മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽനിന്ന് മരിച്ച 12 പേരെ ഒരു ഖബറിൽ അടക്കം ചെയ്യും. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 12 പേരെയാണ് ഒരേ ഖബറിൽ അടക്കം ചെയ്യുക. ഒരു വീട്ടിലെ 12 പേർ ഒരു ദിവസം കൊണ്ട് ഇല്ലാതാകുക, അതും സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും എട്ടു കുട്ടികളും. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല.

പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽനിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേർ. മരിച്ചവരിൽ ഒമ്പതുപേർ ഒരു വീട്ടിലും മൂന്നുപേർ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരിൽ മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്.

പെരുന്നാൾ അവധിക്ക് ഒത്തു ചേർന്ന് സന്തോഷത്തിന്റെ നാളുകൾ കണ്ണീരിൽ കുതിരുകയാണ്. പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു ആ കുഞ്ഞു വീട്ടിൽ. കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. ഞായറാഴ്ച അവധി ദിവസമായതു കൊണ്ട് തന്നെ കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരം സഞ്ചരിക്കാൻ തീരുമാനിക്കുന്നത്. അത് ദുരന്തമായി മാറി.

സൈതലവി തന്നെയായിരുന്നു എല്ലാവരേയും കട്ടാങ്ങലിൽ എത്തിച്ചത്. തിരിച്ച് വീട്ടിലെത്തി കുറച്ചുനേരം കഴിഞ്ഞ ശേഷം സൈതലവി ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോൾ അപ്പുറത്ത് നിന്ന് നിലവിളികളായിരുന്നു, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ നിലവിളിയോടെ അറിയിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ സൈതലവി നിന്നു. അതിവേഗം സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു അദ്ദേഹം.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഓടിച്ചെന്ന് എത്തിയപ്പോഴേക്കും സൈതലവി കാണുന്ന കാഴ്ച, ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന മകളുടെ മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തേക്കെടുക്കുന്നതായിരുന്നു. കണ്ടു നിൽക്കുന്നവരെ ആകെ കണ്ണീരിലാഴ്‌ത്തുന്ന രംഗമായിരുന്നു അത്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ സൈതലവി കുട്ടികളോടും ഭാര്യമാരോടും നിർബന്ധപൂർവ്വം പറഞ്ഞിരുന്നു, ഒരു കാരണവശാലും ബോട്ടിൽ കയറരുത് എന്ന്. പക്ഷേ ആഹ്ലാദ നിമിഷത്തിൽ അതവർ മറന്നു.

അപകടത്തിൽ കുന്നുമ്മൽ ജാബിറിന്റെ ഭാര്യയും (ജൽസിയ) മകനും (ജരീർ), കുന്നുമ്മൽ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈലവിയുടെ ഭാര്യ (സീനത്ത്) നാല് മക്കളും (ഷംന, ഹസ്‌ന, സഫ്‌ന) എന്നിവരാണ് മരിച്ചത്. പത്ത് മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും ഇനിയില്ല. ഇനി ആ കുടുംബത്തിൽ അവശേഷിക്കുന്നത് മാതാവും മൂന്ന് ആൺമക്കളും പിന്നെ പരിക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേർ മാത്രം.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ചത്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി വരികയാണ്. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

സെയ്തലവിയും സിറാജും ഒഴികെ കുടുംബത്തിലുള്ള എല്ലാവരും ഉല്ലാസയാത്രയ്ക്കായി കെട്ടുങ്ങൽ അഴിമുഖത്തെ അറ്റ്‌ലാന്റിക് ബോട്ടിൽ യാത്ര ചെയ്തിരുന്നു. ഞായറാഴ്ച ആയതിനാൽ ഉല്ലസിക്കാനായി മക്കളുമൊത്ത് പുറത്തുപോയതായിരുന്നു ഇരുവരുടേയും ഭാര്യമാരും കുട്ടികളും. ഞായറാഴ്ച ഉല്ലാസയാത്ര പോയത് തന്നെ ബോട്ടിൽ കയറണമെന്ന കുട്ടികളുടെ ആഗ്രഹമായിരുന്നു. ആർക്കും തന്നെ അപകടത്തെ അതിജീവിക്കാൻ കഴിഞ്ഞതുമില്ല.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹങ്ങൾ പോസ്റ്റുമാർട്ടം ചെയ്തത്. സെയ്തലവിയുടെ കുടുംബം കണ്ണീർക്കടലായി മാറിയിരിക്കുകയാണ്. രണ്ടു കുടുംബത്തിനും അന്തിമോപചാരം അർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് ഇരു കുടുംബത്തിന്റെയും വീടുകളിൽ എത്തിയിരിക്കുന്നത്. മക്കളെയും ഭാര്യമാരെയും നഷ്ടപ്പെട്ട് ഹൃദയവേദന താങ്ങാനാവാത്ത നിലയിലാണ് സഹോദരങ്ങളായ സെയ്തലവിയും സിറാജും ബന്ധുവായ ജാബിറും.