- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു; സഖാവ് കൃഷ്ണപിള്ളയായി അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലാളിത്യവും സത്യസന്ധതയും കണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം തോന്നിയത്; പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്? പഴയ 'കെഎസ്യുക്കാരനെ' തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം; നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കും

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇടതുമുന്നണിയുമായി ഇടഞ്ഞുനില്‍ക്കുന്ന നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയേക്കുമെന്ന് സൂചന. താന്‍ കോളേജ് കാലത്ത് കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ ഈ നീക്കങ്ങള്‍ക്ക് ബലം നല്‍കുന്നു. സര്‍ക്കാര്‍ നടപടിയിലെ നീതികേടിനെതിരെ പരസ്യമായി രംഗത്തുവന്ന പ്രേംകുമാറുമായി കോണ്‍ഗ്രസ് നേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രേംകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നാടാര്‍ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലൊന്നോ അല്ലെങ്കില്‍ കഴക്കൂട്ടമോ അദ്ദേഹത്തിനായി പരിഗണനയിലുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കിയ സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്ന് പ്രേംകുമാര്‍ തുറന്നടിച്ചിരുന്നു. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദനെതിരെ നടപടിയെടുക്കാത്തവര്‍ തന്നോട് കാണിച്ചത് ഇരട്ടനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ്. പിന്നീട് സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം സിനിമയായപ്പോള്‍ അദ്ദേഹത്തിന്റെ ലാളിത്യവും സത്യസന്ധതയും കണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം തോന്നിയത്,'- പ്രേംകുമാര്‍ തന്റെ പഴയകാലം ഓര്‍ത്തെടുത്തു. എന്നാല്‍ സാംസ്‌കാരിക മേഖലയിലെ ഇത്തരം അവഗണനകള്‍ തുടരുന്ന സാഹചര്യത്തില്‍ താരം തന്റെ രാഷ്ട്രീയ വേരുകളിലേക്ക് മടങ്ങുമെന്നാണ് സൂചന.
മാന്യമായ ഒരു യാത്രയയപ്പ് പോലും നല്‍കാതെ മാധ്യമങ്ങളിലൂടെ പുറത്താക്കല്‍ വിവരം അറിയേണ്ടി വന്നതിലെ വിഷമം പ്രേംകുമാര്‍ മറച്ചുവെക്കുന്നില്ല. സാംസ്‌കാരിക നായകര്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധം തിരഞ്ഞെടുപ്പില്‍ അനുകൂലമാക്കാന്‍ പ്രേംകുമാറിനെ മുന്‍നിര്‍ത്തിയുള്ള നീക്കം കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
അര്‍പ്പണബോധത്തോടെ ചെയ്ത പ്രവൃത്തിയില്‍ നിന്ന് പറഞ്ഞുവിടുമ്പോള്‍ മാന്യതയുണ്ടാകണമെന്ന് പ്രേംകുമാര്‍ പ്രതികരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗിക അറിയിപ്പ് പോലും ലഭിച്ചിട്ടില്ല. മാറ്റുന്നതും പുറത്താക്കുന്നതും എല്ലാം സര്‍ക്കാര്‍ തീരുമാനമാണ്, പ്രേംകുമാര്‍ പറഞ്ഞു. കര്‍ഷക സമരത്തെക്കുറിച്ചും ഇന്ധന വിലവര്‍ദ്ധനവിനെക്കുറിച്ചുമടക്കമുള്ള തന്റെ ചില ലേഖനങ്ങള്‍, തന്റെ നിലപാടുകള്‍ തുടങ്ങിയവ കണ്ടാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ചുമതലയിലേയ്ക്ക് വന്നത്. സിനിമ ചെയ്യാതെ പൂര്‍ണ സമയവും ഇതിനായി ചെലവഴിച്ചു. അത്രയും അര്‍പ്പണബോധത്തോടെ ചെയ്ത പ്രവൃത്തിയില്‍ നിന്ന് പറഞ്ഞുവിടുമ്പോള്‍ മാന്യതയുണ്ടാകണം. യാത്ര പറയാനോ, യാത്രയപ്പ് നല്‍കാന്‍ പോലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അംഗത്വമില്ലെങ്കിലും കഴിഞ്ഞ 35 വര്‍ഷമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് താന്‍. വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പിന്നീടാണ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. പതിനായിരം രൂപയായിരുന്നു അന്ന് ഓണറേറിയം ലഭിച്ചത്. ആശാസമര പരാമര്‍ശമാണ് തന്നെ പുറത്താക്കാനുള്ള കാരണം കാരണമെന്ന് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. സമരത്തെ കുറിച്ച് നടത്തിയത് സദുദ്ദേശപരമായ അഭിപ്രായം മാത്രമാണ്. മനുഷ്യനായതിനാല്‍ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ സാഹിത്യ അക്കാഡമി അദ്ധ്യക്ഷന്‍ കെ. സച്ചിദാന്ദനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ട നീതിയാണെന്ന് പ്രേംകുമാര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തനിക്ക് ഇല്ലാത്ത എന്തോ അദ്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നും പ്രേംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചിരുന്നു.
ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അക്കാദമി ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ റസൂല്‍ പൂക്കുട്ടിയാണ് അടുത്ത ചെയര്‍മാന്‍ ആയി സ്ഥാനം ഏറ്റെടുത്തത്. ഈ നിയമനം പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ ഒരു സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ ഒരു പ്രക്രിയ മാത്രമാണ്. അല്ലാതെ പ്രേം കുമാറിനെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ലെന്ന് മന്ത്രി വ്യക്തമാക്കി.


