തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിലും വിവാദത്തിലും തുടർ നടപടികളിലേക്ക് കടക്കാതെ ഗതാഗത മന്ത്രി കെ ബി ഗണേശ്‌കുമാർ. ബസിനുള്ളിൽ എന്താണ് നടന്നത് എന്നറിയാൻ വേണ്ടി ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യങ്ങളും വേണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ തുടർ റിപ്പോർട്ടുകൾ അതിന്റെ അടിസ്ഥാനത്തിൽ മതിയെന്നാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.

വാക്കുതർക്കത്തിലും തുടർ വിവാദങ്ങളിലും ഡ്രൈവർ യദു കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് മന്ത്രി കെ.ബി.ഗണേശ് കുമാർ മടക്കിനൽകിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനൊപ്പം ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യവും വേണമെന്ന കടുത്ത നിലപാടിലാണ് മന്ത്രി. മെമമ്മറി കാർഡ് മോഷണത്തിലും അടക്കം കടുത്ത അമർഷത്തിലാണ്. മെമ്മറി കാർഡ് മോഷ്ടിച്ചത് രണ്ടിൽ ഒരാളെ രക്ഷിക്കാനാണെന്ന കാര്യം ഉറപ്പാണ്. അത് ആരെയാണെന്നാണ് വ്യക്തമാകേണ്ടത്. സംശയങ്ങൾ പലവിധത്തിലാണ് നീങ്ങുന്നത്. ബസിസൽ കയറിയ എംഎൽഎ സച്ചിൻദേവ് യാത്രക്കാരോട് ഇറങ്ങിപ്പോകാൻ പറഞ്ഞു എന്ന് ആരോപണമുണ്ട്. ഇത് മറയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് ഒരു കോണിൽ ഉയരുന്ന ആരോപണം.

അതേസമയം തുടക്കം മുതൽ മേയറുടെ വാക്കു കേട്ട് യദുവിനെ ജോലിയിൽ നിന്നും തെറിപ്പിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഗണേശ്. എല്ലാവശവും പരിശോധിച്ച ശേഷം യദുവിനെ ജോലിയിലേക്ക് തിരിച്ചെടുത്താൽ മതിയെന്ന നിലപാടാണ് മന്ത്രിക്കുള്ളത്. തമ്പാനൂർ സെൻട്രൽ ഡിപ്പോക്കുള്ളിൽ നിന്നാകാം മെമ്മറി കാർഡ് മോഷണം പോയതെന്നാണ് മന്ത്രി കരുതുന്നത്. തൊഴിലാളി യൂണിയൻ നേതാക്കളും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ഈ മെമ്മറി കാർഡ് എളുപ്പത്തിൽ ഊരിയെടുക്കാൻ സാധിക്കുന്നതല്ല.

നാലു സൂപ്പർ ഫാസ്റ്റ് ബസുകൾ ടെസ്റ്റു കഴിഞ്ഞിറങ്ങിയതിൽ ഒന്നാണ് യദു ഓടിച്ച തിരുവനന്തപുരം-തൃശൂർ സൂപ്പർഫാസ്റ്റ്. മറ്റു മൂന്ന് ബസുകളിലും ക്യാമറയും മെമ്മറി കാർഡും ഉള്ളപ്പോൾ ഈ ബസിൽ മാത്രം സിസി ടിവി ക്യാമറയുടെ മെമ്മറികാർഡിന് എന്തുപറ്റിയെന്നാണ് ചോദ്യം. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആരോ മുക്കിയതാണെന്ന് വ്യക്തമാമ്. പാളയത്തേക്ക് മേയർ വിളിച്ചെത്തിയ കന്റോൺമെന്റ് പൊലീസ്, ഡ്രൈവർ യദുവിനെ അറസ്റ്റു ചെയ്ത് പൊലീസ് ജീപ്പിലാണ് കൊണ്ടുപോയത്. ബസ് പാളയത്ത് സിസി ചെയ്ത് ഒതുക്കിയിടുകയും ചെയ്തു. ഒന്നരമണിക്കൂറോളം ബസ് നഗരത്തിന്റെ ഹൃദയഭാഗത്ത് കിടപ്പുണ്ടായിരുന്നു.

ബസ് സിസി ചെയ്തു ഡ്രൈവറെ അറസ്റ്റു ചെയ്തപ്പോൾ ബസിനുള്ളിൽ എന്തൊക്കെയുണ്ടെന്ന് പൊലീസ് പരിശോധിച്ചിട്ടില്ല. വാഹനം സംഭവ സഥലത്തു നിന്നും മാറ്റിയിടുക മാത്രമാണ് ചെയ്തത്. രാത്രി ഒരു മണി കഴിഞ്ഞാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം ബസ് കൊണ്ടുപോയത്. തമ്പാനൂരിലെ ഗ്യാരേജിലേക്ക് കൊണ്ടു പോയ ബസ് വിശദമായി വിജിലൻസ് വിഭാഗവും പരിശോധിച്ചില്ലെന്നാണ് ആക്ഷേപം. സർവീസ് നടത്തിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും വാഹനം കൈപ്പറ്റേണ്ടിയിരുന്നുള്ളൂ എന്നും യൂണിയൻ നേതാക്കൾ പറയുന്നുണ്ട്.

ബസിൽ നിന്നും മെമ്മറികാർഡ് ഇളക്കി മാറ്റാൻ നല്ലൊരു മെക്കാനിക്കിനു വേണ്ടത് ഇരുപത് മിനിറ്റെന്നാണ് ജീവനക്കാർ പറയുന്നത്. യദുവിന് മെമ്മറികാർഡ് ഊരാനുള്ള സമയം കിട്ടിയിട്ടില്ല. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങളും യദുവിന്റെ പക്കലില്ല. ബസ് പിന്നീട് തൃശൂർ-തിരുവനന്തപുരം റൂട്ടിലാണ് ഓടിയത്. സെൻട്രൽ ഡിപ്പോയിലെ സിപിഎം യൂണിയനിൽപ്പെട്ടവർക്കു നേരെയും ചിലർ സംശയമുന നീളുന്നുണ്ട്.

അതിനിടെ മേയറുമായി ബന്ധപ്പെട്ട വിവാദം കൂടുതതൽ തലത്തിലേക്ക് നീങ്ങുകയാണ്. നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന്റെ പേരിൽ സൈബൽ ആക്രമണമുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ രണ്ട് കേസുകളിൽ കേസെടുത്തു. ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് മോശം സന്ദേശമയച്ചയാളും പിടിയിലായി. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന്റെ പേരിൽ സൈബൽ ആക്രമണമുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ രണ്ട് കേസുകളാണ് എടുത്തിരുന്നത്. മേയറുടെ ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശമയച്ചയാൾക്കെതിരെയാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്.

അതേസമയം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ തമ്പാനൂർ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.