- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാര്‍ കുമ്പഴ ഗവ സ്‌കൂളിന് സമീപം എതിരെ എത്തിയ ചരക്കുലോറിയിലേക്ക് പാഞ്ഞു കയറി; സിപിഎം നേതാവിന്റെ മകന്റെ മരണം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ; ഇരു വാഹനങ്ങളും നേര്‍ക്ക് നേര് ഇടിച്ചു; എയര്‍ബാഗ് പ്രവര്‍ത്തിച്ചിട്ടും ആദര്‍ശിന് രക്ഷയുണ്ടായില്ല; കുമ്പഴയില്‍ സംഭവിച്ചത്
കൊല്ലം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന്‍ ആദര്‍ശ് മരിച്ചതിന് പിന്നില്‍ കാറിന്റെ അമിത വേഗതയെന്ന് പ്രാഥിമക നിഗമനം. പോലീസും മോട്ടോര്‍ വാഹന വകുപ്പും വിശദ അന്വേഷണം നടത്തും. ആദര്‍ശ് ഓടിച്ച കാറിന് നിയന്ത്രണം വിട്ടതാണ് ദുരന്തമുണ്ടാക്കിയത്.
തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ് ആദര്‍ശ്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രാത്രി എട്ടരയോടെയാണ് അപകടം. കാറില്‍ യാത്ര ചെയ്യുകയായിരുന്നു ആദര്‍ശ്. നിയന്ത്രണം വിട്ട കാര്‍ എതിര്‍ വശത്തൂകൂടെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ അടുത്ത വീടിന്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിക്കിടന്ന ആദര്‍ശിനെ ഫയര്‍ഫോഴ്‌സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് നിന്നുള്ള സി.പി.എം സംസ്ഥാന സമിതിയംഗമാണ് എസ്.രാജേന്ദ്രന്‍. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്നു. തിരുവനന്തപുരം ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്‍ണമിയിലായിരുന്നു മകന്‍ ആദര്‍ശിന്റെ താമസം. ഇന്നലെ രാത്രി 8.30 ന് പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മൈലപ്രയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ വച്ച് ഇരുവാഹനങ്ങളും നേര്‍ക്കുനേരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വട്ടം കറങ്ങിയ കാര്‍ അടുത്തുള്ള വീടിന്റെഗേറ്റ് ഇടിച്ചു തകര്‍ത്താണ് നിന്നത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഹോണ്ട സിറ്റി കാറില്‍ റാന്നിയില്‍ നിന്ന് കുമ്പഴ ഭാഗത്തേക്ക് വരികയായിരുന്നു ആദര്‍ശ്. അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാര്‍ കുമ്പഴ ഗവ.സ്‌കൂളിന് സമീപം വച്ച് എതിരെ എത്തിയ ചരക്കുലോറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
കാറിനുള്ളില്‍ എയര്‍ ബാഗ് ഉണ്ടായിട്ടും രക്ഷയുണ്ടാകാത്ത വിധമായിരുന്നു ഇടി. കാറില്‍ യുവാവ് കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ആദര്‍ശ്. തിരുവനന്തപുരം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഡെപ്യൂട്ടി ജനറല്‍ മാനേജറാണ്. ദേശാഭിമാനി ഓണ്‍ലൈന്‍ മുന്‍ അസിസ്റ്റന്റ് മാനേജരുമായിരുന്നു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ 45 മിനിറ്റോളം ഗതാഗതകുരുക്കുണ്ടായി. ഇത് പിന്നീട് പുന:സ്ഥാപിച്ചു. ലോറി ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ലോറിയുടെ ആക്‌സിലും പ്ലേറ്റും ഒടിഞ്ഞു.