- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സച്ചിന് ദേവിന്റെ നേതൃത്വത്തില്‍ നിശ്ചയിച്ച അജണ്ട വൈസ് ചാന്‍സലര്‍ അംഗീകരിച്ചില്ല; തര്‍ക്കം തുടര്‍ന്നപ്പോള്‍ യോഗം പിരിച്ചു വിട്ട ഡോ കെ ശിവപ്രസാദ്; വിസിയെ വെല്ലുവിളിച്ച് സമാന്തര സിന്‍ഡിക്കേറ്റും; ആ യോഗത്തില്‍ രജിസ്ട്രാര്‍ പങ്കെടുത്തത് ചട്ടവിരുദ്ധമോ? കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിസി; സാങ്കിതക സര്‍വ്വകലാശാലയില്‍ 'ആര്‍ലേക്കര്‍' ഇടപെട്ടേക്കും
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മില്‍ വാഗ്വാദം ഗവര്‍ണറുടെ മുന്നിലേക്ക്. ഈ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. ഡോ. സജി ഗോപിനാഥ് വിരമിച്ചതിനെത്തുടര്‍ന്ന് നിയമിതനായ കുസാറ്റ് പ്രൊഫസര്‍ ഡോ. കെ. ശിവപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ ആദ്യ സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു സംഭവം. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ശിവപ്രസാദിനെ വിസിയായി നിയമിച്ചത്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലായിരുന്നു. ഇതാണ് സിന്‍ഡിക്കേറ്റ് യോഗത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണവും.
കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് ആര്‍. പ്രവീണിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്, വി.സിയുടെ പരിശോധനയോ അംഗീകാരമോ കൂടാതെ നേരിട്ട് സിന്‍ഡിക്കേറ്റ് യോഗ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചത് വി.സി. അനുവദിച്ചില്ല. ഇതാണ് വി.സിയും സിന്‍ഡിക്കേറ്റ് അംഗങ്ങളുമായുള്ള വാഗ്വാദത്തില്‍ കലാശിച്ചത്. തുടര്‍ന്ന് യോഗം വി.സി. പിരിച്ചുവിട്ടു. യോഗം പിരിച്ചുവിട്ട ശേഷം അംഗങ്ങള്‍ കൂട്ടായി സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നു. സിന്‍ഡിക്കേറ്റിന്റെ സെക്രട്ടറി കൂടിയായ രജിസ്ട്രാര്‍, യോഗം പിരിച്ചുവിട്ടശേഷം ചേര്‍ന്ന അനധികൃത യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചട്ടവിരുദ്ധമായി സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നതും രജിസ്ട്രാര്‍ യോഗത്തില്‍ പങ്കെടുത്തതും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വി.സി. ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ നടപടി എടുക്കുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. സിപിഎം പ്രതിനിധികളായ പി.കെ.ബിജു, സച്ചിന്‍ദേവ് എംഎല്‍എ എന്നിവര്‍ അജന്‍ഡകള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ലെന്നാണു വിസിയുടെ വിമര്‍ശനം.
പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പരമാവധി തുകയേക്കാള്‍ അധികം തുക പിന്‍വലിച്ചതിന് ഒരു വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലുള്ള സെക്ഷന്‍ഓഫീസര്‍ ആര്‍.പ്രവീണിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പരിഗണിക്കണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അജന്‍ഡയിലില്ലാത്ത ഇത് പരിഗണിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് താന്‍ പഠിച്ചശേഷമേ പരിഗണിക്കാനാവൂ എന്നും വി.സി നിലപാടെടുത്തു. ഇതോടെ സിന്‍ഡിക്കേറ്രില്‍ ബഹളവും വാഗ്വാദവുമായി. ബഹളം കനത്തതോടെ വി.സി യോഗം പിരിച്ചുവിട്ടു. പിന്നാലെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വേറെ യോഗം ചേരുകയായിരുന്നു. സിന്‍ഡിക്കേറ്റിന്റെ സെക്രട്ടറി കൂടിയായ രജിസ്ട്രാര്‍ ഈ യോഗത്തില്‍ പങ്കെടുത്തതിനാണ് വി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പുതിയ ഗവര്‍ണര്‍ ആര്‍ലേക്കറിന് മുന്നിലെത്തുന്ന ആദ്യ സര്‍വ്വകലാശാല വിഷയം കൂടിയാണ് ഇത്.
