തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. കെഎസ്ആർടിസി ഡ്രൈവർ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇപ്പോഴത്തെ കേസിന്റെയും വിവാദങ്ങളുടെയും ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി.ടി.ഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും യദുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും മറിച്ചുള്ള പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. ബസിന് മുന്നിൽ കാറിട്ട് തടഞ്ഞ ശേഷമാണ് ഡ്രൈവറെ ചോദ്യം ചെയ്തത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നായിരുന്നു യദുവിന്റെ പരാതി. ഇതിൽ കേസെടുത്തിട്ടില്ല. അതേസമയം വാഹനത്തിന് സൈഡ് തരാത്തതല്ല പ്രശ്നമെന്നും ഡ്രൈവർ തങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്നും ആര്യാ രാജേന്ദ്രൻ മാധ്യമങ്ങളോട് ആവർത്തിച്ചു. അപമര്യാദയായി പെരുമാറിയതിനും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് താൻ പരാതി നൽകിയതെന്നും മേയർ വിശദീകരിച്ചു.

ഒരു കേസിന്റെ കല്യാണത്തിൽ പങ്കെടുത്തശേഷം കുടുംബത്തോടൊപ്പം മടങ്ങുമ്പോഴാണ് സംഭവം. വാഹനത്തിൽ താനും ഭർത്താവ് സച്ചിൻദേവ് എംഎൽഎ, സഹോദരനും ഭാര്യയും മറ്റൊരു വല്യമ്മയുടെ മകനും കൂടി സ്വകാര്യ വാഹനത്തിൽ പ്ലാമൂട് നിന്നും പിഎംജി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. വൺവേയിലേക്ക് കയറുമ്പോൾ കാറിന്റെ ഇടത്തേ വശത്തേക്ക് ബസ് തട്ടാൻ ശ്രമിക്കുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്.

താനും സഹോദരന്റെ ഭാര്യയും നോക്കിയപ്പോൾ കെഎസ്ആർടിസി ഡ്രൈവർ ലൈംഗികചുവയോടുകൂടി അസഭ്യമായി ആക്ഷൻ കാണിക്കുകയാണ് ചെയ്തത്. സ്ത്രീകളെന്ന നിലയിൽ അതിൽ അസ്വസ്ഥരായിരുന്നു. അതു ചോദിക്കണണെന്ന് തീരുമാനിച്ചു. പാളയം സാഫല്യം കോംപ്ലക്സിന് സമീപം റെഡ് സിഗ്‌നൽ ലഭിച്ചതോടെ ബസ് നിർത്തി. ഈ സമയം കാർ ബസിന് മുന്നിൽ നിർത്തി ഡ്രൈവറോട് സംസാരിക്കുകയാണ് ചെയ്തത്.

എന്നാൽ ഡ്രൈവർ തികച്ചും പരുഷമായാണ് പ്രതികരിച്ചത്. നിങ്ങൾ ആരാണെങ്കിലും എനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞു. പൊലീസ് എത്തിയതിനു ശേഷമാണ് ഡ്രൈവർ മാന്യമായി സംസാരിക്കാൻ തുടങ്ങിയത്. ഇതിനിടെ ലഹരി വസ്തു ഉപയോഗിച്ച ശേഷം അതിന്റെ കവർ ഞങ്ങൾ നിന്ന സൈഡിലേക്ക് വലിച്ചെറിഞ്ഞതായും ആര്യാ രാജേന്ദ്രൻ പറയുന്നു. ഗതാഗതമന്ത്രിയെ വിളിച്ച് കാര്യം പറഞ്ഞു.

കെഎസ്ആർടിസിയുടെ വിജിലൻസ് സംഘത്തെ അങ്ങോട്ട് അയക്കാമെന്ന് മന്ത്രി ഗണേശ് കുമാർ പറഞ്ഞു. ദയവായി സ്ത്രീകൾക്കു നേരെയുള്ള പ്രശ്നത്തെ, വാഹനത്തിന് സൈഡു തരാത്ത പ്രശ്നമായി ലഘുവായി കാണരുതെന്ന് മേയർ ആവശ്യപ്പെട്ടു. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ അപകടകരമായി വാഹനം ഓടിച്ചതിന് മുമ്പും പൊലീസ് കേസെടുത്തിട്ടുള്ളതായി മേയർ പറഞ്ഞു.

ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വച്ചായിരുന്നു മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്കുതർക്കമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

അതേസമയം കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെയാണ് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവർക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഉറച്ച നിലപാടിനു പിന്നിൽ.

പൊലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രമാകും ഡ്രൈവർ യദുവിനെതിരെ വകുപ്പുതല നടപടി. ന്യായത്തിന്റെ ഭാഗത്തു നിൽക്കണമെന്നും മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നുമാണ് ഗണേശ്‌കുമാറിന്റെ നിലപാട്. ഡ്രൈവർ യദുവിനെ പിന്തുണച്ച് കെഎസ്ആർടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ, മേയർക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് സിപിഎം നേതാക്കളുടെ വാദം.

സംഭവത്തിൽ ദൃക്‌സാക്ഷികളാവരോട് ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം സംസാരിച്ചത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ റിസർവേഷനിൽ യാത്ര ചെയ്തവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. ബസിൽ ടിക്കറ്റ് റിസർവ് ചെയ്തവരുടെ ഫോൺ നമ്പറുകൾ കെഎസ്ആർടിസിയിൽ നിന്നും ശേഖരിച്ചായിരുന്നു നീക്കം. ബസിലെ കണ്ടക്ടറും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.

ഡ്രൈവറെ പ്രകോപിക്കുകയാണ് മേയറും സംഘവും ചെയ്തതെന്നാണ് യാത്രക്കാർ നൽകിയ മൊഴി. മാത്രമല്ല, തങ്ങൾ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂർത്തിയാക്കാനായില്ല എന്ന പരാതിയും ഇവർക്കുണ്ട്. യാത്ര അവസാനിക്കാൻ രണ്ട് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് സംഭവം നടന്നത്. എന്നിട്ടും തങ്ങളെ പെരുവഴിയിൽ ഇറക്കി വിടുകയാണ് ചെയ്തതെന്ന് യാത്രക്കാർ പറയുന്നു. എംഎൽഎ ബസിൽ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഡ്രൈവർ കുറ്റക്കാരനാണെന്നും കസ്റ്റഡിയിലെടുക്കണമെന്നുമാണ് സ്ഥലത്തെത്തി പൊലീസ് യാത്രക്കാരെ അറിയിച്ചത്. പ്രമുഖർ ഉൾപ്പെടെ പലരും മേയറെ പിന്തുണച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതികരിക്കുന്നുണ്ട്.