- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക ചുമതലകൾക്ക് ഒപ്പം കെഎസ്ആർടിസി ബസ് കഴുകാനും ബസിന്റെ സ്റ്റിയറിങ് പിടിക്കാനും റെഡി; അത്യവശ്യഘട്ടത്തിൽ മെക്കാനിക്കിന്റെ റോളിലും; ഒപ്പം ബഡ്ജറ്റ് ടൂറിസം ട്രിപ്പുകളുടെ നടത്തിപ്പ് ചുമതല; സേവനത്തിന്റെ വേറിട്ട മുഖമായി കോതമംഗലം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എൻ ആർ രാജീവിന്റെ ഔദ്യോഗിക ജീവിതം
കോതമംഗലം: ഔദ്യോഗിക ചുമതലകളിൽ വിട്ടുവീഴ്ചയില്ല. എന്നാൽ വേണ്ടി വന്നാൽ ബസ് കഴുകാനും പരിസര ശുചീകരണത്തിനും സാധന-സാമഗ്രികൾ വാങ്ങാനും ഇറങ്ങും. ഡ്രൈവർ ഇല്ലെങ്കിൽ സ്റ്റിയറിങ് പിടിക്കാനും റെഡി. അത്യവശ്യഘട്ടത്തിൽ മെക്കാനിക്കിന്റെ റോളിലും രംഗപ്രവേശം. കെ എസ് ആർ ടി സിക്ക് തന്റെ സേവനം വേണ്ടത് കാട്ടിലായാലും നാട്ടിലായാലും ഓടിയെത്തും. എത്ര വൈകിയാലും വിശ്രമവും ഭക്ഷണവും ലക്ഷ്യം പൂർത്തിയാക്കിയ ശേഷം മാത്രം.
പറഞ്ഞുവരുന്നത് കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എൻ ആർ രാജീവിന്റെ ഔദ്യോഗിക ജീവിതത്തിലെ വേറിട്ട ഇടപെടലുകളെപ്പറ്റിയാണ്. അടുത്തിടെ ആരംഭിച്ച ബഡ്ജറ്റ് ടൂറിസം ട്രിപ്പുകളുടെ ഇടുക്കി-എറണാകുളം ജില്ലകളുടെ ആസുത്രണവും നടത്തിപ്പും കെ എസ് ആർ ടി സി ഈ കോതമംഗലം സ്വദേശിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ രംഗത്തും രാജീവ് എടുത്തുപറയത്തക്ക നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു. 400 ട്രിപ്പുകൾ പൂർത്തിയാക്കിയതിന് കോർപ്പറേഷൻ അടുത്തിടെ രാജീവിന് ഉപഹാരം നൽകി ആദരിച്ചിരുന്നു.
സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും ഉദ്യോഗത്തിന്റെ അധികാര ഗർവ്വിൽ വിലസുമ്പോഴാണ് തന്റെ ഔദ്യോഗിക ചുമതലകൾക്കും അപ്പുറം എൻ ആർ രാജീവ് മാതൃകാപരമായ സേവനം ശ്രദ്ധേയമാകുന്നത്.
ഉല്ലാസയാത്ര ബസുകളിൽ മിക്കപ്പോഴും രാജീവും യാത്രക്കാർക്കൊപ്പമുണ്ടാവും. ഉദ്യോഗസ്ഥൻ ഭാവം മാറ്റി, താമശയിലും ചിരിയിലും പങ്കാളിയായി, അവരിൽ ഒരാളായി,യാത്ര കൊഴുപ്പിക്കുന്ന രീതിയാണ് രാജീവ് സ്വീകരിച്ചു പോരുന്നതെന്നാണ് യാത്ര സംഘാംഗങ്ങൾ പങ്കുവയ്ക്കുന്ന വിവരം.
കഴിഞ്ഞ ദിവസം കോതമംഗലം ഡിപ്പോ ഒരുക്കിയ വയനാട് ഉല്ലാസയാത്രയുടെ തുടക്കം മുതൽ മൂന്നാം ദിവസം അവസാനിക്കും രാജീവും പങ്കാളിയായിരുന്നു. പറഞ്ഞകേട്ടതെല്ലാം ശരിവയ്ക്കുന്നതായിരുന്നു യാത്രയിലെ രാജീവിന്റെ പെരുമാറ്റ രീതികൾ. ഈ യാത്ര സംഘത്തിൽ ഈ ലേഖകനും ഉൾപ്പെട്ടിരുന്നു.