ഹൈക്കോടതി നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തി വളരെ പ്രധാനപ്പെട്ട അക്കാദമിക് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ നിന്നും വിട്ടുനിന്ന സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍പറയുന്നു. എല്ലാ സര്‍വകലാശാല ചട്ടങ്ങളും നിയമങ്ങളും കോടതി വിധികളും മറികടന്നു കൊണ്ട് മുന്‍ ചാന്‍സലര്‍ നിയമിച്ച താല്‍ക്കാലിക വിസി ആണ് സാങ്കേതിക സര്‍വകലാശാലയില്‍ ചുമതല വഹിക്കുന്നത്. ചുമതലയേറ്റ് മാസങ്ങളായിട്ടും ഇതുവരെ സര്‍വകലാശാല ഭരണ സമിതിയോഗങ്ങള്‍ കൃത്യമായി വിളിച്ചു ചേര്‍ത്തിരുന്നില്ല. സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ത്തത് തന്നെ മാസങ്ങള്‍ക്കു ശേഷമാണെന്നും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നിര്‍ബന്ധമായും വെക്കേണ്ട അജണ്ടകള്‍ പരിഗണിക്കാതെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് യോഗത്തില്‍ നിന്ന് വിട്ടു നിന്ന വിസിയുടെ നടപടി തരംതാഴ്ന്ന രാഷ്ട്രീയക്കളിയായി കാണേണ്ടി വരുമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റില്‍ കണ്ടെത്തിയത് പ്രകാരം ഒരു സെക്ഷന്‍ ഓഫീസര്‍ പണാപഹരണത്തിന് സസ്‌പെന്‍ഷനില്‍ ആണ് . സേവ് യൂണിവേഴ്‌സിറ്റി സംഘം നേതാവായ ഇയാള്‍ക്കെതിരെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ കൂടിയായ അഡ്വക്കേറ്റ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് യോഗം പരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അവഗണിച്ച് മുന്നോട്ടു പോകാനാണ് വിസി ശ്രമിച്ചത്. സര്‍വകലാശാല സ്റ്റാറ്റിയൂട്ട് നിര്‍ദ്ദേശിക്കുന്ന നടപടി പ്രകാരം ഒരു അംഗത്തെ അധ്യക്ഷനാക്കി സിന്‍ഡിക്കേറ്റ് യോഗം നടപടികള്‍ തുടരുകയും അജണ്ടകള്‍ പരിഗണിക്കുകയുമാണ് ചെയ്തത്. സര്‍വകലാശാലാ നിയമത്തെ സംബന്ധിച്ചുള്ള അജ്ഞതയാണ് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ കാണിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
മറ്റ് സര്‍വകലാശാലകളില്‍ നിന്നും വ്യത്യസ്തമായി സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരടക്കം സിന്‍ഡിക്കേറ്റില്‍ അംഗങ്ങളാണ് സാങ്കേതിക സര്‍വകലാശാലയില്‍. ആയതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരെ യോഗത്തില്‍ നിന്ന് തടയാന്‍ വൈസ് ചാന്‍സലര്‍ക്കാവില്ല. താന്‍ തന്നെ വിളിച്ചു ചേര്‍ത്ത യോഗമാണ് സ്റ്റാറ്റിയൂട്ട് പ്രകാരം നടന്നത് എന്ന വസ്തുത മനസ്സിലാക്കാതെയാണ് യോഗം നിര്‍ത്തിവച്ചു എന്ന തരത്തില്‍ വൈസ് ചാന്‍സലര്‍ പ്രസ്താവന നടത്തുന്നത്. ഇത്തരം പ്രസ്താവനകള്‍ ലജ്ജാകരമാണെന്നും സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ വി.സി ഡോ.സിസാ തോമസുമായും സിന്‍ഡിക്കേറ്റംഗങ്ങള്‍ കടുത്ത പോരിലായിരുന്നു. വി.സിയെ നിരീക്ഷിക്കാന്‍ ഉപസമിതിയെ നിയോഗിക്കുക പോലുമുണ്ടായി. ഈ പോര് ഇനിയും സാങ്കേതിക സര്‍വ്വകലാശാലയില്‍ തുടരും.