തിരുവനന്തപുരം: സ്വന്തം നാട്ടിലേക്ക് ബസ് ചോദിച്ച മുൻ മന്ത്രിയെ തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. ചെങ്ങന്നൂർ എം എൽ എയും മുൻ മന്ത്രിയുമായ സജി ചെറിയാനാണ് ഈ ഗതികേട് സംഭവിച്ചത്. സ്വന്തം മണ്ഡലത്തിന്റെ കാര്യം പറയാൻ പ്രത്യേകിച്ച് പക്ഷമൊന്നും നോക്കാത്തയാളാണ് സജി ചെറിയാൻ. ചെങ്ങന്നൂർ മണ്ഡലത്തിലെ ഗ്രാമീണ മേഖലയിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ നിർത്തലാക്കിയതാണ് സജി ചെറിയാനെ പ്രകോപിപ്പിച്ചത്.

ചെങ്ങന്നൂർ യൂണിറ്റിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന 4 റൂട്ടുകളാണ്് നിർത്തലാക്കിയത്. ഇത് പുനരാരംഭിക്കണമെന്ന സജി ചെറിയാന്റെ ആവശ്യം ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ തള്ളിക്കളഞ്ഞു. പ്രവർത്തന ചെലവ് പോലും ലഭിക്കാത്ത സർവീസുകളാണ് ഇതെല്ലാമെന്നും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പുനരാരംഭിക്കാൻ കഴിയില്ലെന്നുമായിരുന്നു ആന്റണി രാജുവിന്റെ മറുപടി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡീസൽ തുക ലഭ്യമാക്കിയാൽ ഗ്രാമ വണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി നിർത്തലാക്കിയ സർവീസ് ആരംഭിക്കാമെന്നുമാണ് ആന്റണി രാജുവിന്റെ മറുപടി. അതായത് നാട്ടുകാര് ഡീസലടിച്ചു കൊടുത്താൽ സർവീസ് നടത്താമെന്നർത്ഥം. സർവീസ് നടത്തി കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ് സർവീസുകൾ നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പൊതുജനങ്ങളും പ്രതിപക്ഷവും ഉയർത്തുന്നത്.

വിദ്യാർത്ഥികളും ബസ് യാത്രക്കാരും ഇതുമൂലം അനുഭവിക്കുന്ന യാത്രാദുരിതം പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തു. മന്ത്രിസ്ഥാനം പോയ ഭരണപക്ഷ എംഎൽഎയായ സജി ചെറിയാനും സമാനമായ പരാതിയാണ് ഗതാഗതമന്ത്രി ആന്റണി രാജുവിനോട് നിയമസഭ ചോദ്യമായി ഉന്നയിച്ചത്.