- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കുടുംബശ്രീ നടത്തുന്ന 1116 ജനകീയ ഹോട്ടലുകൾക്കു സബ്‌സിഡി ഇനത്തിൽ സർക്കാർ കൊടുക്കാനുള്ളത് കുടിശിക 30 കോടി; സർക്കാരിന്റെ വാക്കു കേട്ട് കുടുംബശ്രീ ഹോട്ടലുകൾ തുടങ്ങിയവർ ആത്മഹത്യയുടെ വക്കിൽ; വിപണി ഇടപെടലിന്റെ ഹോട്ടൽ മാതൃകയിൽ വമ്പൻ പ്രതിസന്ധി
തിരുവനന്തപുരം: സർക്കാരിന്റെ വാക്കു കേട്ട് കുടുംബശ്രീ ഹോട്ടലുകൾ തുടങ്ങിയവർ ആത്മഹത്യയുടെ വക്കിൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു ഹോട്ടലിന്റെ ഫീസ് കെ എസ് ഇ ബി ഊരിയിരുന്നു. കോടികൾ സബ്‌സിഡിയായി കിട്ടാനുള്ള കടയുടെ വൈദ്യുതിയാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ് ഇബി വിച്ഛേദിച്ചത്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന കണക്കുകൾ വരികയാണ്. സംസ്ഥാനത്ത് കുടുംബശ്രീ നടത്തുന്ന 1116 ജനകീയ ഹോട്ടലുകൾക്കു സബ്‌സിഡി ഇനത്തിൽ സർക്കാർ കൊടുക്കാനുള്ള കുടിശിക 30 കോടി രൂപയാണ്. എറണാകുളം പോലുള്ള ജില്ലകളിൽ കഴിഞ്ഞവർഷം ഏപ്രിൽ മുതലുള്ള തുക കുടിശികയാണ്.
20 രൂപയ്ക്ക് ഊണും 25 രൂപയ്ക്ക് ഊണ് പാഴ്‌സലായും നൽകുന്ന ജനകീയ ഹോട്ടലുകൾക്കു 10 രൂപ വീതമാണ് സർക്കാർ സബ്‌സിഡി. ഈ ഹോട്ടലുകളെല്ലാം കൂടി ദിവസം 2 ലക്ഷത്തോളം ഊണു വിളമ്പുന്നു. പെട്രോൾ വിലയും ഇന്ധന വിലയും എല്ലാം ഇവരേയും ബാധിച്ചിട്ടുണ്ട്. വില വർദ്ധനവിന്റെ കാലത്ത് 20 രൂപയ്ക്ക് ഊണുകൊടുക്കുക അസാധ്യമാണ്. സർക്കാർ ഉറപ്പിൽ ഈ വെല്ലുവിളിയാണ് കുടുംബശ്രീ ഏറ്റെടുത്തത്.
എന്നാൽ, ലക്ഷങ്ങളുടെ സബ്‌സിഡി കുടിശികയായതോടെ മിക്കതിന്റെയും ദൈനംദിന നടത്തിപ്പ് പ്രതിസന്ധിയിലായി. അവശ്യസാധന വിലവർധന മൂലം വലഞ്ഞിരിക്കുമ്പോഴാണ് പാചകവാതക വില കേന്ദ്ര സർക്കാരും വൈദ്യുതി, വെള്ളം നിരക്കുകൾ സംസ്ഥാന സർക്കാരും കൂട്ടിയത്. കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ സപ്ലൈകോ അരി നൽകും. ഹോട്ടലുകളുടെ കണക്ക് കുടുംബശ്രീയുടെ ജില്ലാ, സംസ്ഥാന മിഷനുകൾ പരിശോധിച്ച് സർക്കാരിനു സമർപ്പിക്കുകയും തുടർന്നു ധനവകുപ്പ് തുക അനുവദിക്കുകയുമാണു ചെയ്യുക. ഇതാണ് അട്ടിമറിക്കപ്പെട്ടത്.
