പത്തനംതിട്ട: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങൾ വരെ ഫൈവ്സ്റ്റാർ ഹോട്ടൽ പോലെയാണെന്നാണ് മന്ത്രിമാർ പറയുന്നത്. പൊതുമരാമത്ത് റസ്റ്റ് ഹൗസ് അടക്കമുള്ള അതിഥി മന്ദിരങ്ങൾ മുഖം മിനുക്കി ആഡംബര ഹോട്ടലുകളെ തോൽപ്പിക്കുമെന്നും അവകാശവാദമുണ്ട്.

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് രണ്ട് സർക്കാർ അതിഥി മന്ദിരങ്ങളുണ്ട്. ഒന്ന് പൊതുമരാമത്ത് റസ്റ്റ് ഹൗസും രണ്ടാമത്തേത് അഴൂരിലെ കെടിഡിസിയുടെ ഗസ്റ്റ് ഹൗസുമാണ്. എന്നാൽ, നവകേരള സദസിന് പത്തനംതിട്ടയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി തങ്ങിയത് കുമ്പഴയിലുള്ള ത്രീ സ്റ്റാർ ബാർ ഹോട്ടലായ ഹിൽസ് പാർക്കിലാണ്. ഒപ്പമുള്ള മന്ത്രിമാരിൽ ചിലർ സർക്കാർ അതിഥി മന്ദിരങ്ങൾ വിശ്രമത്തിന് ഉപയോഗിച്ചു.

സർക്കാരിന്റെ നേട്ടമായി എടുത്തു കാട്ടുന്ന അതിഥി മന്ദിരങ്ങളുടെ നവീകരണം പക്ഷേ, മുഖ്യമന്ത്രി സ്വകാര്യ ആഡംബര ഹോട്ടലിനെ ആശ്രയിച്ചതോടെ പൊളിഞ്ഞുവെന്ന് പറയപ്പെടുന്നത്. പത്തനംതിട്ട വൺവേ റോഡിൽ മാർത്തോമ്മ എച്ച്എസ്എസിന് എതിർവശത്തായുള്ള പൊതുമരാമത്ത് റസ്റ്റ്ഹൗസ് അടുത്തിടെ നവീകരിച്ചു. വിഐപി റൂം അടക്കം ആവശ്യമായ സൗകര്യങ്ങളും വെടിപ്പും വൃത്തിയുമുള്ളതാക്കിയിട്ടുമുണ്ട്്. മതിൽക്കെട്ടിനകത്ത് കെട്ടിടത്തെ ചുറ്റി ആവശ്യമായ സുരക്ഷയൊരുക്കാനും കഴിയും.

അഴൂരിലെ കെടിഡിസി ഗസ്്റ്റ് ഹൗസും സുരക്ഷ ഏറെയുള്ളതാണ്. അതിനൊപ്പം തന്നെ സൗകര്യങ്ങളും ഇവിടെയുണ്ട്. മിക്കവാറും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും ഇവിടെയാണ് ചെലവഴിക്കാറുള്ളത്. ഇതൊക്കെ ഉണ്ടായിരിക്കേയാണ് മുഖ്യമന്ത്രി കുമ്പഴയിലെ ആഡംബര ഹോട്ടലിലേക്ക് പോയത്. ഏറെ നാളായി തകർന്നു കിടക്കുകയായിരുന്ന പത്തനംതിട്ട-കുമ്പഴ റോഡ് ഇതു കാരണം താൽക്കാലികമായി സഞ്ചാരയോഗ്യമാക്കിയിരുന്നു. കണ്ണങ്കര മുതൽ കുമ്പഴ വരെ ഈ റോഡിലൂടെയുള്ള സഞ്ചാരം നരകതുല്യമായിരുന്നു.

സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മണ്ഡലകാലം വന്നിട്ടു പോലും റോഡ് നന്നാക്കാനുള്ള ശ്രമം ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം ധൃതിപിടിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കിയിരുന്നു.