തിരുവനന്തപുരം: കെ എസ് ആർ ടി സി പ്രതിസന്ധിയിലാണെങ്കിലും, അതിന്റെ പേരിൽ ജീവനക്കാരെ അടച്ച് ആക്ഷേപിക്കുന്നതിൽ കാര്യമില്ല. യൂണിയൻ പ്രശ്‌നമൊക്കെ ഉണ്ടെങ്കിലും, നന്നായി പണിയെടുത്ത് തന്നെയാണ് എല്ലാവരും ജീവിക്കുന്നത്. എന്നാൽ, ഇതിനിടയിൽ തലയ്ക്ക് വെളിവില്ലാത്ത ചില ജീവനക്കാരുണ്ടെന്ന കാര്യവും സത്യമാണ്. കാട്ടാക്കടയിൽ പ്രേമനനെയും മകളെയും കൺസഷൻ പ്രശ്‌നത്തിന്റെ പേരിൽ മർദ്ദിച്ചതിനെ ചൊല്ലി ഡിപ്പോ ജീവനക്കാർ ഇപ്പോൾ കേസും കൂട്ടവുമായി വെള്ളം കുടിക്കുകയാണ്. ഇതൊന്നും കണ്ടാലും, നല്ല രീതിയിൽ യാത്രക്കാരോട് പെരുമാറണമെന്ന് ചില ജീവനക്കാർക്ക് തോന്നാത്താതാണ് കഷ്ടം. അത്തരമൊരു സംഭവമാണ് തിരുവനന്തപുരത്ത് തന്നെ ചിറയിൻകീഴിൽ ഉണ്ടായത്. ഇവിടെ യാത്രക്കാരോട് മോശമായി പെരുമാറിയത് വനിതാ കണ്ടക്ടറാണ്.

ആഹാരം കഴിക്കുന്ന സമയത്ത് ബസിനുള്ളിൽ യാത്രക്കാർ കയറി എന്ന് പറഞ്ഞ് കണ്ടക്ടർ ബഹളം വെക്കുകയായിരുന്നു. കൈക്കുഞ്ഞുമായി കയറിയ യാത്രക്കാർ വരെ കണ്ടക്ടറുടെ ബഹളത്തെ തുടർന്ന് ഇറങ്ങിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൽകാലിക ബസ് സ്റ്റാൻഡ് ആയതിനാൽ ഇവിടെ വെയിറ്റിങ് ഷെഡ് ഉണ്ടായിരുന്നില്ല. അതിനാൽ യാത്രക്കാർ നേരത്തെ തന്നെ ബസിനുള്ളിൽ കയറിയിരിക്കുന്നത് പതിവാണ്. ഇങ്ങനെ കയറിയിരുന്നപ്പോഴാണ് വനിതാ കണ്ടക്ടർ യാത്രക്കാർക്ക് നേരെ ആക്രോശിച്ചത്. താൻ കഴിക്കുന്ന സമയമാണിതെന്നും നിങ്ങൾ എല്ലാവരും ഇറങ്ങിപ്പോകണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. എന്നാൽ, ബഹളം കേട്ട യാത്രക്കാർ ബസിൽ നിന്നിറങ്ങാൻ വിസമ്മതിച്ചതോടെ കണ്ടക്ടർ പ്രകോപിതയാവുകയായിരുന്നു. യാത്രക്കാർക്ക് നേരെ അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇറങ്ങാൻ..ഞാനാണ് പറയുന്നത്..ഇറങ്ങ്..എനിക്കിരുന്ന് ആഹാരം കഴിക്കാനുള്ള സ്ഥലമാണിത്...ഇറങ്ങ്..ഇത് സ്റ്റാൻഡ് പിടിച്ചാൽ മാത്രം ഇരുന്നാൽ മതി,

അപ്പോൾ കുറച്ചുപേർ നമുക്ക് ഇറങ്ങി നിൽക്കാമെന്ന് പറയുമ്പോൾ, ഇറങ്ങുന്ന പരിപാടിയില്ലെന്ന് മറ്റു ചിലർ. ഞങ്ങൾക്ക് വേറെ ജോലിയില്ലേ..ബസിൽ നിന്ന് ഇറങ്ങിക്കൊടുക്കണതെന്നും മറുപടി.

പ്രകോപിതയായ കണ്ടക്ടർ..എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല കേട്ടോടീ..ഞാൻ മാന്യമായിട്ട് ജോലി ചെയ്യുകാ...നിന്നെയൊന്നും പോയി തൊഴിലുറപ്പിന് പോയിട്ട് ഉറങ്ങുകയല്ല..കണ്ടവന്മാരുടെ കൂടെ..ഇറങ്ങി പോടീ...അവിടൂന്ന്.

ചിറയിൻകീഴ് താൽകാലിക ഡിപ്പോയിലാണ് സംഭവം. ആറ്റിങ്ങൽ- ചിറയിൻകീഴ് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ബസിലെ ജീവനക്കാരിയാണ് ദൃശ്യങ്ങളിലുള്ളത്. ബസ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ചിറയിൻകീഴിലെ താൽകാലിക ഡിപ്പോയിൽ നിർത്തിയിട്ടപ്പോഴാണ് സംഭവമുണ്ടായത്. എന്തായാലും കെ എസ്ആർടിസിയെ കൂടുതൽ കുഴിയിലേക്ക് തള്ളി വിടുന്നതിലേക്കാണ് ഇത്തരം മോശം പെരുമാറ്റങ്ങൾ എത്തിക്കുക എന്ന് വീഡിയോയ്ക്ക് കൂടുതൽ പേരും കമന്റ് ചെയ്യുന്നു. ജീവനക്കാരിയുടെ വിശ്രമവേളയാണ് അതെന്നും, അവരുടെ മാനസികാവസ്ഥ മനസ്സിലാക്കണമെന്നും ചിലർ ന്യായീകരിക്കുന്നുമുണ്ട്