- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വയസ്സുകാരൻ ദേവാക്ഷിദിനെ ആംബുലൻസിൽ നിന്നു പുറത്തിറക്കി കിടത്തിയപ്പോൾ അച്ഛൻ സുനിൽ മകനു നൽകിയ അന്ത്യചുംബനം കുടയത്തൂരുകാർക്ക് നൊമ്പരമായി; ആ ഗ്രാമത്തിന്റെ കൊച്ചേട്ടൻ സോമനും കുടുംബത്തിനുമുണ്ടായത് 'മലയൻകുഞ്ഞിന്' സമാന ദുരന്തം; കരച്ചിൽ ഇനിയും അടക്കാനാവാതെ കുടയത്തൂർ
തൊടുപുഴ: സോമൻ എന്നതുകൊച്ചേട്ടനായിരുന്നു ഒരു ഗ്രാമത്തിന്. ആ കൊച്ചേട്ടന്റെ വീട് ഇന്നില്ല. ആർക്കും വിശ്വസിക്കാനും കഴിയുന്നില്ല. ഉരുൾപൊട്ടലിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വസമുണ്ടെങ്കിലും നിമിഷനേരം കൊണ്ട് സോമനെയും കുടുംബത്തെയും നഷ്ടപ്പെട്ട വേദനയിലാണ് കുടയത്തൂർ നിവാസികൾ. അഞ്ചു വയസ്സുകാരൻ ദേവാക്ഷിദിനെ ആംബുലൻസിൽ നിന്നു പുറത്തിറക്കി കിടത്തിയപ്പോൾ അച്ഛൻ സുനിൽ മകനു നൽകിയ അന്ത്യചുംബനം കണ്ടുനിന്നവർക്കു കരച്ചിലടക്കാനായില്ല. അണപൊട്ടിയ തേങ്ങലുകൾക്കിടെ, കുടയത്തൂർ ദുരന്തത്തിൽ പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ വൈകിട്ട് 5ന് ശാന്തിതീരം ശ്മശാനത്തിൽ സംസ്‌കരിച്ചു. സോമന്റെ കൊച്ചു മകനാണ് ദേവാക്ഷിദ്.
തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 5 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ട് മരിച്ചത്. ഇവരിൽ തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊട്ടു പിന്നാലെ കൊച്ചുമകൻ ദേവാനന്ദിന്റെ മൃതദേഹം കണ്ടെടുത്തു. വീടിനു താഴെയായി അടിഞ്ഞുകൂടിയ മണ്ണിന് അടിയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മലയൻകുഞ്ഞ് എന്ന സിനിമയ്ക്ക് സമാനമായിരുന്നു ദുരന്തം. ഒരു വീട് മുഴുവൻ മണ്ണെടുത്ത അവസ്ഥ.
ആംബുലൻസുകൾ ഓരോന്നായി എത്തിയപ്പോൾ കാത്തുനിന്നവർക്കു നിയന്ത്രണംവിട്ടു. ഒരു നോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ഒട്ടേറെ ആളുകളാണ് എത്തിയിരുന്നത്. പന്തപ്ലാവിൽ ഉരുൾ ദുരന്തത്തിനിരയായ വീടു നിന്നിരുന്ന പ്രദേശത്തേക്കു വാഹനങ്ങൾക്കും മണ്ണുമാന്തി യന്ത്രങ്ങൾക്കും എത്തിച്ചേരാൻ കഴിയാതിരുന്നതു രക്ഷാപ്രവർത്തനം ൈവകിപ്പിച്ചു. കുത്തനെയുള്ള കയറ്റത്തിനൊപ്പം റോഡിലൂടെ കുതിച്ചെത്തിയ ചെളിവെള്ളവും പാറക്കല്ലുകളും വെല്ലുവിളി സൃഷ്ടിച്ചു. ഉരുൾപൊട്ടിയെത്തിയ പ്രദേശത്തു മുട്ടറ്റത്തോളം ചെളി അടിഞ്ഞിരുന്നു.
