തൃശൂർ: ഗുരുവായൂരിലെ കക്കുകളിയിൽ വിവാദം. ഗുരുവായൂർ നഗരസഭയ്ക്ക് എതിരെയാണ് വിവാദം. ഗുരുവായൂരിലെ സെന്റ് ആന്റണീസ് ചർച്ച് പി ആർ ഒ തന്നെ വിമർശനവുമായി രംഗത്തു വന്നു. ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചാണ് നഗരസഭ ഇത്തരത്തിൽ ഒരു സർഗോത്സവം നടത്തുന്നത്? ആരാണ് കാണികൾ? ക്രൈസ്തവരാണോ? വളരെ വിരലിലെണ്ണാവുന്ന ക്രൈസ്തവർ ഒരുപക്ഷേ അവിടെ ഉണ്ടായിരിക്കാം. ബാക്കി വരുന്ന ഭൂരിപക്ഷം മതവിഭാഗത്തിനു മുന്നിൽ ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.-ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ആന്റോ എൽ പൂത്തൂർ ആരോപിച്ചു

നേരത്തേയും കുക്കുകളിയിൽ ചർച്ചകൾ നടന്നിരുന്നു. കമ്യൂണിസത്തോട് ചേർന്ന് നിൽക്കുന്നതാണ് ഇതിവൃത്തം. കറുത്തവളായ നടാലിയ കന്യാസ്ത്രീമഠത്തിലെത്തുമ്പോൾ സിൻഡ്രലയെപ്പോലെ മഠത്തിലെ രണ്ടാനമ്മമാരുടെ ക്രൂരദാസ്യത്തിന് വിധേയയാകുന്നുണ്ട് .അപ്പൻ മരിച്ചു കിടന്നപ്പോൾ പോക്കറ്റിൽനിന്നു കിട്ടിയ പുളിങ്കുരുകിഴിയും തന്റെ പ്രിയ കമ്പോടുമിട്ട തകര ടിന്നും മഠത്തിന്റെ മുറ്റത്ത് കുഴിച്ചിടാൻ പറഞ്ഞപ്പോൾ അവൾ അതിനുമുകളിൽ ഒരു തെച്ചിക്കമ്പുകുത്താൻ മറക്കുന്നില്ല. അതിന്റെ കാരണമാകട്ടെ അവളുടെയുള്ളിൽ അപ്പന്റെ ഓർമകൾപോലെ മരിക്കാത്ത ഒരു കമ്യൂണിസ്റ്റ് മനസ്സ് ഉള്ളതുകൊണ്ടാണെന്ന് വിശദീകരിക്കുന്ന തരത്തിലാണ് നാടകം. ഈ നാടകത്തിനെതിരെയാണ് പ്രതിഷേധം.

ആന്റോ എൽ പുത്തൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

പ്രിയപ്പെട്ടവരേ,

ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ സർഗ്ഗോത്സവം നടന്നു വരികയാണ്. ഇന്ന് അവിടെ കളിക്കുന്ന നാടകത്തിന്റെ പേരാണ് 'കക്കുകളി'.

*എന്താണ് കക്കുകളി?
ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ഈ നാടകം.
നദാലിയ എന്ന ദരിദ്ര യുവതിയെ മഠത്തിൽ ചേർക്കുന്നതും മഠത്തിലെ പീഡനവും ക്രൂരതയും ലൈംഗിക ചൂഷണവും കണ്ടു മഠം വിട്ടു പുറത്തുവരുന്നതുമാണ് ഇതിവൃത്തം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും ഈ സമൂഹത്തിൽ കാട്ടിക്കൂട്ടാം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ നാടകം.
സഭാസംവിധാനങ്ങളെ അങ്ങേയറ്റം കളിയാക്കുന്ന, നുണപറഞ്ഞു പരത്തുന്ന ഈ നാടകം അങ്ങേയറ്റം പ്രതിഷേധാതാർഹമാണ്.

