- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ടി യു വിസിക്ക് കടിഞ്ഞാണിടാൻ കൊണ്ടു വന്ന പ്രത്യേക സമിതി അടക്കം സിൻഡിക്കേറ്റിന്റെ തീരുമാനങ്ങൾ ഗവർണർ തടഞ്ഞു; വിസിയുടെ എതിർപ്പോടെ എടുത്ത തീരുമാനങ്ങൾ ചട്ടവിരുദ്ധമെന്ന് ആരിഫ് മുഹമ്മദ് ഖാൻ; വിശദീകരണം തേടാതെയുള്ള ചാൻസലറുടെ തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് സിൻഡിക്കേറ്റ്; പോര് മുറുകുന്നു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിക്ക് കടിഞ്ഞാണിടാൻ നാലംഗ ഉപസമിതിയെ വച്ചതടക്കം ഉള്ള സിൻഡിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ. പ്രത്യേക അധികാരം ഉപയോഗിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ തീരുമാനങ്ങൾ സസ്‌പെൻഡ് ചെയ്തത്. അതേസമയം ഗവർണറുടെ നടപടി വിശദീകരണം തേടാതെയാണെന്ന് സിൻഡിക്കേറ്റ് അറിയിച്ചു.
സാങ്കേതിക സർവകലാശാലയിൽ ഗവർണറും താൽക്കാലിക വിസിയും ഒരുഭാഗത്തും സർക്കാറും സിണ്ടിക്കേറ്റും മറുഭാഗത്തുമായുള്ള പോര് ശക്തമായി. കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിൻഡിക്കേറ്റും ഗവേണിങ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്‌പെൻഡ് ചെയ്തത്.
വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് തടഞ്ഞത്. വിസിയുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ നിലപാട്.
സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറെ നിയന്ത്രിക്കാൻ നാലംഗ ഉപസമിതിയാണ് സിൻഡിക്കേറ്റ് ജനുവരിയിൽ രൂപീകരിച്ചത്. സർവകലാശാലയുടെ ദൈനംദിന ഭരണനിർവഹണത്തിനെന്ന നിലയിലാണ് ഉപസമിതി രൂപവത്കരിച്ചത്.
സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.കെ. ബിജു, അഡ്വ. ഐ. സാജു, ജി. സഞ്ജീവ്, രജിസ്ട്രാർ ഡോ. എ. പ്രവീൺ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ചാൻസലറായ ഗവർണറും വൈസ് ചാൻസലറും തമ്മിലുള്ളതടക്കം കത്തിടപാടുകൾ സിൻഡിക്കേറ്റിനെ അറിയിക്കണമെന്നും യോഗം തീരുമാനിച്ചിരുന്നു.
താൽക്കാലിക ജീവനക്കാരുടെ നിയമനത്തിന് വി സി അറിയാതെ രജിസ്ട്രാർ നടത്തിയ വിജ്ഞാപനം വി സിയുടെ റിപ്പോർട്ടിനെ തുടർന്ന് ചാൻസലർ തടഞ്ഞിരുന്നു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ ചാൻസലർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ വി സി ഡോ. സിസ തോമസ് രജിസ്ട്രാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വി സിയുടെ കത്തിടപാടുകൾ സിൻഡിക്കേറ്റ് അറിയണമെന്ന വ്യവസ്ഥ കർശനമാക്കാൻ തീരുമാനിച്ചത്.
ദൈനംദിന ഭരണനിർവഹണത്തിന് വൈസ് ചാൻസലർക്കുള്ള അധികാരങ്ങൾ പരിമിതമാണെന്നും മിക്ക കാര്യങ്ങളിലും സിൻഡിക്കേറ്റിന്റെ അനുമതി ആവശ്യമാണെന്നും വിലയിരുത്തിയായിരുന്നു നടപടികൾ.
സിൻഡിക്കേറ്റിന്റെ പ്രതികരണം
സാങ്കേതിക സർവകലാശാല നിയമത്തിലെ 10 (3) വകുപ്പ് സർവകലാശാല ഉദ്യോഗസ്ഥരോ ഭരണ സമിതികളോ എടുത്ത തീരുമാനങ്ങളെ ചാൻസലർക്ക് സസ്പെൻഡ് ചെയ്യാമെന്ന് വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത തീരുമാനങ്ങൾ സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ചാൻസിലർക്ക് ബോധ്യപ്പെട്ടാൽ തീരുമാനമെടുത്ത അധികാരസ്ഥാനത്തോട് വിശദീകരണം ചോദിച്ചശേഷം വേണ്ടിവന്നാൽ സർക്കാരിനോട് കൂടിയാലോചിച്ചാണ് ചാൻസിലർ തീരുമാനമെടുക്കേണ്ടത്.
എന്നാൽ ഇന്ന് രാജ്ഭവന്റേതായി മാധ്യമങ്ങളിൽ വന്ന തീരുമാനത്തിൽ സർവകലാശാല സിൻഡിക്കേറ്റിനോടോ ബോർഡ് ഓഫ് ഗോവർണേഴ്സിനോടോ വിശദീകരണം ചോദിച്ചിട്ടില്ല. വാർത്തകളിൽ പറയുന്നതുപോലെ സിൻഡിക്കേറ്റ് തീരുമാനത്തോട് താൽക്കാലിക വൈസ് ചാൻസിലർ വിയോജിപ്പ് രേഖപെടുത്തിയിട്ടുമില്ല. ബോർഡ് ഓഫ് ഗോവർണേഴ്സിന്റെ അടിയന്തര പ്രമേയത്തോട് മാത്രമാണ് താൽക്കാലിക വൈ സ് ചാൻസിലർ വിയോജിപ്പ് രേഖപ്പെടുത്തിയത്. സർക്കാരുമായി ഏതെങ്കിലും കൂടിയാലോചനകൾ നടത്തിയിരുന്നോ എന്നത് സർവകലാശാല ഭരണ സമിതികൾക്ക് അറിവുമില്ല.
മറുനാടന് മലയാളി ബ്യൂറോ