പുലർച്ചെ 5 മണിയോടെ ആദ്യത്തെ മണ്ണുമാന്തി യന്ത്രം എത്തിച്ചു റോഡിലെ തടസ്സങ്ങൾ നീക്കി. രക്ഷാപ്രവർത്തനം ആരംഭിച്ച് ആദ്യത്തെ മണിക്കൂറിൽ തന്നെ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തു. തുടർന്നു 7.30ന് 5 വയസ്സുകാരൻ ദേവാക്ഷിദ്, 8.30ന് അമ്മ ഷിമ എന്നിവരുടെ മൃതദേഹം ലഭിച്ചു. 10 മണിയോടെ സോമന്റെയും ഷിജിയുടെയും മൃതദേഹം കണ്ടെത്താനായെങ്കിലും 11 മണിയോടെയായിരുന്നു പുറത്തെടുക്കാൻ സാധിച്ചത്. നാടിനെയാകെ വേദനിപ്പിച്ച മരണം. വൈകുന്നേരത്തോടെ സംസ്‌കാരവും.
അയൽക്കാരന് ഞെട്ടൽ
''എന്റെ വീട്ടിൽനിന്നും 50 മീറ്റർ അകലെയായാണ് കൊച്ചേട്ടന്റെ വീട്. സിറ്റൗട്ടിൽനിന്ന് നോക്കിയാൽ അവരുടെ വാർപ്പുവീട് കാണാം. അയൽവാസി മാത്രമല്ല, ബന്ധുവും അടുത്ത സുഹൃത്തും ആയിരുന്നു അദ്ദേഹം. കൊച്ചേട്ടന്റെ ഏക മകളാണ് ഷിമ. ലാബ് ടെക്‌നിഷ്യനാണ്. ഷിമയുടെ മകൻ ദേവാനന്ദും എന്റെ മകനും കൂട്ടുകാരാണ്. അവർ ഒരുമിച്ചാണ് കളിക്കുന്നത്. ഞായറാഴ്ച അവധിയായതിനാൽ എല്ലാവരും വീട്ടിൽ തന്നെയായിരുന്നു. കൊച്ചേട്ടന് ടാപ്പിങ് ജോലിയാണ്. ഭാര്യയായ ഷിജിച്ചേച്ചി അടുത്തുള്ള സർക്കാർ സ്‌കൂളിൽ പാർട് ടൈം സ്വീപ്പറായി ജോലിക്ക് പോകുന്നുണ്ട്. അതേ സ്‌കൂളിൽ തന്നെയാണ് ദേവാനന്ദ് ഒന്നാം ക്ലാസിൽ പഠിക്കുന്നത്. രണ്ട് വർഷം മുൻപ് ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയതാണ് ഷിമി. പിന്നീട് തിരിച്ചുപോയിട്ടില്ല. ഞായറാഴ്ച രാവിലെയാണ് കൊച്ചേട്ടനെ അവസാനമായി കണ്ടത്. കനത്ത മഴയായതിനാൽ ആരും പുറത്തിറങ്ങിയില്ല-ഇത് അയൽവാസിയുടെ വാക്കുകളാണ്.
തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ ഭയങ്കര ശബ്ദം കേട്ടാണ് ഉണർന്നത്. മണ്ണും കല്ലും വീഴുന്ന ശബ്ദം കേട്ടപ്പോൾതന്നെ ഉരുൾ ആണെന്ന് തോന്നി. രക്ഷപ്പെടാനായി റൂമിൽനിന്ന് ഓടി സിറ്റൗട്ടിലെത്തി. മുറ്റം മുഴുവൻ ചെളിവള്ളം ഒഴുകുന്നുണ്ടായിരുന്നു. ഇങ്ങോട്ടേക്ക് ഉരുൾ എത്തിയില്ലെന്ന് ആശ്വസിച്ചു. കൊച്ചേട്ടനെ ഫോണിൽ വിളിച്ചു, കിട്ടിയില്ല. ഉടനെ തൊട്ടപ്പുറത്തെ മറ്റൊരു വീട്ടിലേക്ക് വിളിച്ചു. കൊച്ചേട്ടന്റെ വീടിന്റെ ഭാഗത്ത് ഉരുൾപൊട്ടിയിട്ടുണ്ട്, അവർക്കെന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കാൻ പറഞ്ഞു. അവർ ടോർച്ചടിച്ചു നോക്കി. വീടില്ല... ശരിക്കും ഞെട്ടി!
