തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സുപ്രീം കോടതിയെ വെല്ലുവിളിക്കുന്ന തരത്തിൽ മുൻ വിസിക്കും, പിവിസിക്കും ഔദ്യോഗിക യാത്രയയപ്പ് നൽകിയെന്ന് ആരോപണം. സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ മുതൽ വിസി പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡോ: എം. എസ്. രാജശ്രീക്കും വിസിയോടൊപ്പം സ്ഥാനം നഷ്ടപ്പെട്ട പിവിസി, ഡോ: എസ്. അയ്യൂബിനും ഇന്ന് സർവകലാശാല ഔദ്യോഗിക യാത്രയയപ്പ് നൽകി. ഇന്നുവരെ വൈസ് ചാൻസലറായി തുടർന്നതായി ആലേഖനം ചെയ്ത സ്മരണിക (മെമെന്റോ) യൂണിവേഴ്‌സിറ്റിക്ക് വേണ്ടി രജിസ്ട്രാർ മുൻ വിസി ക്കും പിവിസി ക്കും സമർപ്പിച്ചു.

സർവകലാശാലയിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും, ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അംഗത്വം നഷ്ടപെട്ട സിൻഡിക്കേറ്റ് അംഗം ഐ.സാജുവും യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു. വൈസ് ചാൻസലർ ഡോ:സിസാ തോമസ് സർവ്വകലാശാലയിൽ ഉണ്ടായിരുന്നുവെങ്കിലും ചടങ്ങിൽ നിന്ന് വിട്ടു നിന്നു.

സുപ്രീംകോടതി വിധിയെ തുടർന്ന് നാല് മാസം മുൻപ് പുറത്താക്കപ്പെട്ട വിസി ക്കും പിവിസിക്കും ഇന്ന് ഔദ്യോഗിക കാലാവധി അവസാനിച്ചതായി കാണിച്ച് യാത്രയപ്പ് നൽകിയ രജിസ്ട്രാറുടെ നടപടി സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്നും രജിസ്സ്ട്രാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

അതേസമയം, സാങ്കേതിക സർവകലാലയുടെ അറിയിപ്പ് ഇങ്ങനെയാണ്:

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല പ്രൊ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് ഡോ. എസ്. അയൂബ് വിരമിച്ചു. കൊല്ലം ടി. കെ. എം. എഞ്ചിനീയറിങ് കോളേജിന്റെ പ്രിൻസിപ്പൽ ആയിരിക്കെ 2019 ൽ ആണ് ഡോ. എസ് അയൂബ് പ്രൊ വൈസ് ചാൻസലറായി സ്ഥാനമേറ്റെടുക്കുന്നത്. സർട്ടിഫിക്കറ്റുകളും മാർക്ക്‌ലിസ്റ്റുകളും ഡിജിറ്റലായി വിദ്യാർത്ഥികളുടെ പോർട്ടലിൽ ലഭ്യമാക്കിയ ആദ്യത്തെ സർവ്വകലാശാലയെന്ന ഖ്യാതി സാങ്കേതിക സർവകലാശാലക്ക് സ്വന്തമായത് ഡോ. എം എസ് രാജശ്രീ വൈസ് ചാൻസലറും ഡോ. എസ്. അയൂബ് പ്രൊ വൈസ് ചാൻസലറും ആയ കാലയളവിലാണ്.

2020 ലെ കോവിഡ് സമയത്ത് ഓൺലൈനായി പരീക്ഷകൾ നടത്തി കൃത്യസമയത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനായതും ഇവരുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ്.

കോവിഡ് മഹാമാരിയെ നേരിടാൻ സാങ്കേതിക സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്‌കരിക്കാൻ കോവിഡ് സെൽ എന്ന ആശയം നടപ്പിലാക്കിയത് ഡോ. അയൂബിന്റെ നേതൃത്വത്തിലാണ്. ഓൺലൈൻ പരീക്ഷാ സംവിധാനം, മൂല്യനിർണ്ണയത്തിനായുള്ള ഓൺ സ്‌ക്രീൻ മാർക്കിങ് സംവിധാനങ്ങളും പുരോഗമിക്കുന്നു.

2018 ലെ പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടപെട്ട വിദ്യാർത്ഥികൾക്ക് അവ സ്‌കൂളുകളിൽ എത്തിച്ചു കൊടുക്കുന്ന 'ബാക് ടു സ്‌കൂൾ' എന്ന പദ്ധതിയും വീട് നഷ്ടപ്പെട്ടവർക്കായി 'ബാക്ക് ടു ഹോം ' പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.