- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റം ചെയ്തതിന് ശേഷം നടപടി എന്നതിൽ നിന്ന് മാറി കുറ്റകൃത്യ സാധ്യത തടയണം; ക്രൈംസ്പോട്ടുകൾ കണ്ടെത്താൻ ഇനി കുടുംബശ്രീ; എറണാകുളം ജില്ലയിലെ പരീക്ഷണം വിജയം; കുടുംബശ്രീയുടെ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'നാശാ മുക്ത് പദ്ധതി'യുടെ ഭാഗമായി
എറണാകുളം: കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് തടയാൻ ക്രൈം സ്പോട്ടുകൾ മാപ്പ് ചെയ്ത് കുടുംബശ്രീ.കേന്ദ്ര സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'നാശാ മുക്ത് പദ്ധതി'യുടെ ഭാഗമായാണ് കുടുംബശ്രീ ക്രൈം മാപ്പിങ് പദ്ധതി നടപ്പാക്കുന്നത്.ഏഴ് തരത്തിലെ കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് ക്രൈം മാപ്പിങ് പദ്ധതി നടത്തുന്നത്. കുറ്റം ചെയ്തതിന് ശേഷം നടപടി എന്നതിൽ നിന്ന് മാറി, കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം, സാമൂഹികം, വാചികം തുടങ്ങിയ ഏഴുതരം വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാണ് ക്രൈം സ്‌പോട്ടുകൾ നിശ്ചയിക്കുക. കുറ്റകൃത്യ രീതിയിൽ വിശകലനം ചെയ്യുന്നതിന് വിദഗ്ദ്ധർ സ്വീകരിക്കുന്ന ക്രൈം മാപ്പിങ്ങിൽ പങ്കാളിയാകുകയാണ് കുടുംബശ്രീ പ്രവർത്തകർ. കുറ്റകൃത്യത്തിന്റെ സ്ഥാനം, കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റകൃത്യത്തിന്റെ തീവ്രത, സംഭവ സമയം കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ, കുറ്റവാളിയുടെ വിശദാംശങ്ങൾ എന്നിവയും കുടുംബശ്രീ പ്രവർത്തകർ രേഖപ്പെടുത്തും.
പദ്ധതിയുടെ പരീക്ഷണഘട്ടം എറണാകുളത്ത് ജില്ലയിലെ 14 പഞ്ചായത്തുകളിലായാണ് നടത്തിയത്.ആദ്യ ഘട്ടത്തിൽ തന്നെ 2,200 സ്‌പോട്ടുകളാണ് കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി കുടുംബശ്രീ കണ്ടെത്തിയിട്ടുള്ളത്.തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളായ നെടുമ്പ്രം, കൊറ്റനാട്, പുറമറ്റം, നാരങ്ങാനം, സീതത്തോട്, തണ്ണിത്തോട്, പള്ളിക്കൽ, തുമ്പമൺ എന്നീ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വിശദമായ സർവേ നടത്തുവാനായി പരിശീലകരുടെ തയ്യാറെടുപ്പുകൾ ഇതിനോടകം പൂർത്തിയാക്കി.തുടക്കത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചാണ് പ്രശ്നങ്ങളുടെയും പ്രദേശത്തിന്റെയും രേഖപ്പെടുത്തൽ നടത്തുന്നത്.
സ്ത്രീകളായിരിക്കും ആദ്യഘട്ടത്തിൽ സർവേയിൽ പങ്കെടുക്കുക. തുടർന്ന് വിവരങ്ങളെ ക്രോഡീകരിച്ച് തദ്ദേശ സ്ഥാപനത്തിൽ റിപ്പോർട്ട് സമർപ്പിക്കുകയും പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയും.ക്രൈം സ്‌പോട്ടിങ്ങിനായി വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹായവും നേടും. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനൊപ്പം ഗാർഹിക പീഡനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ധാരണയില്ലാത്ത സ്ത്രീകൾക്ക് പ്രത്യേക ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് 'സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുക' എന്നതാണ് ഇതിലൂടെ കുടുംബശ്രീ ലക്ഷ്യം വക്കുന്നത്.പരീക്ഷണ അടിസ്ഥാനത്തിൽ 14 പഞ്ചായത്തുകളിൽ നടപ്പാക്കിയ പദ്ധതി അടുത്ത വർഷത്തോടെ എറണാകുളം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.'സ്ത്രീപക്ഷ നവകേരള'ത്തിനായി കുടുംബശ്രീ നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമാണിത്. കുറ്റകൃത്യങ്ങൾ കൂടുന്നയിടങ്ങളുടെയും സാഹചര്യങ്ങളുടെയും സാധ്യതാ കേന്ദ്രങ്ങൾ കണ്ടെത്താൻ പദ്ധതിയിലൂടെ കഴിയും.
മറുനാടന് മലയാളി ബ്യൂറോ