു കളി. പരാതിയുണ്ടെങ്കിൽ ടിക്കറ്റ് സഹിതം നൽകിയാൽ അധികമായി ഈടാക്കിയ തുക തിരിച്ചു നൽകാമെന്നും വാഗ്ദാനം.

ഇന്നലെ രാവിലെ 8.10 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റിൽ കോട്ടയത്തേക്ക് പോയ കല്ലറക്കടവ് സ്വദേശി മനോജിൽ നിന്ന് ടിക്കറ്റ് നിരക്കായി നാലു രൂപ സെസ് സഹിതം ഈടാക്കിയത് 75 രൂപയാണ്. ഉച്ച കഴിഞ്ഞ് 2.32 ന് സൂപ്പർ ഫാസ്റ്റ് ബസിൽ തന്നെ പത്തനംതിട്ടയിലേക്ക് മടങ്ങുമ്പോൾ മനോജിൽ നിന്ന് ഇടാക്കിയത് നാലു രൂപ സെസ് സഹിതം 78 രൂപ. രണ്ടു ബസും കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലേതാണ്. പിന്നീട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വ്യത്യാസം മനസിലായത്. തുടർന്ന് മനോജ് പത്തനംതിട്ട ഡിടിഓഫീസിലേക്ക് വിളിച്ചു.

അങ്ങനെ വരാൻ ഒരു വഴിയുമില്ലെന്നാണ് ആദ്യം അവിടെ നിന്ന് അറിയിച്ചത്. പിന്നീട് പറഞ്ഞത് രണ്ടു ഡിപ്പോയിലെ വണ്ടിയാകുമെന്നാണ്. എന്നാൽ, രണ്ടു വണ്ടിയും പത്തനംതിട്ട ഡിപ്പോയിലേതാണെന്ന് പറഞ്ഞപ്പോൾ ടിക്കറ്റ് സഹിതം പരാതി നൽകാനാണ് ആവശ്യം. താൻ ഇത് ശ്രദ്ധിച്ചതു കൊണ്ട് മാത്രമാണ് തട്ടിപ്പ് മനസിലായതെന്നും ജനങ്ങൾ അറിയാതെ അതിഭീകരമായി കെഎസ്ആർടിസി കൊള്ളയടി നടത്തുകയാണെന്നും മനോജ് പറഞ്ഞു.

ഒരേ ഡിപ്പോയിൽ നിന്ന് ഒരേ വണ്ടിയിൽ ഒരേ സ്ഥലത്തേക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് പകൽ കൊള്ള തന്നെയാണ്. ഇതിന് യാതൊരു ന്യായീകരണവും നൽകാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്നും മനോജ് പറഞ്ഞു. ജനമറിയാതെ കൊള്ളയടിക്കുന്ന അത്യപൂർവമായ സംഭവമാണ് കെഎസ്ആർടിസി നടത്തുന്നത്.