- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കണമെന്ന നിലപാട് ആവർത്തിച്ച് മന്ത്രി; പറ്റില്ലെന്ന നിലപാട് മയപ്പെടുത്താതെ ട്രേഡ് യൂണിയനുകളും; കെ എസ് ആർ ടി സി പ്രതിസന്ധി തുടരുമ്പോൾ ചർച്ചയ്ക്കായി മുഖ്യമന്ത്രിയെത്തും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടർ ചർച്ചകൾ ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു;രണ്ടു മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ഇന്നുമുതൽ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുള്ള ചർച്ച സംബന്ധിച്ച് അന്തിമ തീരുമാനമാകാതെ വന്നതോടെ പ്രശ്‌നപരിഹാരം നീളും. തർക്കത്തിൽ ട്രേഡ് യൂണിയനുകളും മാനേജ്‌മെന്റും അയയാതെ നിൽക്കുന്നതോടെ മുഖ്യമന്ത്രിയുടെ മുന്നിലേക്കു ചർച്ചയെത്തിക്കാൻ സമയമായില്ലെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ ഓഫിസ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ട്രേഡ് യൂണിയനുകളുമായും മാനേജ്‌മെന്റുമായും ചർച്ച നടത്തിയശേഷം വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടാൽ മതിയെന്നാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടർചർച്ചകൾ ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടർ ചർച്ചകൾ ഉണ്ടാകും. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.'പൊതുഗതാഗത സംവിധാനം രാജ്യമെമ്പാടും പ്രതിസന്ധി നേരിടുകയാണ്. കോവിഡ് മഹാമാരിയും അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയും അതിന് കാരണമാണ്. ഇന്ധനക്കമ്പനികൾ ബസ് പർച്ചേസിങ്ങിന് നൽകി വന്നിരുന്ന ആനുകൂല്യങ്ങൾ അപ്പാടെ നിഷേധിച്ചതും കെഎസ് ആർടിസിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി', ആന്റണി രാജു പറഞ്ഞു.
എൽഡിഎഫ് സർക്കാരാണ് വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. യുഡിഎഫ് ഭരണ കാലത്ത് പെൻഷൻ ലഭിക്കാതെ നിരവധി പേർ ആത്മഹത്യ ചെയ്തു. എൽഡിഎഫ് ഭരണകാലത്ത് അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.'എൽഡിഎഫ് സർക്കാർ ഭരണത്തിൽ വന്നതിന് ശേഷം പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഒരാൾക്കു പോലും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല എന്നതൊരു വസ്തുതയാണ്. ജൂൺ മാസം വരെയുള്ള പെൻഷൻ ഇതുവരെ കൊടുത്ത് തീർത്തിട്ടുണ്ട്.
ജൂലൈ, ഓഗസ്റ്റ് മാസത്തെ പെൻഷനാണ് വിതരണം ചെയ്യേണ്ടത്. പുതിയ എംഒ ഒപ്പിടുന്നതിനുള്ള കാല താമസമാണ് ഈ കാലഘട്ടത്തിലുണ്ടായത്. ഇപ്പോൾ രണ്ടുമാസത്തെ പെൻഷൻ ഒന്നിച്ചു വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഇന്നു മുതൽ രണ്ടുമാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യും', ആന്റണി രാജു കൂട്ടിച്ചേർത്തു. അതേസമയം സിംഗിൾ ഡ്യൂട്ടിയെന്ന സംവിധാനം നടപ്പാക്കുന്നതിലേക്കു ട്രേഡ് യൂണിയനുകളും സമവായത്തിലെത്താതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് ഗതാഗതവകുപ്പിന്റേത്.
വരുമാനവർധനയ്ക്കു ശ്രമിക്കണമെന്നും എന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കരുതെന്നുമാണു ധനകാര്യവകുപ്പിന്റെ നിലപാട്. വരുമാനവർധനയ്ക്ക് സിംഗിൾ ഡ്യൂട്ടിയെന്ന തീരുമാനത്തിലേക്ക് എത്തുകയെന്നതാണ് മാനേജ്‌മെന്റ് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. ഇതു സുശീൽഖന്ന റിപ്പോർട്ടിലും വ്യക്തമാക്കുന്നതാണ്.
ഡീസൽക്ഷാമം പൂർണമായും പരിഹരിക്കാതെ വന്നതിനാലും ഡ്രൈവർ കണ്ടക്ടർ അനുപാതം കൃത്യമായി എല്ലാ ഡിപ്പോകളിലും ഇല്ലാത്തതിനാലും 1200 ബസുകൾ സർവീസിന് അയയ്ക്കാൻ കഴിയാതെ കിടക്കുന്നതായി മാനേജ്‌മെന്റ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