പെരുമഴയത്ത് അങ്ങോട്ടേക്ക് ഓടിച്ചെന്നു. മൊത്തം ചെളിയായതുകൊണ്ട് ഇറങ്ങിത്തപ്പാനായില്ല. തിരിച്ച് വീട്ടിലെത്തി ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. മുത്തശ്ശിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നീട് കുഞ്ഞിന്റെയും അമ്മയുടെയും ഒരുമിച്ച് കിട്ടി. ഇരുവരും ഒരുമിച്ച് ഉറങ്ങാൻ കിടന്നതാണ്. കിടക്കയോടുകൂടി 40 മീറ്റർ ഒലിച്ചെത്തുകയായിരുന്നു. കൈകൊണ്ട് മണ്ണ് മാന്തിമാന്തിയാണ് അവരെ കണ്ടെത്തിയത്. ആദ്യം കാല് മാത്രമാണ് കണ്ടത്. പിന്നീട് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി. രണ്ടുപേരുടെയും മൃതദേഹവും അടുത്തടുത്തായിരുന്നു. അവരുടെ മുകളിൽ വലിയൊരു കല്ലുണ്ടായിരുന്നു. അത് മാറ്റാൻ ഏറെ പ്രയാസപ്പെട്ടു. മൃതദേഹം കണ്ടിട്ടും ഒരു മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. കുഞ്ഞിന്റെ മുഖമൊക്കെ ചതഞ്ഞ്, കയ്യും കാലും ഒടിഞ്ഞ നിലയിലായിരുന്നു. ഉരുൾ രണ്ടായി തിരിഞ്ഞതുകൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ വീടിനു താഴെയുള്ള 34 വീടുകളുള്ള കോളനിയും ചുറ്റുവട്ടത്തെ 50ഓളം വീടുകളും മണ്ണിനടിയിലായേനെ.
പത്തനംതിട്ടയിൽ ഭീതി ശക്തം
പത്തനംതിട്ട നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളം കയറി. കക്കി അണക്കെട്ടിന്റെ 4 ഷട്ടറുകൾ തുറന്നു. മൂഴിയാർ, മണിയാർ അണക്കെട്ടുകളിൽനിന്നും ചെറിയ തോതിൽ വെള്ളം ഒഴുക്കിവിടുന്നു. പമ്പ, അച്ചൻകോവിൽ ആറ്റുതീരങ്ങളിൽ ജാഗ്രതാനിർദേശമുണ്ട്.
മണിമലയാറിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. പെരിയാറിലെ ജലനിരപ്പ് രാവിലെ കൂടിയിരുന്നെങ്കിലും പിന്നീടു കുറഞ്ഞു. ഇടമലയാർ അണക്കെട്ടിന്റെ 2 ഷട്ടറുകൾ ഉയർത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുംപാടത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ സ്ഥലങ്ങളിൽ കൃഷി വെള്ളത്തിലായി. ഇന്നു കാസർകോട് ഒഴികെയുള്ള ജില്ലകളിലും നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെലോ അലർട്ടുണ്ട്.
വീടും പുരയിടവും കൃഷിയും നഷ്ടപ്പെട്ടവർക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയുടെ മാനദണ്ഡം അനുസരിച്ചുള്ള തുക നൽകുമെന്നു റവന്യു വകുപ്പ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു പണം നൽകും.
മറുനാടന് മലയാളി ബ്യൂറോ