തൃശൂർ: കുണ്ടന്നൂരിൽ വെടിക്കെട്ട് അപകടം നടന്ന വെടിക്കെട്ടുപുര പ്രവർത്തിച്ചത് അനധികൃതമായാണെന്ന് കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റ പടക്കനിർമ്മാണ തൊഴിലാളി മണികണ്ഠൻ (55) മരിച്ചിരുന്നു. ചേലക്കര സ്വദേശി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിലായിരുന്നു. ജില്ലയിൽ കൂടുതൽ വെടിക്കെട്ട് കരാറുകാരുള്ള ഗ്രാമമാണ് കുണ്ടന്നൂർ. പ്രശസ്തനായ വെടിക്കെട്ട് കലാകാരൻ കുണ്ടന്നൂർ സുന്ദരൻ തൃശ്ശൂർ പൂരം വെടിക്കെട്ട് അപകടത്തിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം ശബരിമലയിലുണ്ടായ കതിന അപകടത്തിലും കുണ്ടന്നൂർ സ്വദേശിയുടെ പേരിലായിരുന്നു ലൈസൻസ്.

താത്കാലികമായി കെട്ടിയുണ്ടാക്കിയ വെടിക്കെട്ടുപുരയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് ഡെപ്യൂട്ടി കളക്ടർ യമുനാദേവി പറഞ്ഞു. വെടിക്കെട്ട് പുരയുടെ ലൈസൻസി ശ്രീനിവാസന്റെ ലൈസൻസ് റദ്ദാക്കിയതായും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കളക്ടർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ വെടിക്കെട്ടുപുര പ്രവർത്തിക്കുന്നതായി അറിയിച്ചിരുന്നില്ല. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം സർക്കാർ തലത്തിലാണ് കൈക്കൊള്ളേണ്ടതെന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. അപകടത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത കുണ്ടന്നൂർ ശ്രീനിവാസൻ, സുന്ദരാക്ഷൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പുക ഉയരുന്നത് കണ്ട് ഓടിയെത്തി വെള്ളം ഒഴിച്ചുകെടുത്താൻ ശ്രമിച്ച ചേലക്കര സ്വദേശി മണികണ്ഠനാണ് അപകടത്തിൽപെട്ടത്. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന നാല് തൊഴിലാളികളും കുളിക്കാനായി പോയതായിരുന്നു. സോപ്പെടുക്കാൻ മണികണ്ഠൻ തിരിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയിൽ വലിയ പ്രകമ്പനം ഉണ്ടായി. സമീപത്തെ വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. ജനൽചില്ലുകളും വാതിലുകളും തകർന്നു.

മരിച്ച മണികണ്ഠനും കുളിക്കാൻ പോയിരുന്നെങ്കിലും സോപ്പ് എടുക്കാൻ മറന്ന് തിരിച്ചു വന്നതിനാൽ അപകടത്തിൽ പെടുകയായിരുന്നു. ഈ സമയം വെടിക്കെട്ടുപുരയിൽ തീപ്പൊരി കണ്ട മണികണ്ഠൻ വെള്ളമൊഴിക്കുകയും അമിട്ടിന്റെ കളർഗുളികകൾ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് ശേഷിച്ചത് വലിയ കുഴി മാത്രമാണ്. പരിസരത്തെ തെങ്ങുകളെല്ലാം കത്തി. പത്തു കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ ശബ്ദം ഭയപ്പാടുണ്ടാക്കി. അലുമിനിയം പൊടി ഉൾപ്പെടെയുള്ള വെടിമരുന്ന് മിശ്രിതങ്ങൾ കത്തിത്തുടങ്ങും മുൻപ് വിയർപ്പുതുള്ളിപോലും വീഴാതെ നോക്കണം. മിശ്രിതത്തിലേക്ക് വെള്ളം വീഴുമ്പോൾ വല്ലാതെ ചൂടാകും. ഇതുമൂലമുണ്ടാകുന്ന കടുത്ത ഊർജമാണ് സ്‌ഫോടനത്തിനിടയാക്കുന്നത്.

ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ പ്രകമ്പനം കൊള്ളിക്കുന്ന രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഭൂചലനമാണെന്ന് ആദ്യം പലരും കരുതി. ജില്ലയിലെ പ്രധാന വെടിക്കെട്ട് കരാറുകാരനായ കുണ്ടന്നൂർ സുന്ദരാക്ഷന്റെ സ്ഥലത്താണ് പടക്കനിർമ്മാണശാല. എന്നാൽ, കുണ്ടന്നൂരിലെ ശ്രീനിവാസന്റെ പേരിലാണ് ലൈസൻസ്. സമീപത്തെ പൂരങ്ങൾക്കും പെരുന്നാളുകൾക്കുമുള്ള വെടിക്കോപ്പുകളാണ് ഇവിടെ നിർമ്മിച്ചിരുന്നത്. കുണ്ടന്നൂർ കർമലമാതാ പള്ളിക്കു പിന്നിലെ വടക്കാഞ്ചേരിപ്പുഴയോരത്താണ് വെടിക്കെട്ടുപുരയുള്ളത്.

