കൊച്ചി: യാത്രക്കാരിയുടെ പരാതി കേട്ട് ഓടി മറഞ്ഞ ക്രൂരനെ പിറകെ ഓടി പിടികൂടിയ കണ്ടക്ടർ. കെ എസ് ആർ ടി സിക്ക് ഈ കണ്ടക്ടർ നൽകിയത് അഭിമാനം മാത്രമാണ്. മലയാളിയാകെ ഈ കണ്ടക്ടർക്ക് കൈയടിച്ചു. പക്ഷേ കൈയടി കിട്ടുന്ന കണ്ടക്ടർമാരുടെ ജോലി ദുരിത പൂർണ്ണമാണ്. കൃത്യമായ ശമ്പളമില്ല. ഇതിനൊപ്പം പിഴ ഭീതിയും.

വിചിത്രമായ സർക്കുലർ പുറപ്പെടുവിച്ച് കെ എസ് ആർ ടി സി. ബസ്സിൽ ഒരു യാത്രക്കാരൻ ടിക്കറ്റ് എടുക്കാതെ ചെക്കർ പിടിച്ചു കഴിഞ്ഞാൽ യാത്രക്കാരനിൽ നിന്നും 500 രൂപ പിഴ ഈടാക്കാനുള്ള വകുപ്പുണ്ട്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം യാത്രക്കാരൻ ടിക്കറ്റ് എടുത്തില്ലെങ്കിൽ കണ്ടക്ടറും പിഴ അടയ്ക്കണം. 500 അല്ല 4000 മുതൽ 5000 വരെയാണ് പിഴ അടയ്ക്കേണ്ടി വരിക. അതായത് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരേക്കാൾ കൂടുതൽ തുക കണ്ടക്ടർ നൽകണം. എങ്ങനേയും വരുമാനം ഉയർത്താനുള്ള വളഞ്ഞ ചിന്തയാണ് എല്ലാത്തിനും കാരണം.

പുതിയ ഉത്തരവ് എത്തിയതോടെ കണ്ടക്ടർ സമൂഹം ആകെ പ്രതിസന്ധിയിലാണ്. ബസിനുള്ളിൽ അവർ നെട്ടോട്ടമോടുന്നു. എല്ലാവരും ടിക്കറ്റ് എടുത്തുവെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു. ഇല്ലെങ്കിൽ വലിയ തുക പിഴയായി നൽകണം. ഉത്തരവിൽ പറയുന്നത് ഇങ്ങനെ: യാത്രക്കാരിൽ നിന്നും ടിക്കറ്റ് ഈടാക്കാത്ത ജീവനക്കാരനെതിരെയുള്ള ആദ്യ റിപ്പോർട്ടാണെങ്കിൽ ചുവടെ പറയുന്ന നിരക്കുകളിൽ പിഴ ഈടാക്കാവുന്നതാണ്....

1. 30 യാത്രക്കാർ വരെ ബസിൽ ഉണ്ടെങ്കിൽ 5000
2. 31 മുതൽ 47 യാത്രക്കാർ വരെ ബസിൽ ഉണ്ടെങ്കിൽ 3000
3. 48 മുതൽ 65 വരെ യാത്രക്കാർ ബസിൽ ഉണ്ടെങ്കിൽ 2000
4. 65 യാത്രക്കാരിൽ കൂടുതലുണ്ടെങ്കിൽ 1000

അതേസമയം ഇത്തരം കേസുകളിലും, കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്ന ജീവനക്കാരുടെ റിപ്പോർട്ട്് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അയച്ചു നൽകണമെന്നും ഉത്തരവിൽ പറുന്നുണ്ട്. അതായത് രണ്ടാം തവണ പിഴ കൂടും. ജീവനക്കാർക്ക് ശമ്പളം പോലും കൃത്യമായി നൽകാതെയാണ് കെ എസ് ആർ ടി സിയുടെ ഈ ക്രൂരത എന്നത് ഞെട്ടിപ്പിക്കുന്നതാണ്. പ്രതിദിനം 1500 രൂപയിൽ താഴെയാണ് ശരാശരി ശമ്പള നിരക്ക്. അതുകൊണ്ട് തന്നെ പിഴക്കുരുക്കിൽ പെട്ടാൽ ശമ്പളം കിട്ടാത്ത സ്ഥിതി വരും.

ഗഡുക്കളായി ശമ്പളം നൽകുന്ന സ്ഥാപനമാണ് കെ എസ് ആർ ടി സി. അതേസമയം ഗഡുക്കളായി ശമ്പളം നൽകുന്നതിനോട് ജീവനക്കാരിലും തൊഴിലാളിസംഘടനകളിലും എതിർപ്പ് ശക്തമാണ്. ഫെബ്രുവരി 15-ന് ഇറക്കിയ സർക്കുലറിൽ സർക്കാർ സഹായം കിട്ടിയിട്ട് ശമ്പളം മതിയെന്നുള്ളവർ വ്യക്തിഗത സമ്മതപത്രം നൽകാൻ ആവശ്യപ്പെട്ടിരുന്നു. സഹായധനം എന്ന് ലഭിക്കുമെന്ന് സർക്കാർ ഉറപ്പുനൽകാത്തതുകൊണ്ടാണ് സമ്മതപത്രം നൽകാത്തതെന്ന് ജീവനക്കാർ പറയുന്നു.

ഒറ്റത്തവണയായി മതിയെന്ന് എഴുതിക്കൊടുത്താൽ അനിശ്ചിതമായി ശമ്പളം വൈകുമെന്ന ഭീതിയും ജീവനക്കാർക്കുണ്ട്. സർക്കാർ സഹായം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതും ഏപ്രിൽമുതൽ സഹായധനം നൽകാൻ കഴിയില്ലെന്ന ധനവകുപ്പിന്റെ നിലപാടും ജീവനക്കാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

അതേസമയം കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് പലവിധത്തിലായി നിഷേധിക്കപ്പെട്ടത് 434.53 കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. സാമ്പത്തികപ്രതിസന്ധിയുടെ പേരിലാണ് ഇതെല്ലാം. ദേശീയ പെൻഷൻ പദ്ധതിയിൽ 251.63 കോടി രൂപയും പെൻഷൻ ആനുകൂല്യങ്ങളായി 83.10 കോടി രൂപയും ജീവനക്കാരുടെ വ്യക്തിഗത വായ്പകൾ മുടക്കിയവകയിൽ 55.14 കോടി രൂപയും മാനേജ്‌മെന്റ് അടയ്ക്കാനുണ്ട്. പി.എഫ്. (15.75 കോടി രൂപ), സപ്ലിമെന്ററി സാലറി (15 കോടി രൂപ), ലീവ് സറണ്ടർ (ഒൻപത് കോടി രൂപ) കുടിശ്ശികയുമുണ്ട്.