തിരുവനന്തപുരം: ഒരുഭാഗത്ത് ഭീമമായ കടബാധ്യത. ശമ്പളത്തിനായി സർക്കാരിന് മുമ്പാകെ കൈനീട്ടൽ. പെൻഷൻകാർക്ക് കൊടുക്കാൻ നയാപൈസയില്ല. ഈ വിഷമവൃത്തത്തിൽ കിടന്ന് കറങ്ങുമ്പോഴും, ഒരുവശത്ത് കൂടി പരിഷ്‌കാരങ്ങളും കെഎസ്ആർടിസിയിൽ നടക്കുന്നുണ്ട്.

ഓരോ കെഎസ്ആർടിസി ഡിപ്പോയ്ക്കും വരുമാന ലക്ഷ്യം (ടാർഗറ്റ്) നിശ്ചയിച്ചുനൽകി അതിന്റെ അടിസ്ഥാനത്തിൽ ശമ്പളവിതരണം നടത്താമെന്് നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ജീവനക്കാരുടെ സംഘടനകൾ എതിർത്തതോടെ, ശമ്പളം ഗഡുക്കളായി നൽകാമെന്ന നിർദ്ദേശവും സിഎംഡി ഇന്നലെ പുറത്തിറക്കി. ഇതൊക്കെ ശമ്പളത്തിന്റെ കാര്യമാണെങ്കിൽ, കടത്തിന്റെ കാര്യമാണ് കഷ്ടം. കോർപ്പറേഷന്റെ വസ്തുവകകൾ വിറ്റിട്ടാണെങ്കിലും ബാങ്ക് വായ്പ തീർക്കാനുള്ള മാർഗം നോക്കണമെന്നും ഇതിനുവേണ്ട നയതീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചത് ഈ പശ്ചാത്തലത്തിലാണ്.

ജീവനക്കാർ ചോര നീരാക്കി ഉണ്ടാക്കുന്ന വരുമാനം വായ്പയുടെ പലിശ അടയ്ക്കാൻ ഉപയോഗിക്കുകയാണെന്ന് ഹൈക്കോടതി ഇന്നലെ കുറ്റപ്പെടുത്തി. മുൻപു മാസം ശരാശരി 175- 180 കോടി രൂപയായിരുന്ന വരുമാനം ഇപ്പോൾ 206 കോടിയായിട്ടും പെൻഷൻകാർക്കു നൽകാൻ പണമില്ല. 3100 കോടിയുടെ വായ്പ ബാധ്യതയ്ക്ക് പ്രതിദിനം ഒരു കോടി പലിശ നൽകണം. ഇങ്ങനെ ഒരു സ്ഥാപനം എങ്ങനെ മുന്നോട്ടുപോകുമെന്നു കോടതി ചോദിച്ചു.

വിരമിക്കൽ ആനുകൂല്യങ്ങൾ 4 മാസത്തിനകം നൽകണമെന്ന മുൻഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ റിവ്യൂ ഹർജികളാണു കോടതി പരിഗണിച്ചത്. ഹർജിക്കാർക്ക് 50 ശതമാനം ആനുകൂല്യം നൽകാൻ 8 കോടി രൂപ വേണമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്ന ഉത്തരവ് ഇറക്കരുതെന്ന് അപേക്ഷിച്ച കെഎസ്ആർടിസി, ശമ്പളം നൽകാൻ ഇപ്പോഴും സർക്കാർ സഹായം ലഭിക്കേണ്ട അവസ്ഥയെന്ന് പറഞ്ഞു. എന്നാൽ, 10 മാസംകൊണ്ട് മുഴുവൻ പേർക്കും ആനുകൂല്യം നൽക്കൂടെയെന്ന് ചോദിച്ച കോടതി, വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ സ്വത്ത് വിൽക്കൂവെന്ന് പറഞ്ഞു.

എല്ലാവർക്കും ഒരു ലക്ഷം വീതം നൽകിയിട്ടു ബാക്കി തുകയ്ക്കു സാവകാശം അനുവദിക്കണമെന്നു കെഎസ്ആർടിസി ആവശ്യപ്പെട്ടു. ഫണ്ടില്ലെന്ന വാദം റിവ്യൂ ഹർജി പരിഗണിക്കാൻ കാരണമല്ലെങ്കിലും പ്രായോഗികമല്ലാത്ത ഉത്തരവു നൽകിയിട്ടു കാര്യമില്ലെന്നു പറഞ്ഞാണ് കോടതി ഒരു ലക്ഷം വീതം മാർച്ച് 31ന് അകം നൽകണമെന്നു നിർദ്ദേശിച്ചത്. നടപടി റിപ്പോർട്ടിനായി മാർച്ച് 31നു കേസ് വീണ്ടും പരിഗണിക്കും.

പെൻഷൻകാർക്കു വേണ്ടിയുള്ള കോർപസ് ഫണ്ട് നിർത്തലാക്കിയത് അനീതിയാണെന്നു കോടതി ചൂണ്ടിക്കാട്ടി. വിരമിച്ചു 14 മാസം കഴിഞ്ഞവർക്കു പോലും ആനുകൂല്യങ്ങൾ നൽകാത്തതു ദൗർഭാഗ്യകരമാണ്. മറ്റെല്ലാ ആവശ്യങ്ങളും കഴിഞ്ഞ് ഏറ്റവും അവസാനമാണു പെൻഷൻകാരെ പരിഗണിക്കുന്നത്.

ടിക്കറ്റ് വരുമാനത്തിന്റെ 10% പ്രത്യേക ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ച് പെൻഷൻകാർക്കുവേണ്ടി കോർപസ് ഫണ്ട് രൂപീകരിക്കണമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും വിധിച്ചിട്ടും ഫണ്ട് നിർത്തലാക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും വിമർശിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ ഫണ്ട് നിർത്തലാക്കി മറ്റാവശ്യങ്ങൾക്കു തുക വിനിയോഗിച്ചെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. മാർച്ചിലെ കലക്ഷൻ ഉപയോഗിച്ച് ഏപ്രിൽ മുതൽ ഫണ്ട് പുനഃസ്ഥാപിക്കാമെന്നും അറിയിച്ചു.

ബുധനാഴ്ചയാണ് കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഫ്രെബുവരി 28 ന് മുമ്പ് പെൻഷൻ അടക്കമുള്ള വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഇടക്കാല ഉത്തരവ് കോടതിയിറക്കിയത്. ഈ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. 2022 ജനുവരിക്ക് ശേഷം വിരമിച്ചവരാണ് ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചത്.