യാത്ര സംഘത്തിലെ അംഗങ്ങളോട് രാത്രി 10 മണിയോടെ ഡിപ്പോയിൽ എത്തണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. 11 മണിയോടെയാണ് യാത്ര പുറപ്പെടുന്നതെന്ന് മനസ്സിലാക്കിയിരുന്നതിനാൽ അൽപ്പം താമസിച്ചാണ് ഡിപ്പോയിൽ എത്തിയത്.
ഈ സമയം യത്രയ്ക്കുള്ള എക്സ്‌പ്രസ് ബസിന്റെ ഉള്ളിലെ ക്ലീനിങ് ജോലിയിലായിരുന്നു രാജീവ്. തിരുവനന്തപുരം ട്രിപ്പ് കഴിഞ്ഞ് ബസ് ഡിപ്പോയിൽ എത്തിയിട്ട് അധികസമയം ആയിരുന്നില്ല. ഉള്ളിൽ ചപ്പുചവറുകളും ഭക്ഷണ അവശിഷ്ടങ്ങളുമെല്ലാം ഉണ്ടായിരുന്നു.
ഇതെല്ലാം വാരിക്കളഞ്ഞ് ,ഓസിൽ വെള്ളം എത്തിച്ച് ഉൾവശം കഴുകി തുടച്ച ശേഷമാണ് രാജീവ് ബസിൽ നിന്നിറങ്ങി. സമീപത്തെ വീട്ടിലെത്തി യാത്രയ്ക്ക് തയ്യാറായി ഭാര്യയെയും മകനെയും കൂട്ടിയാണ് എത്തിയത്.
യാത്ര ആരംഭിച്ച്, അധികം താമസിക്കാതെ പരിചയപ്പെടലിനും കുശലാന്വേഷണത്തിനും തുടക്കം കുറിച്ചതും രാജീവ് തന്നെ. ഡ്രൈവർ സുബൈറും കട്ടയ്ക്ക് കൂടെക്കൂടി. സമയാസമയങ്ങളിൽ ഭക്ഷണം, പ്രഥമീക കൃത്യങ്ങൾ നിർവ്വഹിക്കാൻ സൗകര്യം എന്നിവ ഒരുക്കുന്നതിൽ ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. യാത്ര സംഘത്തിൽ പ്രായമായവരും കൊച്ചുകുട്ടികളും എല്ലാം ഉൾപ്പെട്ടിരുന്നു.
സുബൈറിന് വിശ്രമം ലഭിക്കുന്നതിനായി രാജീവ് ഇടയ്ക്കിടെ ബസ് ഓടിക്കുകയും ചെയ്തിരുന്നു. സ്റ്റേഷൻ മാസ്റ്ററുടെ ചുമതലയ്ക്ക് പുറമെ ഡ്രൈവിങ് നടത്തുന്നതിനും കോർപ്പറേഷൻ എം ഡി രാജീവിന് അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ അനുമതി ലഭിച്ചിട്ടുള്ള ഏക വ്യക്തിയും രാജീവ് തന്നെ.
സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ സ്ലീപ്പർ ബസുകളിലായിരുന്നു ആദ്യദിവസത്തെ താമസം ഒരുക്കിയിരുന്നത്. മുത്തങ്ങ വനത്തിലെ രാത്രി സഫാരിയും കഴിഞ്ഞ് വിനോദയാത്ര സംഘത്തിലെ അംഗങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ മണി 12 നോടടുത്തിരുന്നു.
രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളെല്ലാം പൂർത്തിയാക്കി. ഒരു കട്ടൻ അടിക്കാം എന്നുകരുതിയാണ് സ്ലീപ്പറിൽ നിന്നും പുറത്തിറങ്ങിയത്. സമയം രാവിലെ 6.10. പകൽവെളിച്ചം വെളിച്ചം വീണുതുടങ്ങുന്നതെയുള്ളു. ചെറിയ തണുപ്പും കോടയുമൊക്കെയായി ഹൃദ്യമായ അന്തരീക്ഷം.
പരിസരത്ത് കണ്ണോടിക്കുമ്പോൾ രാജീവ് ഒരു ലുങ്കിയും ബനിയനും ധരിച്ച് ബസിന് മുകളിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. താഴെ ടീ ഷർട്ടും ലുങ്കിയും ധരിച്ച് കോതമംഗലം അടിവാട് സ്വദേശിയായ ഡ്രൈവർ സുബൈറും നിൽക്കുന്നുണ്ടായിരുന്നു.