സ്‌ഫോടനത്തിൽ കുണ്ടന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം ഉണ്ടായി. ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാ വീടുകളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പത്തു കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ വലിയ കെട്ടിടങ്ങളായ കുണ്ടന്നൂർ കർമലമാതാ പള്ളിയിലും സമീപത്തെ കുണ്ടന്നൂർ സെയ്ന്റ് ജോസഫ് യു.പി. സ്‌കൂളിലും വലിയ നാശമുണ്ടായി. സ്‌കൂളിന്റെ മൂന്നുനിലക്കെട്ടിടത്തിലെ ചില്ലു കൊണ്ടുള്ള 68 ജനൽപ്പാളികൾ തകർന്നു. അലുമിനിയം ഫ്രെയിമുകളും ചില്ലുകളും സമീപത്തെ റോഡിൽ ചിതറിക്കിടക്കുകയാണ്.

വെടിക്കെട്ടുശാലകൾക്ക് ജില്ലാ ഭരണകൂടം നൽകുന്ന ലൈസൻസ് പരമാവധി 15 കിലോ വെടിമരുന്ന് ഉപയോഗിക്കാൻ. നിലച്ചക്രവും പൂക്കുറ്റിയും മാത്രം നിർമ്മിക്കാനുള്ള അനുമതിയാണ് മിക്ക വെടിക്കെട്ടുശാലകൾക്കും നൽകുക. എന്നാൽ, ഇതിന്റെ മറവിൽ നിർമ്മിക്കുന്നത് ടൺ കണക്കിന് വെടിമരുന്ന് സാമഗ്രികളാണ്. കതിനമരുന്ന്, അമിട്ട്, ഗുണ്ട്, പടക്കങ്ങൾ എന്നിവയാണ് നിർമ്മിക്കുന്നതിലേറെയും. പുറ്റിങ്ങൽ ക്ഷേത്ര അപകടം നടന്നതിനുശേഷം മുകളിലേക്കുപോകുന്ന വെടിക്കെട്ടുസാമഗ്രികൾ നിർമ്മിക്കാനുള്ള അനുമതി ആർക്കും നൽകാറില്ല. തൃശ്ശൂർ പൂരത്തിന് മാത്രമാണ് ഇത്തരം അനുമതി നൽകുന്നത്. അതാകട്ടെ, കർശന പരിശോധന നടത്തിയ ശേഷമാണ് വെടിക്കെട്ടിന് അനുമതി നൽകുന്നതും.

കുണ്ടന്നൂരിൽ മൂന്നാംതവണയാണ് നിർമ്മാണസ്ഥലത്ത് പൊട്ടിത്തെറിയുണ്ടാകുന്നത്. വേലൂരിലും അത്താണിയിലും വർഷങ്ങൾക്കുമുമ്പ് നിർമ്മാണകേന്ദ്രത്തിലെ സ്ഫോടനത്തിൽ നിരവധി മരണങ്ങളുണ്ടായിരുന്നു. ദുരന്തമുണ്ടായാൽ ഒരു മാസം കാര്യമായ പരിശോധനകൾ എല്ലാ വകുപ്പുകളും നടത്തും. പിന്നീട് ഒന്നുമുണ്ടാകാറില്ല. സ്ഫോടനത്തിൽ ഒന്നും ശേഷിക്കാത്തതിനാൽ പടക്കനിർമ്മാണശാലയിൽ പൊട്ടാസ്യം നൈട്രേറ്റ് ഉൾപ്പെടെയുള്ള നിരോധിച്ച ഇനങ്ങൾ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ലെന്നാണ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. അമിട്ടിന്റെ ഗുളിക തയ്യാറാക്കുകയായിരുന്നു തൊഴിലാളികളെന്നാണ് കരുതുന്നത്.

നിരോധിത ഘടകങ്ങളൊന്നും ഉപയോഗിക്കുന്നില്ലെന്നാണ് വെടിക്കെട്ട് നിർമ്മാണത്തൊഴിലാളി സംഘടനയുടെ സംസ്ഥാന ഭാരവാഹികൂടിയായ കുണ്ടന്നൂർ ജനാർദനൻ പറഞ്ഞത്. വൈദഗ്ധ്യമുള്ള ശിവകാശി തൊഴിലാളികളുടെ സാന്നിധ്യത്തിലാണ് ഇവിടെ പണി നടന്നിരുന്നത്.