തിരുവനന്തപുരം: കെഎസ്ആർടിസി ഡിജിറ്റൽ പേയ്‌മെന്റിലേക്ക്. ഇനിമുതൽ ബസിൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം.ബാലൻസ് കിട്ടിയില്ലെന്ന തോന്നലും, ചില്ലറയില്ലാത്തതിന്റെ പേരിൽ കണ്ടക്ടറുമായി തർക്കിക്കേണ്ടിയും വരില്ല. ബുധനാഴ്ച മുതൽ പുതിയ സംവിധാനം നിലവിൽവന്നു.

ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിച്ചു.

ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് കിട്ടിയില്ലെന്ന പരാതിയും ഇതോടുകൂടി പരിഹരിക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി കരുതുന്നത്.അതേസമയം തിരുവനന്തപുരം നഗരത്തിൽ പുതിയൊരു പദ്ധതി കൂടി അവതരിപ്പിക്കുകയണ് കെഎസ്ആർടിസി.കോഫി ഷോപ്പുള്ള കെഎസ്ആർടിസി ബസ് ഇനി തിരുവനന്തപുരത്ത് എത്തുന്നവരുടെ ജീവിതത്തിന്റെ ഭാഗമാകും. കോഫി ഷോപ്പിലേതിന് സമാനമായി ചായയും കുടിച്ച് ലഘു ഭക്ഷണവും കഴിച്ചുകൊണ്ടാണ് കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിക്കാണാൻ അവസരമൊരുങ്ങുന്നത്. ഇതിനായി കെഎസ്ആർടിസിയുടെ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഉടൻ രംഗത്തിറങ്ങും.

ഡബിൾ ഡക്കർ ഇലക്ട്രസിക് സബസുകൾ വാങ്ങാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി ചേർന്നാണ് ബസുകൾ വാങ്ങുന്നത്.ഡിസംബർ ആറാം തീയിതി വരെ ടെൻഡർ സമർപ്പിക്കാം. വലിയ പുതുമയോടെയാണ് ബസുകൾ തലസ്ഥാന നഗരിയിൽ എത്തുന്നത്.

പദ്ധതിയുടെ ഭാഗമായി രംഗത്തിറങ്ങുന്ന ബസുകളുടെ താഴത്തെ നിലയെ റസ്റ്റോറന്റായി മാറ്റും. ഫ്രിഡ്ജ്, മൈക്രോവേവ് ഒവൻ, ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കാൻ സ്ഥലം എന്നിവ ബസിലുണ്ടാകും. മാത്രമല്ല കോഫീ ഷോപ്പുകളിലേതിന് സമാനമായി യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും ബസിന്റെ താഴത്തെ നിലയിൽ ഒരുക്കിയിരിക്കും.

മേൽക്കൂരയോടും അതില്ലാതെയും സഞ്ചരിക്കാൻ കഴിയുന്നതാകും ഈ ബസുകൾ. ഇലക്ട്രിക് ബസിന്റെ മേൽക്കൂര ആവശ്യാനുസരണം ഇളക്കിമാറ്റാൻ കഴിയുന്നതായിരിക്കണമെന്ന് ടെൻഡറിൽ വ്യക്തമാക്കിയിട്ടുണ്ട്. ബസുകളുടെ അഞ്ച് വർഷത്തെ പരിപാലന ചുമതലയും ടെൻഡർ എടുക്കുന്ന കമ്പനിക്കായിരിക്കും.

രണ്ട് വർഷം അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ- ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്- അതുവരെ വാറന്റിയും കരാറുകാരൻ നൽകണം. മരങ്ങളുടെ ചില്ലകളും മറ്റും തട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാൻ വശങ്ങളിൽ വിൻഡ് ഷീൽഡുകൾ സ്ഥാപിക്കണമെന്നും ടെൻഡർ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോഫിഷോപ്പുമായി പുറത്തിറങ്ങുന്ന ബസുകൾക്ക് 9.7 മീറ്റർ നീളവും 4.75 മീറ്റർ വീതിയുമുണ്ടാകും. 66 സീറ്റുകളായിരിക്കും ബസിനുള്ളിൽ സജ്ജീകരിക്കുക. ജിപിഎസ് സംവിധാനത്തോടെയുള്ള അനൗൺസ്മെന്റും ബസിലുണ്ടാകും. മലയാളം, ഇംഗ്ലീഷ്,
ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ,ബംഗാളി,മറാത്തി ഭാഷകളിൽ ഡിജിറ്റൽ ബോർഡും ബസിന്റെ മുന്നിലും പിന്നിലും വശങ്ങളിലുമുണ്ടാകും. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 120 കിമീ ദൂരം ബസ് സഞ്ചരിക്കും.

ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡക്കർ ഓപ്പൺ ഡെക്ക് ബസ് ഇപ്പോൾ തിരുവനന്തപുരത്ത് സർവ്വീസ് നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് റസ്റ്റാറന്റുമായി ബസ് എത്തുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്,നിയമസഭ,മ്യൂസിയം,കനകക്കുന്ന് കൊട്ടാരം,വെള്ളയമ്പലം,കോവളം,ലുലുമാൾ റൂട്ടിലാണ് ഓപ്പൺ ഡബിൾ ഡക്കർ അബസ് സഞ്ചരിക്കുന്നത്.

നിലവിൽ വൈകിട്ട് അഞ്ചു മുതൽ 10 വരെ നീണ്ടുനിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ 4 വരെ നീണ്ടുനിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് തിരുവനന്തപുരത്തുള്ളത്. 250 രൂപയാണ് ഈ ബസുകളിലെ ടിക്കറ്റ് നിരക്ക്.യാത്രക്കാർക്ക് വെൽക്കം ഡ്രിങ്ക്‌സ്,സ്‌നാക്‌സ് എന്നിവയും ഈ ബസിൽ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.