അടുത്തുചെന്ന് നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. സമീപത്തെ പൈപ്പിൽ നിന്നും ഓസിൽ വെള്ളമെത്തിച്ച് വിനോദയാത്ര സംഘത്തെയും വഹിച്ചെത്തിയ ബസ് കഴുകി വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഇരുവരും.
ഈ സമയം മനസ്സിൽ ഒരു സംശയം തലപൊക്കി.ഗ്യാരേജിൽ കൊണ്ടിട്ടാൽ ബസ് വാട്ടർ സർവ്വീസ് ചെയ്തുകിട്ടുമായിരുന്നല്ലോ..പിന്നെയെന്തിനാണ് രാജീവും സുബൈറും ബസ് കഴുകാൻ പുറപ്പെട്ടതെന്നായിരുന്നു ചിന്തകളുടെ ചുരുക്കം.
മറച്ചുവയ്ക്കാതെ രാജീവിനോട് തന്നെ ഇതെക്കുറിച്ച് ചോദിച്ചു.ബസ് കഴുകുന്ന കാര്യത്തിൽ മാത്രമല്ല ,ഡിപ്പോയിൽ തനിക്ക് അറിയാവുന്ന ജോലികൾ സർവ്വീസിൽ കയറിയ കാലം മുതൽ ചെയ്യാറുണ്ടെന്നും ഇതിൽ ഒരു തരത്തിലുളുള്ള ബുദ്ധിമുട്ടും തോന്നാറില്ലെന്നുമായിരുന്നു രാജീവിന്റെ പ്രതികരണം.
കെഎസ്ആർടിസി ജീവനക്കാരനായിരുന്ന പിതാവ് മരിച്ചതിനെത്തുടർ 18-ാം വയസിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. അന്നുമുതൽ ഇന്നുവരെ പിൻതുടരുന്നത് ഇതെ നയമാണ്. അറിയാവുന്ന ജോലി വീട്ടിലായാലും ഓഫീസിലായാലും ചെയ്യും.നാണക്കേട് ഓർത്ത് മാറിനിൽക്കുന്ന പ്രശ്‌നമില്ല.
ഡിപ്പോയിലെ മറ്റ് ജീവനക്കാരുടെ അകമഴിഞ്ഞ പിൻതുണയാണ് നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നത്. സേവനങ്ങൾക്ക് മേലധികാരികൾ നൽകുന്ന പിൻതുണ മുന്നോട്ടുള്ള നീക്കങ്ങൾക്ക് വലിയൊരളവിൽ സഹായകമാവുന്നുണ്ട്. രാജീവ് വിശദമാക്കി. ഡ്രൈവർ സുബൈറും ഇക്കാര്യം ശരിവച്ചു.
യാത്രക്കാരോടുള്ള ഇവരുടെ പെരുമാറ്റവും പ്രശംസനീയമാണ്. എന്ത് ആവശ്യമുണ്ടെങ്കിലും പറയണം എന്ന മുഖവുരയോടെയാണ് ഇവർ ബസിനുള്ളിലേയ്ക്ക് യാത്രക്കാരെ വരവേൽക്കുന്നത്.കൃത്യസമയത്ത് ഭക്ഷണം,പ്രാഥമീക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയിൽ ഇവർ പുലർത്തുന്ന ജാഗ്രത യാത്രക്കാർക്ക് വലിയോരളവിൽ ആശ്വസമാണ്.
നഷ്ടക്കണക്കുകൾ പെരുകി,അടച്ചുപൂട്ടലിന്റെ വക്കോളം എത്തി നിൽക്കുന്ന കെഎസ്ആർടിയിൽ ഇവരെപ്പോലുള്ള വേറിട്ട വ്യക്തിത്വങ്ങളും ഉണ്ടെന്നുള്ളത് ശുഭസൂചകമാണ്. രാജീവിനെയും സുബൈറിനെയും പോലുള്ള ഒരു കൂട്ടം ജീവനക്കാർ ഒത്തുചേർന്ന് പ്രവർത്തിക്കുകയും ഇവർക്ക് ഉന്നത അധികൃതർ പിൻതുണ ലഭ്യമാക്കുകയും ചെയ്താൽ സമീപഭാവിയിൽ തന്നെ ഈ പ്രസ്ഥാനം ലാഭത്തിലേയ്ക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ലേഖകന്.