- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യ സമരത്തിൽ വെടിയേറ്റു മരിച്ച രാജേന്ദ്രന്റെ അനുജൻ വിരമിച്ചത് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന്; മരിച്ചത് 2015ൽ; എന്നിട്ടും ഭാര്യയ്ക്ക് കുടുംബ പെൻഷൻ നൽകാത്ത കെ എസ് ആർ ടി സി; ഒടുവിൽ ഹൈക്കോടതി നീതി നൽകി; കോടതി അലക്ഷ്യ നോട്ടീസിൽ ഭയന്ന് പണം നൽകി ആനവണ്ടിക്കാർ; ഇത് ശാന്തകുമാരിയുടെ വിജയകഥ
തിരുവനന്തപുരം: കുടുംബ പെൻഷനു വേണ്ടി 75 വയസുള്ള പേരൂർക്കട അമ്പലമുക്ക് വിശാഖിൽ സി.എ.ശാന്തകുമാരി എട്ട് വർഷമായി നടത്തി നിയമ പോരാട്ടത്തിന് ഒടുവിൽ വിജയം. കെഎസ്ആർടിസി ഡിസ്ട്രിക്റ്റ് ട്രാൻസ്‌പോർട്ട് ഓഫിസർ ആയി വിരമിച്ച എൻ.മോഹൻകുമാറിന്റെ ഭാര്യയാണ് ശാന്തകുമാരി. കെ എസ് ആർ ടി സിയ്‌ക്കെതിരെയായിരുന്നു നിയമ പോരാട്ടം.
പെൻഷന#് കുടിശിക ഉൾപ്പെടെ 18,52,717 രൂപയുടെ പെൻഷൻ തുക ശാന്തകുമാരിയുടെ ബാങ്ക് അക്കൗണ്ടിൽ കോർപറേഷൻ കഴിഞ്ഞ ദിവസം നിക്ഷേപിച്ചു. അഡ്വ. വഴുതക്കാട് നരേന്ദ്രൻ മുഖേന ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. വലിയ നിയമ പോരാട്ടമാണ് നീതിക്കായി ശാന്തകുമാരിക്ക് നടത്തേണ്ടി വന്നത്.
ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് 1998 മാർച്ചിൽ വിരമിച്ച മോഹൻകുമാർ 2015 ഫെബ്രുവരിയിൽ മരിച്ചു. കുടുംബ പെൻഷനു വേണ്ടി കെഎസ്ആർടിസിക്ക് കൊടുത്ത അപേക്ഷയിൽ തീരുമാനമുണ്ടായില്ല. ഇതോടെ ലീഗൽ സർവീസസ് അഥോറിറ്റിയിൽ പരാതി നൽകി. പക്ഷേ അഥോറിറ്റി ഉത്തരവിലും പെൻഷൻ ലഭിച്ചില്ല. ലോകായുക്തയിലും കേസ് ഫയൽ ചെയ്‌തെങ്കിലും പല പല കാരണങ്ങൾ പറഞ്ഞ് പെൻഷൻ നിഷേധിച്ചു.
സർവീസ് രേഖയിൽ നോമിനിയെ നിയോഗിച്ചിട്ടില്ലെന്നതായിരുന്നു കെ എസ് ആർ ടി സിയുടെ ന്യായം. ഒടുവിലാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കുടിശിക ഉൾപ്പെടെ പെൻഷൻ നാലു മാസത്തിനകം നൽകാൻ കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയെങ്കിലും അനുകൂല നിലപാടുണ്ടായില്ല. തുടർന്ന് കോർട്ടലക്ഷ്യ കേസിനായി ശാന്തകുമാരി വക്കീൽ നോട്ടിസ് അയച്ചു.
ഇതിന് പിന്നാലെയാണ് തുക അനുവദിച്ചത്. പേട്ടയിൽ സ്വാതന്ത്ര്യ സമരത്തിൽ വെടിയേറ്റു മരിച്ച രാജേന്ദ്രന്റെ അനുജനാണ് മോഹൻകുമാർ. എങ്ങനേയും പെൻഷൻ നൽകാതിരിക്കാനായിരുന്നു കെ എസ് ആർ ടി സിയുടെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