എന്തുകൊണ്ട് ഗുരുവായൂരിൽ?

ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചാണ് നഗരസഭ ഇത്തരത്തിൽ ഒരു സർഗോത്സവം നടത്തുന്നത്? ആരാണ് കാണികൾ? ക്രൈസ്തവരാണോ? വളരെ വിരലിലെണ്ണാവുന്ന ക്രൈസ്തവർ ഒരുപക്ഷേ അവിടെ ഉണ്ടായിരിക്കാം. ബാക്കി വരുന്ന ഭൂരിപക്ഷം മതവിഭാഗത്തിനു മുന്നിൽ ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

സാമൂഹിക പരിഷ്‌കർത്താക്കളായി വേഷമിടുന്ന രാഷ്ട്രീയക്കാർ പലരുടെയും മക്കൾ എവിടെയാണ് പഠിക്കുന്നത്, പഠിച്ചിറങ്ങിയത്? വീടിന്റെ 500 മീറ്റർ ചുറ്റളവിൽ സർക്കാർ/മറ്റു സ്‌കൂൾ ഉണ്ടായിരിക്കെ കിലോമീറ്ററുകൾക്കപ്പുറത്തു ഇതേ കന്യാസ്ത്രീകൾ നടത്തുന്ന സ്‌കൂളിൽ, കോളേജുകളിൽ മക്കളെ പഠിപ്പിക്കുമ്പോൾ, പഠിപ്പിച്ചപ്പോൾ അവിടുത്തെ PTA പോലുള്ള സംവിധാനങ്ങളുടെ തലപ്പതിരുന്നു കന്യാസ്ത്രീകളുടെ മികവിനെ വാനോളം പുകഴ്‌ത്തിയവക്കു ഗുരുവായൂർ പോലുള്ള മതസൗഹാർധത്തിന് പേരുകേട്ട സ്ഥലത്തു, അതിൽ വിള്ളലുണ്ടാക്കാൻ എങ്ങനെ കഴിയുന്നു??

എന്താണ് വൈദികരും കന്യാസ്ത്രീകളും ചെയ്ത തെറ്റ്? സ്വന്തം ജീവിതം ഉപേക്ഷിച്ച് ബ്രഹ്‌മചര്യ വൃതമെടുത്തു പൊതുസമൂഹത്തിനും സഭയ്ക്കും വേണ്ടി ജീവിച്ചതോ? എല്ലാ ജാതി, മതവിഭാഗത്തെയും ഒരു ബഞ്ചിലിരുത്തി പഠിപ്പിച്ചതോ? തങ്ങൾക്കു കിട്ടുന്ന ശമ്പളം മഠത്തിൽ തന്നെ തിരിച്ചേല്പിച്ചു നാടായ നാടൊക്കെ കോളേജുകളും, സ്‌കൂളുകളും ആശുപത്രികളും പണിത്തുയർത്തിയതോ? സമൂഹത്തിൽ നിന്നു പുറംതള്ളിയവരെ, മാനസിക രോഗികളെ, ഭിന്നശേഷിക്കാരെ, നടതള്ളിയ മാതാപിതാക്കളെ, അനാഥ കുഞ്ഞുങ്ങളെ കുളിപ്പിച്ചു ചോറുവാരികൊടുത്തു ആരോടും പരിഭവമില്ലാതെ പരിചരിച്ചതാണോ അവർ ചെയ്ത തെറ്റ്?
അങ്ങേയറ്റം പ്രതിഷേധം അറിയിക്കുന്നു. ഇനിയും വൈകിയിട്ടില്ല. കഴിയുമെങ്കിൽ ഇതുപേക്ഷിക്കാൻ ബന്ധപ്പെട്ടവരോട് അപേക്ഷിക്കുന്നു.

ആന്റോ എൽ പുത്തൂർ
PRO, സെന്റ് ആന്റണീസ് ചർച്, ഗുരുവായൂർ