തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നതിൽ ഹൈക്കോടതി ഇടപെട്ടതോടെ കെ എസ് ആർ ടി സിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാനുള്ള നീക്കവുമായി മാനേജിങ് ഡയറക്ടർ. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എംഡി ബിജു പ്രഭാകറിന്റെ നിർദ്ദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർഗറ്റ്.

നൂറ് ശതമാനം ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതിക്ക് തന്നെ മുഴുവൻ ശമ്പളം കൊടുക്കും. 90 ശതമാനം എങ്കിൽ ശമ്പളത്തിന്റെ 90 ശതമാനം നൽകും. സർക്കാർ സഹായം നൽകിയില്ലെങ്കിൽ ഈ നിർദ്ദേശം ഏപ്രിൽ മുതൽ നിലവിൽ വരും. 100 ശതമാനത്തിന് മുകളിൽ വലിയ തോതിൽ ടാർഗറ്റ് തികയ്ക്കുന്ന ഡിപ്പോകളിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പളം നൽകാനുമാണ് ആലോചന.

വരുമാനത്തിന് അനുസരിച്ച് ശമ്പളം നൽകാനാണ് മാനേജ്‌മെന്റിന്റെ നീക്കം. ഡിപ്പോ തലത്തിൽ ടാർഗറ്റ് നിശ്ചയിക്കുന്നത് സംബന്ധിച്ച് ഇന്നലെ തലസ്ഥാനത്ത് നടന്ന ശിൽപ്പശാലയിൽ മന്ത്രി ആന്റണി രാജു വെളിപ്പെടുത്തിയിരുന്നു. എന്നാൽ നിർദേശത്തിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ നടപടി അംഗീകരിക്കാനാകില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം.

ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിച്ചു നൽകാനാണ് തീരുമാനം. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാർഗറ്റ് നടപ്പാക്കാൻ ഒരുങ്ങുന്നത്. 100 ശതമാനം ലക്ഷ്യം കൈവരിക്കുന്ന ഡിപ്പോകളിൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും നൽകാനാണ് നിർദ്ദേശം. ടാർഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളമേ ലഭിക്കൂ. പുതിയ നിർദേശത്തിലൂടെ വരുമാനം ഉയർത്താനാകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. തൊഴിലാളികൾക്കു ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. സ്ഥാപനം കനത്ത പ്രതിസന്ധിയിലാണെന്നും ശമ്പളം നൽകാൻ ഏപ്രിൽ മുതൽ സർക്കാർ സഹായം ഉണ്ടാകില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പത്താം തീയതി കഴിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വന്നതോടെയാണ് കോടതി ഇടപെടലുണ്ടായത്.

ശമ്പളം നൽകാൻ 30 കോടിരൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 60 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ഇനി ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കാനായില്ല.

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 82 വിരമിച്ച ജീവനക്കാർക്ക് ഉടൻ പകുതി പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു. കെഎസ്ആർടിസി മാനേജ്മെന്റ് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവർക്കാണ് അനുകൂല്യം നൽകേണ്ടത്. ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെഎസ്ആർടിസി നിലപാട് കോടതി രേഖപ്പെടുത്തി. എങ്കിലും ഇതിൽ തീരുമാനമായിട്ടില്ല.

അനുകൂല്യം വിതരണം ചെയ്യാൻ കൈയിൽ പണം ഇല്ലെന്നു കെഎസ്ആർടിസി അറിയിച്ചു. എന്നാൽ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിനു ബുദ്ധിമുട്ടണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ചോദ്യം. വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമെന്ന് കോടതി വിലയിരുത്തി.

വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെഎസ്ആർടിസി മാറ്റി വയ്ക്കാഞ്ഞതിലും കോടതി അതൃപ്തി അറിയിച്ചു. ഹർജികൾ ഹൈക്കോടതി 28 ന് വീണ്ടും പരിഗണിക്കും. 2022 ജനുവരി മുതൽ ഡിസംബർവരെ വിരമിച്ച 1001 പേരെ മൂന്ന് വിഭാഗമായി തിരിച്ച് വിരമിക്കൽ ആനുകൂല്യം നൽകാനാവശ്യമായ തുക സംബന്ധിച്ച കണക്ക് കെ.എസ്.ആർ ടി സി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.