- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളുടെ യാത്രാസൗജന്യം നിജപ്പെടുത്താനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തിൽ ഉയർന്നത് കടുത്ത എതിർപ്പ്; വിവാദമായപ്പോൾ യാത്രാ സൗജന്യത്തിൽ നിയന്ത്രണമില്ലെന്ന് പറഞ്ഞ് തടിയൂരി കോർപ്പറേഷൻ; സർക്കാറിന് ടാക്സും ഇൻഷുറൻസും അടച്ച് സ്വകാര്യ ബസുകൾ എല്ലാ വിദ്യാർത്ഥികൾക്കും യാത്രാ ഇളവ് അനുവദിക്കുമ്പോൾ പിന്തിരിപ്പൻ നിലപാടുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥികൾക്കു നൽകിവരുന്ന യാത്രാസൗജന്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഉയർന്നത് കടുത്ത എതിർപ്പ്. വിവിധ കോണുകളിൽ നിന്നും എതിർപ്പ് ശക്തമായതോടെ നിയന്ത്രണം വരുത്തില്ലെന്ന് പറഞ്ഞ് തടിയൂരുകയാണ് കോർപ്പറേഷൻ ചെയ്തത്.
യാത്രാ നിയന്ത്രണം വരുത്തില്ലെന്നും നിലവിലുള്ള രീതി തുടരുമെന്നും സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. 40 മുതൽ 48 വരെ സീറ്റിങ് കപ്പാസിറ്റിയുള്ള ബസിൽ 25 സീറ്റ് വിദ്യാർത്ഥികൾക്കായി നൽകുന്നുണ്ട്. കൺസഷൻ അനുവദിക്കുന്ന റൂട്ടുകൾ ലാഭകരമല്ലെങ്കിൽപോലും അവിടെ വിദ്യാർത്ഥികൾക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഒരു ബസ് എങ്കിലും ഇതിനായി സർവീസ് നടത്തുന്നുണ്ടെന്നും സിഎംഡി വിശദീകരിച്ചു. എന്നാൽ അനിയന്ത്രിതമായി കൺസഷൻ കൊടുക്കാനാകില്ല.
25ൽ കൂടുതൽ സീറ്റ് വിദ്യാർത്ഥികൾക്ക് അനുവദിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പോ ബന്ധപ്പെട്ട വകുപ്പുകളോ തുക അനുവദിക്കണം. അതിനുള്ള നിർദ്ദേശം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കു വേണ്ടി ഗ്രാമവണ്ടി, സ്റ്റുഡന്റ്‌സ് ബോണ്ട് മാതൃകയിൽ സർവീസ് നടത്താൻ തയാറാണ്. ഇതിനായി വിദ്യാഭ്യാസ വകുപ്പോ മറ്റു വകുപ്പുകളോ സ്‌പോൺസർ ചെയ്യണം.
സ്വകാര്യ ബസിൽ നിന്നു വ്യത്യസ്തമായി കെഎസ്ആർടിസി ബസുകളിൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷന് പകരം കാർഡ് നൽകി സൗജന്യ യാത്രയാണ് അനുവദിച്ചിട്ടുള്ളതെന്നും സിഎംഡി പറഞ്ഞു. അതേസമയം സ്വകാര്യ ബസുകൾക്ക് വലിയ തുകയാണ് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നത് വഴി മാത്രം നഷ്ടമാകുന്നത്. അതുകമായി താരതമ്യം ചെയ്യുമ്പോൾ കെഎസ്ആർടിസി വലിയ സൗജന്യം അനുവദിക്കുന്നുമില്ല.
നിലവിലെ സാമ്പത്തികസ്ഥിതിയിൽ ഇതിൽക്കൂടുതൽ സൗജന്യം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോർപ്പറേഷൻ. ആദ്യഘട്ടമെന്നനിലയിൽ അഞ്ചൽ-കൊട്ടിയം റൂട്ടിൽ യാത്രാസൗജന്യം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. ഓരോ റൂട്ടിലുമുള്ള ബസുകൾ കണക്കിലെടുത്താകും യാത്ര ഇളവിനുള്ള കാർഡുകൾ അനുവദിക്കുക. ആദ്യം അപേക്ഷിക്കുന്നവർക്കാകും മുൻഗണന. കാർഡ് വിതരണത്തിൽമാത്രമാണ് നിയന്ത്രണമുള്ളത്. ബസിൽ 25-ലധികം വിദ്യാർത്ഥികളെ കയറാനനുവദിക്കും. നിയന്ത്രണം നടപ്പാകുമ്പോൾ കെ.എസ്.ആർ.ടി.സി. ബസുകൾ കുറവുള്ള റൂട്ടുകളിൽ അർഹരായ വിദ്യാർത്ഥികളിൽ കുറേപേർക്ക് യാത്രാസൗജന്യം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടായിരുന്നു.
സ്വകാര്യബസുകളുമായി മത്സരിച്ചോടുന്ന റൂട്ടുകളിൽ, യാത്ര പൂർണമായും സൗജന്യമായ കെ.എസ്.ആർ.ടി.സി. ബസുകളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു. വിദ്യാർത്ഥികളെ കെ.എസ്.ആർ.ടി.സി. ബസുകളിൽ പോകാൻ സ്വകാര്യബസുകാർ പ്രേരിപ്പിക്കുകയും ചെയ്തു. ഇതുകാരണം മറ്റുയാത്രക്കാർ സ്വകാര്യബസുകളിലേക്ക് മാറി. ചില ട്രിപ്പുകളിൽ വരുമാനം പൂർണമായും ഇല്ലാത്ത അവസ്ഥയാണ്. ഇങ്ങനെ നഷ്ടം കടുത്തസാഹചര്യത്തിലാണ് പകുതിസീറ്റുകൾമാത്രം വിദ്യാർത്ഥികൾക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. ആർ.ടി.സി. നിയമപ്രകാരം യാത്രാസൗജന്യങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം മാനേജ്മെന്റിനുമുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അവകാശപ്പെടുന്നു.
നിലവിൽ സർക്കാർനിർദേശപ്രകാരമാണ് സൗജന്യം അനുവദിച്ചിട്ടുള്ളത്. ഇത് പുനഃപരിശോധിക്കണമെന്ന് പലതവണ കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ടിട്ടുണ്ട്. നിർധനകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുമാത്രമായി സൗജന്യം നിയന്ത്രിക്കണമെന്ന നിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
ഉമ്മൻ ചാണ്ടിസർക്കാരിന്റെ അവസാനകാലത്താണ് പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. കാർഡിനുള്ള തുകമാത്രമാണ് വാങ്ങുന്നത്. അഞ്ചരലക്ഷം കൺസെഷൻ കാർഡുകൾ നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