എന്നാൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ നടത്തുന്ന 50 സുഭിക്ഷ ഹോട്ടലുകൾക്കു കാര്യമായ കുടിശികയില്ല. ഇവിടെ 20 രൂപയുടെ ഊണിന് 5 രൂപയാണ് സബ്‌സിഡി. ഹോട്ടലുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചെലവായി 10 ലക്ഷം രൂപ നൽകും. വൈദ്യുതി വാട്ടർ ചാർജ്, കെട്ടിടവാടക, മാലിന്യനിർമ്മാർജന ചെലവുകൾ എന്നിവയും അനുവദിക്കും. എന്നാൽ ജനകീയ ഹോട്ടലുകളിൽ പണി കിട്ടുന്ന അവസ്ഥയും. ഇത് ഇരട്ടത്താപ്പാണെന്ന വാദവും സജീവമാണ്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലായി ഇരുപതോളം ഹോട്ടലുകൾ പൂട്ടി. വൈദ്യുതി, വാടക ചെലവുകൾ നൽകാൻ ചില തദ്ദേശ സ്ഥാപനങ്ങൾ മടി കാട്ടുന്നതും ജനകീയ ഹോട്ടലുകൾക്കു വെല്ലുവിളിയാണ്. ഇതിനുപുറമേയാണ് ലക്ഷങ്ങളുടെ സബ്‌സിഡി കുടിശിക. ഗുരുവായൂരിൽ 12 ലക്ഷം രൂപയും പെരുമ്പാവൂരിലും പാലക്കാട്ടും 8 ലക്ഷം രൂപ വീതവും കിട്ടാനുള്ള ഹോട്ടലുകളുണ്ട്.
പട്ടണങ്ങളിലും ഗ്രാമപ്പഞ്ചായത്തിലും ചുരുങ്ങിയത് ഒന്നെന്നതോതിൽ 1180 ജനകീയഹോട്ടലുകൾ ആരംഭിച്ച് നല്ലനിലയിൽ പ്രവർത്തിച്ചത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ, പദ്ധതിക്കായി സർക്കാർ നൽകേണ്ട വിഹിതം നിലച്ചതും ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വിലക്കയറ്റവും കാരണം ജനകീയഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ ഇതിനകംതന്നെ മൂന്നിലൊന്നോളം ജനകീയഹോട്ടലുകൾ പൂട്ടി.
സാധാരണ ഹോട്ടലുകളിൽ ഊണിന് 50 രൂപയെങ്കിലും വേണ്ടിടത്ത് 20 രൂപ കൊടുത്താൽ ഊണ് കിട്ടുമെന്നത് ജനകീയഹോട്ടലുകളെ അതിവേഗം ജനപ്രിയമാക്കി. തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വീട്ടിൽ ഭക്ഷണം പാചകംചെയ്യാൻ പ്രയാസമായവർക്കുമെല്ലാം ഏറെ ഉപകാരപ്പെടുന്ന സംവിധാനമാണ് ജനകീയ ഹോട്ടലും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള സുഭിക്ഷാ ഹോട്ടലും.
2009-10 കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായപ്പോൾ 10-15 രൂപ നിരക്കിൽ ഊണ് ലഭ്യമാക്കാൻ മാവേലിഹോട്ടലുകൾ ആരംഭിച്ച് പുതിയൊരു മാതൃക സൃഷ്ടിച്ചിരുന്നു. ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലുംമറ്റുമായി 97 മാവേലിഹോട്ടലുകൾ തുടങ്ങിയത് രണ്ടുവർഷം കഴിയുമ്പോഴേക്കും 33 എണ്ണമായി കുറഞ്ഞു. ക്രമേണ പൂർണമായും പ്രവർത്തനരഹിതമായി. ഇതു തന്നെ പുതിയ പദ്ധതിക്കും സംഭവിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