- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ദിവസം കെഎസ്ആർടിസി ലക്ഷ്യമിട്ടത് 8.46 കോടി; നേടിയെടുത്തത് 8.78 കോടി രൂപ; 103.74 ശതമാനം വരുമാനം; എന്നിട്ടും കോർപ്പറേഷൻ എങ്ങനെ നഷ്ടത്തിലായി? കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് തൊഴിലാളി യൂണിയനുകൾ
പത്തനംതിട്ട: സെപ്റ്റംബർ നാലിന് കെഎസ്ആർടിസി ലക്ഷ്യമിട്ടത് 8,46,93,400 രൂപ വരുമാനമാണ്. നേടിയെടുത്തതോ 8,78,57,891 രൂപയും. ലക്ഷ്യമിട്ടതിന്റെ 103.74 ശതമാനം നേട്ടം. ഇത്രയൊക്കെ വരുമാനം കിട്ടിയിട്ടും എന്തു കൊണ്ടാണ് കോർപ്പറേഷന് ശമ്പളം പോലും നേരാംവണ്ണം കൊടുക്കാൻ കഴിയാത്തതെന്ന് തൊഴിലാളി സംഘടനകൾ ചോദിക്കുന്നു. വരുമാനക്കണക്കിൽ ഓഡിറ്റ് വേണമെന്നാണ് അവരുടെ ആവശ്യം.
ഒരിക്കലും നേടിയെടുക്കില്ലെന്ന് കരുതി അപ്രാപ്യമായ ലക്ഷ്യമാണ് കോർപ്പറേഷന്റെ തലപ്പത്തുള്ളവർ ഇടുന്നത് എന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്. ഏറ്റവും കൂടുതൽ വരുമാനം നേടിയത് ഉത്തരമേഖലയാണ്. വടക്കേ അറ്റത്തുള്ള ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖലയ്ക്ക് നൽകിയ ലക്ഷ്യം 2,21,08,200 രൂപയാണ്. 2,36,91,837 രൂപ അവർ നേടിയെടുത്തു-107.16 ശതമാനം. മധ്യകേരളത്തിലെ ജില്ലകൾ ഉൾപ്പെടുന്ന സെൻട്രൽ സോണിന് കൊടുത്ത ലക്ഷ്യം 2,79,05,200 രൂപയാണ്. 106.58 ശതമാനം വരുമാന ലക്ഷ്യമാണ് അവർ നേടിയെയടുത്തത്. അതായത് 2,97,40,660 രൂപ.
ഏറ്റവും കൂടുതൽ ബസുകളും സർവീസുമുള്ള തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖലയ്ക്കായിരുന്നു ഏറ്റവും വലിയ ലക്ഷ്യം നൽകിയത്. 3,46,80,000 രൂപ. 3,44,25,394 രൂപ അവർ നേടിയെടുത്തു. ഒട്ടും കുറവല്ല 99.27 ശതമാനം വരുമാനമാണ് അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. പൊതുഗതാഗത രംഗത്തെ ജനം കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയെന്ന് വിവിധ യൂണിയന്റെ നേതാക്കൾ പറയുന്നു. പ്രതിദിന ലക്ഷ്യം വരുമാനത്തിൽ കൈവരിക്കാൻ കഴിയുന്ന കോർപ്പറേഷന് എന്തു കൊണ്ട് പെൻഷനും ശമ്പളവും നൽകാൻ കഴിയുന്നില്ലെന്ന് ചോദിക്കുമ്പോഴുള്ള മറുപടി ബാധ്യത എന്നായിരിക്കും.
കെഎസ്ആർടിസിക്ക് മുഴുവൻ ഉള്ള ബാധ്യതകളുടെ എത്രയോ ഇരട്ടി ആസ്തിയായി കിടക്കുന്നുണ്ടെന്ന് ജീവനക്കാർ ചോദിക്കുന്നു. വരുമാനത്തിലും ചെലവിലും എംഡി പറയുന്ന കണക്ക് മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. ഓഡിറ്റ് ചെയ്ത് ശരിയായ കണക്ക് പുറത്തു വിടണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്