മൂവാറ്റുപുഴ: സമൂഹമാധ്യമ പോസ്റ്റിനു താഴെ മതവിദ്വേഷം നിറയുന്ന കമന്റിട്ട സിപിഎം മൂവാറ്റുപുഴ ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നടപടി സിപിഎം ഗൗരവത്തില്‍ എടുക്കും. അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം കൂടിയായ എം.ജെ. ഫ്രാന്‍സിസ് ആണ് സിപിഎം പ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക് പോസ്റ്റിനു താഴെ മതവിദ്വേഷ കമന്റ് ഇട്ടത്. പിസി ജോര്‍ജ് വിവാദം കത്തുമ്പോള്‍ ഇത്തരം ഇടപെടലുകള്‍ സിപിഎം സഖാക്കള്‍ നടത്തരുതെന്നാണ് നിര്‍ദ്ദേശം. ഇത്തരം വിവാദങ്ങള്‍ കാറണം പ്രത്യേക വിഭാഗം സിപിഎമ്മില്‍ നിന്നും അകലുന്നതിന് ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ജലീലിനോടും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന് സിപിഎം നിര്‍ദ്ദേശിച്ചേക്കും. ശാസനയുടെ രൂപത്തില്‍ അത് നല്‍കാനും സാധ്യത ഏറെയാണ്. ജലീല്‍ പാര്‍ട്ടി അംഗമല്ലെങ്കിലും ഇടത് എംഎല്‍എ എന്ന നിലയിലാകും സിപിഎം ഇടപെടല്‍.

മുസ്ലിം ജനവിഭാഗത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ വിശദീകരണവുമായി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പരാമര്‍ശം സിപിഎം നിലപാടല്ലെന്ന് ഏരിയ കമ്മിറ്റി സെക്രട്ടറി അനീഷ് എം.മാത്യു പറഞ്ഞു. ഇത്തരത്തിലുള്ള നിലപാടു സ്വീകരിക്കുന്ന പ്രവര്‍ത്തകരെ തിരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഏരിയ കമ്മിറ്റി അറിയിച്ചു. ഇതിനു പിന്നാലെ ഫ്രാന്‍സിസ് കമന്റ് നീക്കം ചെയ്തു. സമൂഹമാധ്യമത്തിലൂടെ ക്ഷമാപണവും നടത്തി. പക്ഷേ അച്ചടക്ക നടപടി അനിവാര്യമാണെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

കെ.ടി.ജലീലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തയാള്‍ക്ക് കമന്റായാണ് ഫ്രാന്‍സിസിന്റെ വിവാദ പരാമര്‍ശം. വിഷയത്തില്‍ സപിഎം ഫ്രാന്‍സിസിനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിനുപിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയതും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ്. കമന്റ് മുസ്ലീം മതവിഭാഗത്തെ ആകെ ക്രിമിനല്‍ സ്വഭാവക്കാരായി ചിത്രീകരിക്കുന്ന നിലയില്‍ ആയത് തീര്‍ത്തും തെറ്റായിപ്പോയി. 'ഈ കമന്റ് മൂലം മാനസികമായി വിഷമം ഉണ്ടായ മുഴുവന്‍ പേരോടും ഞാന്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. കുറ്റവാളികള്‍ ഏതെങ്കിലും മതത്തിന്റെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്റെ പാര്‍ട്ടി നിലപാടിന് വിപരീതമായ നിലയില്‍ കമന്റ് വന്നതില്‍ ഞാന്‍ ദുഃഖിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു' -ഫ്രാന്‍സിസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലാണ് എം. ജെ ഫ്രാന്‍സിസിന്റെ കമന്റ് എന്നത് സിപിഎമ്മിനേയും വെട്ടിലാക്കുന്നുണ്ട്. ജലീലിനോടും ഇത്തരം നിലപാടുകള്‍ പാടില്ലെന്ന് വിശദീകരിച്ചേക്കും. നോമ്പെടുത്താല്‍ ഒരു വര്‍ഷം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരമായെന്നാണ് ചിലര്‍ കരുതുന്നതെന്നും കമന്റില്‍ ഫ്രാന്‍സിസ് ആരോപണച്ചിരുന്നു. 'ഈ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്‌ലിംകള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍പോയി അഞ്ചുനേരം പ്രാര്‍ഥിച്ചാല്‍ മതി.അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്' എന്നും കമന്റില്‍ പറഞ്ഞിരുന്നു.

മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന കെ.ടി.ജലീല്‍ എം.എല്‍ എയുടെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുസിം സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നല്‍കി. മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തില്‍ കെ ടി ജലീലിന്റെ പ്രസംഗമാണ് വിവാദമായത്. മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാര്‍ക്കുള്ള ധാര്‍മ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകള്‍ക്ക് ഉണ്ടാകുന്നില്ലെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു. കോളേജുകളിലും സ്‌കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാള്‍ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെടി ജലീലിന്റെ വാദം സമസ്ത തള്ളുകയും ചെയ്തു. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നതിനു പകരം അതില്‍ മതം കലര്‍ത്തുന്നത് ശരിയല്ലെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.പല ഇടങ്ങളില്‍ നിന്നും വിമര്‍ശനം വന്നെങ്കിലും പ്രസംഗത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിശകുകള്‍ തിരുത്തണമെന്നും കെ ടി ജലീല്‍ ഫേസ് ബുക്കിലും കുറിച്ചു.